ലോറന്‍സ് പെല്ലിശേരി
ഗ്ലോസ്റ്റര്‍ഷെയര്‍: ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികളുടെ ഹൃദയസ്പന്ദനമായ ജി.എം.എ അതിന്റെ പതിനഞ്ചാം വര്‍ഷത്തിലേക്കു കടക്കുന്നു. 2002 മെയ് 26ന് സമാരംഭം കുറിച്ച ജി.എം.എ, നിസ്വാര്‍ത്ഥമായ സേവനങ്ങളും നിരന്തരമായ ചാരിറ്റി പ്രവര്‍ത്തനങ്ങളും വഴി ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികളുടെ നിത്യ ജീവിതത്തില്‍ നിറസാന്നിദ്ധ്യമാകുമ്പോള്‍ യു.കെയിലെ മറ്റ് അസോസിയേഷനുകള്‍ ജി.എം.എയെ ഒരു മാതൃകയായി നോക്കി കാണുന്നു. ഒപ്പം, പ്രവര്‍ത്തനങ്ങളും ഇടപെടലുകളും മലയാളി സമൂഹത്തിനപ്പുറത്തേക്കു വ്യാപിക്കുമ്പോള്‍ ഇംഗ്‌ളീഷുകാരടക്കമുള്ള മൊത്തം ജനവിഭാഗത്തിന്റെ പ്രശംസക്ക് പാത്രമാകുന്നതോടൊപ്പം ഗ്ലോസ്റ്റര്‍ഷെയറിലെ ഒഴിച്ച് കൂടാനാകാത്ത സാന്നിദ്ധ്യമായും മാറുന്നു ജി.എം.എ.

1

കര്‍മ്മപഥത്തില്‍ 15 വര്‍ഷങ്ങള്‍ തികയുമ്പോള്‍ അതിന് ചുക്കാന്‍ പിടിക്കാന്‍ കഴിവുറ്റ നവസാരഥികളെ തന്നെ ജി.എം.എ കണ്ടെത്തിയിരിക്കുന്നു. ജി.എം.എ യുടെ കഴിഞ്ഞ കാല പ്രവത്തനങ്ങളില്‍ സജീവ പങ്കാളികളും മുന്‍ ഭാരവാഹികളുമായ ടോം ശങ്കൂരിക്കല്‍ പ്രസിഡന്റും മനോജ് വേണുഗോപാലന്‍ സെക്രട്ടറിയും അനില്‍ തോമസ് ട്രഷറുമായ കമ്മിറ്റിയാണ് ഈ ക്രിസ്റ്റല്‍ ഇയര്‍ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അവര്‍ക്ക് പൂര്‍ണ പിന്തുണയുമായി വൈസ് പ്രസിഡന്റായി ഡോ. ബീന ജ്യോതിഷും ജോയിന്റ് സെക്രട്ടറിയായി പോള്‍സണ്‍ ജോസും ജോയിന്റ് ട്രഷററായി തോമസ് കോടങ്കണ്ടത്തും അടങ്ങുന്ന ഓഫീസ് ഭാരവാഹികളും 36 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റയും പ്രവര്‍ത്തിക്കുന്നു. ജി.എം.എ ക്ക് എന്നും മാര്‍ഗ ദീപമായി സ്ഥാപക പ്രസിഡന്റായ ഡോ. തിയോഡോര്‍ ഗബ്രിയേല്‍ പേട്രനായും തുടരുന്നു.

2 3

ക്രിസ്റ്റല്‍ ജൂബിലിയോട് അനുബന്ധിച്ചു ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പാര്‍ട്ടികള്‍ക്ക് ജി.എം.എ യുടെ പുതു നേതൃത്വം രൂപ രേഖ തയ്യാറാക്കി കഴിഞ്ഞു. യുക്മറീജിയണലും നാഷണലും അടക്കം പങ്കെടുക്കുന്ന മത്സര വേദിയില്‍ നിന്നെല്ലാം ഒന്നാം സ്ഥാനവുമായി മടങ്ങി വരുന്ന പതിവ് തുടരാന്‍ തന്നെ തീരുമാനിച്ചുള്ള പരിശീലനക്കളരിക്ക് ആരംഭം കുറിച്ച് കഴിഞ്ഞു. ഇവിടെ വളര്‍ന്നു വരുന്ന യുവ തലമുറയ്ക്ക് മികച്ച വ്യക്തിത്വ രൂപീകരണത്തിനും, സമ്പുഷ്ടമായ മലയാളി സംസ്‌കാരവും ഇവിടുത്തെ ഇംഗ്‌ളീഷു സംസ്‌കാരവുമായി സമരസപ്പെട്ടു പോകാന്‍ അവരെ പ്രാപ്തരാക്കുന്നതുമാണ് ജി.എം.എ യുടെ കലാ സാംസ്‌കാരിക സ്‌പോര്‍ട്‌സ് പ്രവര്‍ത്തനങ്ങളും ക്ലാസ്സുകളും. മാര്‍ച്ചു 18 ന് 9 മണിക്ക് ഉദ്ഘാടനം ചെയ്യപ്പെടുന്ന ഇന്‍ഡോര്‍ ആര്‍ട്‌സ് & ഗെയിംസ് മത്സരങ്ങളോടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ തുടക്കം കുറിക്കപ്പെടുന്നു.

