തിരുവല്ലയിലെ ചിലങ്ക ജംഗ്ഷനിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.വെന്റിലേറ്ററില്‍ കഴിയുന്ന 19കാരി ഗുരുതരമായി തുടരുകയാണ്. 60 ശതമാനത്തിലധികം പൊള്ളലേറ്റ പെണ്‍കുട്ടി ഇപ്പോള്‍ പാലരിവട്ടം മെഡിക്കല്‍ സെന്ററിലെ അത്യാഹിത വിഭാഗത്തില്‍ വെന്റിലേറ്ററിലാണ് കഴിയുന്നത്. പെണ്‍കുട്ടിക്ക് ഏറ്റ കുത്ത് സാരമുള്ളതല്ലെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. എന്നാല്‍, തല മുതല്‍ താഴോട്ട് പകുതിഭാഗത്ത് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

മുഖത്തും കഴുത്തിനുമാണ് കൂടുതലായി പൊള്ളലേറ്റത്. മുടി മുഴുവന്‍ കരിഞ്ഞ് പോയി. പേശികള്‍ക്ക് കാര്യമായി പൊള്ളലേറ്റതിനാല്‍ വൃക്കകള്‍ക്കു തകരാര്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇപ്പോഴും വെന്റിലേറ്ററില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ അരയ്ക്കു മുകളിലുള്ള ഭാഗത്താണ് പൊള്ളലിന്റെ 90% സംഭവിച്ചിരിക്കുന്നത്.

പെണ്‍കുട്ടിയുടെ പിതാവ് പറയുന്നതിങ്ങനെ.. അവള്‍ക്ക് 19 വയസ്സായെങ്കിലും 5 വയസ്സുകാരിയുടെ പ്രകൃതമാണ്. രാവിലെ അവള്‍ എന്റെ മുമ്പില്‍ വന്നിരുന്ന് എഴുതി പഠിച്ചു. പിന്നാലെ കുളിച്ചുവന്ന് അമ്മയോടും എന്നോടും യാത്ര പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. അവളിപ്പോള്‍ അത്യാസന്ന നിലയിലാണ്. സാഹായിക്കാനാണെങ്കില്‍ ആരുമില്ല. ത്രാണിയില്ലാത്തതിനാല്‍ ഞാന്‍ അവളെ കാണാനും പോയില്ല. വിതുമ്പിക്കരഞ്ഞുകൊണ്ട് വിജയകുമാര്‍ പറഞ്ഞു.

കുറച്ചുദിവസമായി അവള്‍ ഫോണ്‍ ഓഫ് ചെയ്താണ് നടന്നിരുന്നത്. അവന്റെ ശല്യം സഹിക്കാന്‍ പറ്റാത്തതിനാലാവാം അങ്ങനെ ചെയ്തത്. 11 ഉം12 ഉം ക്ലാസ്സില്‍ ഇരുവരും ഒന്നിച്ചായിരുന്നു പഠിച്ചിരുന്നത്. ഇത്രയും അറിയാമെന്നല്ലാതെ കൂടുതലൊന്നും അറിയില്ല. എന്റെ മകളെ ജീവനോടെ കിട്ടിയാല്‍ മതിയായിരുന്നുവെന്നും വിജയകുമാര്‍ പറഞ്ഞു.

തിങ്കാളാഴ്ച അമ്മയുടെ വീട്ടിലായതിനാല്‍ പെണ്‍കുട്ടി പഠിച്ചിരുന്ന തിരുവല്ല ചിലങ്ക ജംഗഷ്നിലെ സ്ഥാപനത്തില്‍ എത്തിയിരുന്നില്ല. ലാബ് ടെക്നീഷ്യന്‍ കോഴ്സിലാണ് പെണ്‍കുട്ടി ചേര്‍ന്നിരുന്നത്. മൂത്ത രണ്ട് മക്കളെയും നേഴ്സിംഗിന് വിട്ടതിനാലാണ് ഇളയ പെണ്‍കുട്ടിയെ എം എല്‍ റ്റിക്ക് വിടാന്‍ തീരുമാനിച്ചെതെന്നും ഇവര്‍ക്ക് പഠിക്കുന്നതിനും രണ്ടാമത്തെ മകള്‍ക്ക് ജോലിക്കും പോകുന്നതിനുള്ള സൗകര്യം കണക്കിലെടുത്താണ് ചുമത്രയില്‍ വാടക വീടെടുത്ത് താമസമാക്കിയതെന്നും വിജയകുമാര്‍ പറയുന്നു.

രാവിലെ പണിക്കുപോയാല്‍ രാത്രി 8 മണിയാകും വീട്ടിലെത്താന്‍. കൂലിപ്പണിയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് കഴിഞ്ഞുകൂടിയിരുന്നത്. തലയും മുഖവുമെല്ലാം പൊള്ളി നാശമായി എന്നാണ് അവളുടെ അമ്മ പറഞ്ഞത്. ഈ അവസ്ഥയില്‍ അവളെ കാണാന്‍ വലിയപ്രയാസമാണ്. അതുകൊണ്ട് ഞാന്‍ അവള്‍ കിടക്കുന്നിടത്തേയ്ക്ക് പോയില്ല. കുറിച്ചു തരുന്ന മരുന്നുകള്‍ ആരൊക്കെയോ വാങ്ങിനല്‍കുന്നു. എത്ര തുക ചെലവായൊന്നും എനിക്കറിയില്ല. ചികത്സയ്ക്കായി ഒത്തിരി പണച്ചെലവ് വരുമെന്നാണ് എല്ലാവരും പറയുന്നത്. ഒരിടത്തു നിന്നും ഒരു സഹായവും ലഭിക്കുന്നില്ല. എന്തുചെയ്യണമെന്നും അറിയില്ലെന്നും വിജയകുമാര്‍ പറഞ്ഞു.

റോഡില്‍ നിന്നു സംസാരിക്കുന്നതിനിടെയാണ് യുവാവ് യുവതിയെ ആക്രമിച്ചത്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസില്‍ സഹപാഠികളായിരുന്നു ഇരുവരും. പെണ്‍കുട്ടിയെ വകവരുത്തിയശേഷം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചാണ് പ്രതി അജിന്‍ റെജി മാത്യു വന്നതെന്നുമാണ് പൊലീസ് നിഗമനം.