കൊല്ലം ട്രിനിറ്റി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ഗൗരി നേഘയുടെ ജീവൻ നഷ്ടമാകാനിടയാക്കിയത് നിസാര കാര്യങ്ങളുടെ പേരിലുള്ള അധ്യാപികമാരുടെ പിടിവാശി. സഹോദരിയെ ആൺകുട്ടികൾക്കൊപ്പം ഇരുത്തിയതിനെതിരെ പരാതി പറഞ്ഞതാണ് ഗൗരിയെ അധ്യാപികമാരുടെ ഇഷ്ടക്കേടിനും ഒടുവിൽ സ്കൂളിൽ നിന്ന് ചാടി ജീവനൊടുക്കാനും കാരണമായതെന്നാണ് വീട്ടുകാരുടെ പരാതി.

സംഭവത്തെക്കുറിച്ച് ഗൗരിയുടെ കുടുംബം  പരാതിയിൽ പറഞ്ഞത് ഇങ്ങനെ:

gowri-death-3

ഗൗരിയുടെ സഹോദരി മീര ഇതേ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ക്ലാസിനിടയിൽ സംസാരിച്ചെന്നാരോപിച്ച് ഏതാനും ദിവസം മുൻപ് മീരയെ ക്ലാസ് അധ്യാപിക ആൺകുട്ടികൾക്ക് നടുവിലിരുത്തി. ഇതിൽ വിഷമം തോന്നിയ മീര വീട്ടിലെത്തി കരഞ്ഞുകൊണ്ടു പരാതി പറഞ്ഞു. തൊട്ടടുത്ത ദിവസം അമ്മ സാലി സ്കൂളിലെത്തി പ്രിൻസിപ്പലിനോട് വിഷമം അറിയിച്ചു. ഇനി ആവർത്തിക്കില്ലെന്നും സാധാരണ രീതിയിൽ ക്ളാസിലിരുത്തുമെന്നുമായിരുന്നു പ്രിൻസിപ്പലിന്റെ ഉറപ്പ്.

എന്നാൽ വെള്ളിയാഴ്ച വീണ്ടും മീരയെ ആൺകുട്ടികൾക്കൊപ്പം ഇരുത്തി. ഇത് കണ്ട ഗൗരി ക്ലാസ് അധ്യാപികമാരായ സിന്ധുവിനോടും ക്രസന്റിനോടും പരാതി പറഞ്ഞു. ബാലാവകാശ കമ്മീഷനിൽ പരാതി നൽകാനാണ് മാതാപിതാക്കളുടെ ആലോചനയെന്നും അറിയിച്ചു.

ഇത് പറഞ്ഞ ശേഷം ക്ലാസിലെത്തി ഉച്ചയൂണിനായി ചോറ്റുപാത്രം എടുത്ത് തുറന്നയുടൻ ഗൗരിക്ക് അധ്യാപികമാരുടെ വിളിയെത്തി. ചോറുപോലും ഉണ്ണാതെ ക്ലാസിൽ നിന്ന് പോയ ഗൗരിയെ പിന്നീട് കൂട്ടുകാരികൾ കാണുന്നത് മുറ്റത്ത് ചോരയിൽ കുളിച്ച് കിടക്കുന്നതാണ്.

ഉടൻ തന്നെ സ്കൂൾ മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ള ബിഷപ്പ് ബെൻസിഗർ ആശുപത്രിയിലെത്തിച്ചു. ആ സമയം ഗൗരി സംസാരിക്കുന്നുണ്ടായിരുന്നു. അച്ഛനെയും അമ്മയെയും കാണണമെന്ന് പലതവണ പറഞ്ഞു. ഒടുവിൽ വീട്ടുകാരെത്തിയപ്പോളേയ്ക്കും ബോധം മറഞ്ഞിരുന്നു. പിന്നീട് ഗൗരി ഉണർന്നില്ല.

അതുകൊണ്ട് തന്നെ അവസാനമായി പറയാൻ ആഗ്രഹിച്ചത് ഗൗരിക്ക് പറയാനുമായില്ല…

അധ്യാപികമാർ വിളിച്ചതിനും ഗൗരി ചാടുന്നതിനും ഇടയിൽ എന്ത് സംഭവിച്ചൂവെന്ന് നിർണായക ചോദ്യം ഉത്തരം കിട്ടാതെ കിടക്കുന്നു ?