മോസ്‌കോ: ബ്രേക്ക് ടൈമിനു ശേഷം തിരികെ ക്ലാസ് മുറിയിലാക്കാന്‍ അധ്യാപിക മറന്നതിനെത്തുടര്‍ന്ന് മൂന്ന് വയസ്സുകാരി കടുത്ത ശൈത്യത്തില്‍ കൊല്ലപ്പെട്ടു. കളിസ്ഥലത്തിന് സമീപത്തുണ്ടായിരുന്ന മഞ്ഞുകൂനയില്‍ നിന്നാണ് സാഖ്‌റ സായേവ എന്ന കുട്ടിയുടെ ശരീരം പിന്നീട് കണ്ടെത്തിയത്. ഈ സമയത്ത് മൈനസ് 5 ഡിഗ്രിയില്‍ താഴെയായിരുന്നു പ്രദേശത്തെ താപനില. പുറത്ത് കളിക്കാന്‍ വിട്ട കുട്ടികള്‍ക്കൊപ്പം സാഖ്‌റയെ ക്ലാസിലേക്ക് തിരിച്ചെത്തിക്കാന്‍ കിന്റര്‍ഗാര്‍ട്ടന്‍ അധ്യാപിക മറന്നു പോകുകയായിരുന്നു. കിന്റര്‍ഗാര്‍ട്ടന്‍ നമ്പര്‍ 2120 എന്ന നഴ്‌സറി സ്‌കൂളിലാണ് അധികൃതരുടെ അനാസ്ഥ മൂലം മൂന്ന് വയസ്സുകാരി മരണപ്പെട്ടതെന്ന് മാഷ് ന്യൂസ് ഔട്ട്‌ലെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കുട്ടി ക്ലാസിന് പുറത്താണെന്ന കാര്യം രണ്ട് മണിക്കൂറിന് ശേഷമാണ് ജീവനക്കാര്‍ ഓര്‍ത്തത്. കുട്ടിയുടെ ദാരുണാന്ത്യം സംബന്ധിച്ച് റഷ്യന്‍ ഇന്‍വെസ്റ്റിഗേറ്റീവ് കമ്മറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗൗരവമേറിയ കേസുകള്‍ മത്രം കൈകാര്യം ചെയ്യുന്ന അന്വേഷണ എജന്‍സിയാണ് റഷ്യന്‍ ഇന്‍വെസ്റ്റിഗേറ്റീവ് കമ്മറ്റി. സ്ഥാപനത്തിലെ അധ്യാപകരെയും ജോലിക്കാരെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. എന്നാല്‍ കുട്ടിയുടെ മാതാപിതാക്കളായ റിസ്വാന്‍ സായേവ്, ഗുല്‍നാറ ഷാഖാദത്ത് എന്നിവരുടെ മൊഴി മാനസികനില പരിഗണിച്ച് എടുത്തിട്ടില്ല. ഒരു മാതാപിതാക്കള്‍ക്കും ഇങ്ങനെയൊരു ഗതി വരുത്തെരുതെന്ന് കുട്ടിയുടെ കുടുംബ സുഹൃത്ത് റാമില്‍ പറഞ്ഞു.

കുട്ടി ഒറ്റയ്ക്ക് ഏറെ നേരം പുറത്തായിരുന്നില്ലെന്ന് കിന്റര്‍ ഗാര്‍ട്ടന്‍ അധികൃതര്‍ അവകാശപ്പെട്ടതായി റാമില്‍ പറയുന്നു. രാവിലെ 11 മണിയെന്നത് കുട്ടികളെ കളിക്കാന്‍ വിടുന്ന സമയമാണ്. ഉച്ചയ്ക്ക് ഭക്ഷണ സമയത്താണ് കുട്ടി നിലത്ത് നിലത്ത് വീണ് കിടക്കുന്നതായി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതെന്നാണ് താന്‍ ചോദിച്ചപ്പോള്‍ അധ്യാപകര്‍ അറിയിച്ചതെന്നും കൂടുതലായി ഒന്നും അറിയില്ലെന്നും റാമില്‍ കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കിന്റര്‍ഗാര്‍ട്ടന്‍ അധികൃതര്‍ കുട്ടിയെ മഞ്ഞു മൂടിയ നിലയില്‍ കണ്ടെത്തിയെന്നല്ലാതെ കൂടുതല്‍ പ്രതികരണം നടത്തിയില്ല.