വീട്ടില്‍ ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന പതിനേഴുകാരി പാതിരാത്രിയില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ പെട്ടു എന്ന് വീട്ടിലേക്ക് ഒരു ഫോണ്‍. ആദ്യം ഞെട്ടിയെങ്കിലും സംഭവം സത്യമാണെന്ന് മാതാപിതാക്കള്‍ അറിഞ്ഞത് മുറിയില്‍ മകളെ കാണുന്നില്ല.സിനിമ കഥകളെ പോലും അമ്പരിപ്പിക്കുന്ന സംഭവം നടന്നത് തിരുവനന്തപുരത്ത്.

തിരുവനന്തപുരം ശ്രീകാര്യത്തിനടുത്തുള്ള വീട്ടിലക്ക് പാതിരാത്രിയില്‍ നിങ്ങളുടെ മകള്‍ അപകടത്തില്‍ പെട്ട് ആശുപത്രിയിലാണെന്ന് പോലീസ് ഫോണ്‍ ചെയ്തു പറഞ്ഞപ്പോള്‍ വീട്ടുകാര്‍ ഞെട്ടി. ഭക്ഷണം കഴിച്ചു വീട്ടില്‍ കിടന്നുറങ്ങിയ മകള്‍ അപകടത്തില്‍ പെട്ട് ആശുപത്രിയിലാണെന്നോ? എങ്ങനെ എത്താന്‍ എന്ന ചിന്തയില്‍ ആദ്യം റോംങ് കോള്‍ ആയിരിക്കുമെന്ന് കരുതിയെങ്കിലും നേരെ മകളുടെ മുറിയിലേക്ക് എത്തിയ മാതാപിതാക്കള്‍ ശരിക്കും ഞെട്ടി. മകള്‍ മുറിയിലില്ല. പോലീസ് പറഞ്ഞത് വിശ്വസിച്ച് അവര്‍ നേരെ ആശുപത്രിയിലേക്ക്. അപകടത്തില്‍പെട്ട മകള്‍ ആശുപത്രിയിലുണ്ട്. ഗുരുതരമായ പരിക്കൊന്നുമില്ലെങ്കിലും സംഗതി അത്ര പന്തിയല്ലായിരുന്നു.

സംഭവം ഇങ്ങനെ: വീട്ടുകാരോടൊപ്പം രാത്രി ഭക്ഷണം കഴിച്ചു കിടന്ന പതിനേഴുകാരിക്കു കാമുകനെ കാണാന്‍ ആഗ്രഹം. മറ്റൊന്നും നോക്കിയില്ല, അയല്‍വീട്ടിലെ സ്‌കൂട്ടറെടുത്തു നേരെ പുറപ്പെട്ടു. കാമുകനെ കണ്ടു മടങ്ങുമ്പോഴാണ് അര്‍ധരാത്രിയില്‍ നഗരത്തില്‍വച്ചു അപകടം സംഭവിച്ചത്. പുലര്‍ച്ചെ രണ്ടരയോടെ ശ്രീകാര്യത്തുവച്ച് പോലീസിനെ കണ്ടപ്പോള്‍ ഭയപ്പെട്ടു സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു .

തലയ്ക്കും കൈകാലുകള്‍ക്കു സാരമായി പരിക്കേറ്റു. അബോധാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയെ അതുവഴി വന്ന യാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്. പോലിസ് സ്‌കൂട്ടറിന്റെ നമ്പരിന്റെ അടിസ്ഥാനത്തില്‍ അന്വേഷിച്ചപ്പോള്‍ ഉടമയെ തിരിച്ചറിഞ്ഞു. പോലീസ് എത്തി കാര്യം പറഞ്ഞപ്പോഴാണ് ഷെഡ്ഡില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ അപ്രത്യക്ഷമായ വിവരം ഉടമപോലും അറിഞ്ഞത്. അതേസമയം, ബോധം വീണ യുവതിയോട് ആശുപത്രി അധികൃതര്‍ ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍ ചോദിച്ചപ്പോള്‍ നല്‍കിയത് ഉള്ളൂരില്‍ താമസിക്കുന്ന കാമുകനായ യുവാവിന്റെ നമ്പരും. ഈ യുവാവിനെ വിളിച്ചാണ് പോലീസ് പെണ്‍കുട്ടിയുടെ വീട്ടിലെ നമ്പര്‍ കണ്ടെത്തി വിളിച്ചു കാര്യം പറഞ്ഞത്.