മലയാളം യുകെ ന്യൂസ് ബ്യുറോ

മൂന്നു ദശാബ്ദത്തോടുകൂടി ലണ്ടനിലെ കാലാവസ്ഥ ബാർസലോണയിലെ പോലെ ആയി തീരുമെന്നു ഗവേഷണ റിപ്പോർട്ടുകൾ ആശങ്ക പ്രകടിപ്പിക്കുന്നു. കാലാവസ്ഥ വ്യതിയാനം മൂലമുള്ള മാറ്റങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന റിപ്പോർട്ടിൽ, 2050 ഓടുകൂടി സ്പെയിനിന്റെ തലസ്ഥാനനഗരമായ മാഡ്രിഡിലെ കാലാവസ്ഥ മോറോക്കോയിലെ മാറാകെചിലെ പോലെ ആയി തീരുമെന്നും പ്രതിപാദിക്കുന്നു. ഇന്ന് തണുപ്പ് കാലാവസ്ഥയുള്ള പലരാജ്യങ്ങളും, ഭാവിയിൽ ഇക്വറ്റോറിനോടു ചേർന്ന് കിടക്കുന്ന രാജ്യങ്ങളുടെ കാലാവസ്ഥയിലേക്ക് വഴിമാറാനിടയുണ്ട്.

നൂറോളം നഗരങ്ങളുടെ ഭാവി 2050-ൽ എന്തായി തീരും എന്നുള്ള വ്യക്തമായ വിവരങ്ങൾ ഗവേഷകർ നൽകുന്നുണ്ട്.മോസ്കോ നഗരം ബൾഗേറിയയുടെ സ്ഥലമായ സോഫിയ പോലെയും, ന്യൂയോർക്ക് വിർജീനിയ ബീച്ച് പോലെയും ആയിത്തീരുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ടെംപറേറ്റ് കാലാവസ്ഥയുള്ള നഗരങ്ങളിൽ ഭാവിയിൽ ജലക്ഷാമം രൂക്ഷമായി അനുഭവപ്പെടും. 520 പ്രധാന നഗരങ്ങളെക്കുറിച്ച് നടത്തിയ പഠനത്തിൽ, പത്തിൽ എട്ടു നഗരങ്ങൾക്കും ഭാവിയിൽ വൻ മാറ്റങ്ങൾ ഉണ്ടാകുമെന്നു ഗവേഷണ റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നു.

10 വർഷങ്ങൾക്ക് മുൻപ്, 2008-ൽ ബാർസിലോണ വൻ വരൾച്ച അഭിമുഖീകരിച്ചതാണ്. 10 മില്ല്യൻ യൂറോയോളം ഫ്രാൻസിൽ നിന്നും ജലം ഇറക്കുമതി ചെയ്യുന്നതിനായി ചെലവാക്കിയതാണ്. ഇതേ പോലുള്ള പ്രശ്നങ്ങൾ ഭാവിയിൽ ലണ്ടൻ പോലുള്ള നഗരങ്ങളും അഭിമുഖീകരിക്കുമെന്നു റിപ്പോർട്ടിൽ പറയുന്നു. സിങ്കപ്പൂർ, കോലാലമ്പൂർ, തുടങ്ങിയ നഗരങ്ങൾ ഭാവിയിൽ എന്തായിതീരും എന്നുള്ള ആശങ്ക വളരെയധികമാണെന്ന് ഗവേഷണം നടത്തിയ, സ്വിറ്റ്സർലൻഡിലെ ക്രോതേർ ലാബ് ചെയർമാൻ, ടോം ക്രോതേർ വ്യക്തമാക്കുന്നു. മറ്റെങ്ങും ഇതുവരെ അനുഭവപ്പെടാത്ത കാലാവസ്ഥ വ്യതിയാനങ്ങൾ ഈ നഗരങ്ങളിൽ അനുഭവപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. വരൾച്ചയോടൊപ്പം തന്നെ  , മഴ മൂലം ഉള്ള വെള്ളപ്പൊക്കങ്ങൾ മറ്റു ചില നഗരങ്ങളെ ബാധിക്കും. ഇതിനു വേണ്ടിയുള്ള എല്ലാ തയ്യാറെടുപ്പുകളും വേഗത്തിൽ നടത്തണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

കാലാവസ്ഥ വ്യതിയാനം മൂലമുള്ള മാറ്റങ്ങളെ നേരിടാൻ ലോകരാജ്യങ്ങൾ തയ്യാറെടുക്കണമെന്ന് യുഎൻ സെക്രട്ടറി ജനറലിന്റെ പ്രത്യേക വക്താവ് മുന്നറിയിപ്പ് നൽകി. പ്രകൃതി ദുരന്തങ്ങൾ ഒന്നിനുപുറകെ ഒന്നായി സംഭവിച്ചു കൊണ്ടിരിക്കുമ്പോൾ, അതിനെ ചെറുക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.