ലണ്ടന്‍: ലഹരിപാനീയങ്ങളില്‍ വിസ്‌കിക്കും വോഡ്കക്കും യുകെയില്‍ ഒരു എതിരാളി. ജിന്‍ ആണത്രേ ജനങ്ങള്‍ക്ക് ഇപ്പോള്‍ ഏറ്റവും പ്രിയം. കഴിഞ്ഞ വര്‍ഷം 47 ദശലക്ഷം കുപ്പി ജിന്‍ ആണ് ബ്രിട്ടനിലെ ജനങ്ങള്‍ കുടിച്ചു തീര്‍ത്തത്. 2015നെ അപേക്ഷിച്ച് 70 ലക്ഷം കുപ്പികള്‍ അധികമാണ് ഇത്. 29 ശതമാനം ഉപയോക്താക്കളും തങ്ങളുടെ ഫേവറിറ്റ് ഡ്രിങ്ക് ആണെന്ന് വിധിയെഴുതിയതോടെ മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്തേക്ക് ഒരു വര്‍ഷത്തിനുള്ളിലാണ് ജിന്‍ കുതിച്ചെത്തിയത്. വിസ്‌കിക്ക് 25 ശതമാനവും വോഡ്കയ്ക്ക് 23 ശതമാനവും പിന്തുണ മാത്രമാണ് ലഭിച്ചത്.

വൈന്‍ ആന്‍ഡ് സ്പിരിറ്റ് ട്രേഡ് അസോസിയേഷനാണ് ഈ കണക്കുകള്‍ പുറത്തു വിട്ടത്. പബ്ബുകളില്‍ 8.8 മില്യന്‍ കുപ്പി ജിന്‍ ആണ് വിറ്റഴിഞ്ഞത്. ബാറുകളിലും റെസ്റ്റോറന്റുകളിലും 729 മില്യന്‍ പൗണ്ടിന്റെ കച്ചവടം ഈ കാലയളവില്‍ നടന്നു. ഷോപ്പുകളിലൂടെയും സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെയും 38.7 ദശലക്ഷം കുപ്പി ജിന്‍ വിറ്റഴിഞ്ഞിട്ടുണ്ട്. സെപ്റ്റംബര്‍ വരെയുള്ള 12 മാസത്തെ കാലയളവില്‍ കടകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെയുമുള്ള ജിന്‍ വില്‍പനയില്‍ 26 ശതമാനം വര്‍ദ്ധനയുണ്ടായി. ഇതിന്റെ മൂല്യം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 34 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ബീഫ്, സോഫ്റ്റ് ഡ്രിങ്ക് കയറ്റുമതിയെ പിന്നിലാക്കിക്കൊണ്ട് ജിന്‍ കയറ്റുമതി കുതിക്കുകയാണെന്ന് എച്ച്എംആര്‍സിയുടെ കണക്കുകളും സൂചിപ്പിക്കുന്നു. നിലവില്‍ നൂറിലേറെ ബ്രാന്‍ഡുകളാണ് യുകെയില്‍ ലഭ്യമായിട്ടുള്ളത്. ബ്രിട്ടീഷ് ജനത ഇവ മാറി മാറി പരീക്ഷിക്കുകയാണെന്ന് വൈന്‍ ആന്‍ സ്പിരിറ്റ് അസോസിയേഷന്‍ വ്യ്ക്തമാക്കുന്നു. ബ്രിട്ടനിലെ മദ്യവ്യവസായത്തിന്റെ ആകെ മൂല്യം സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 1.2 ബില്യന്‍ പൗണ്ടിന്റേതായി മാറിയിട്ടുണ്ട്. 2011ല്‍ 630 മില്യന്‍ മാത്രമായിരുന്നു ഇത്.