മത്സര ശേഷം സമാപന യോഗത്തില്‍ വിശ്രമ ജീവിതം നയിക്കുന്നതിനായി നാട്ടിലേക്ക് മടങ്ങി പോകുന്ന, തികഞ്ഞ മനുഷ്യ സ്‌നേഹിയും കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ കൊണ്ട് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികളുടെ സന്തത സഹചാരിയായി മാറിയ ഫാ. സക്കറിയക്ക് യാത്രയയപ്പ് നല്‍കുന്നതുമായിരിക്കും.

സഹജീവികളോടുള്ള സഹാനുഭൂതി വാട്‌സാപ്പിലും എഫ്ബി യിലുമായി ഒതുങ്ങിപോകുന്ന ഇക്കാലത്തു ക്രിയാത്മകമായ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ കൂടി ജി.എം.എ എന്നും ഒരു നന്മ മരമായി നിലകൊള്ളുന്നു. ചെറുതും വലുതുമായ ഏതൊരു പരിപാടിയിലും ചാരിറ്റിയുടെ അനന്ത സാധ്യതകള്‍ കാണുകയും അതിലൂടെ ലഭിക്കുന്ന ഫണ്ട് നിര്‍ധനരായവര്‍ക്ക് സ്‌നേഹസ്പര്‍ശിയായ ഒരു തലോടലാകാന്‍ അവസരമൊരുക്കുകയും ചെയ്യുന്നു. ഇതോടൊപ്പം അവയവ ദാനമെന്ന മഹാസന്ദേശം വിളിച്ചോതിക്കൊണ്ടുള്ള ബോധവത്കരണ സെമിനാറുകള്‍ വര്‍ഷങ്ങളായി സംഘടിപ്പിച്ചു വരുന്നു. അതിന്റെ ഭാഗമായി 2016ല്‍ എന്‍.എച്ച്.എസ്സ് ബ്ലഡ് & ട്രാന്‍സ്പ്ലാന്റും ഫാ. ഡേവിസ് ചിറമേല്‍ നേതൃത്വം നല്‍കുന്ന ഉപഹാറുമായി സഹകരിച്ചു ജി.എം.എയിലെ 100 % അംഗങ്ങളും അവയവ സ്റ്റെം സെല്‍ ഡൊണേഷന്‍ രജിസ്റ്ററില്‍ ഒപ്പു വച്ചപ്പോള്‍ ആ നേട്ടം കൈവരിക്കുന്ന യു.കെ. യിലെ ആദ്യ അസ്സോസ്സിയേഷന്‍ ആയി മാറി ജി.എം.എ. ഇങ്ങനെ, ഒരു കമ്മ്യൂണിറ്റി അസ്സോസിയേഷന്‍ എന്നതിലുപരി മുഴുവന്‍ സമയ ജീവകാരുണ്യ സംരംഭമായി മാറിയിരിക്കുന്നു ജി.എം.എ.

വളര്‍ത്തി വലുതാക്കിയ സ്വന്തം നാടിനോടുള്ള നന്ദിയും കടപ്പാടും മനസ്സില്‍ മാത്രം സൂക്ഷിച്ചാല്‍ പോരാ, അത് അവശത അനുഭവിക്കുന്നവര്‍ക്കും അര്‍ഹതപ്പെട്ടവര്‍ക്കുമുള്ള കൈത്താങ്ങായി മാറണം എന്ന തിരിച്ചറിവില്‍ നിന്നായിരുന്നു 2010ല്‍ ‘എ ചാരിറ്റി ഫോര്‍ ഡിസ്ട്രിക്ട് ഹോസ്പിറ്റല്‍സ് ഇന്‍ കേരള’ എന്ന സ്വപ്ന പദ്ധതിക്ക് തുടക്കമിട്ടത്. ‘ടുഗെദര്‍ വി കാന്‍ മെയ്ക്ക് എ ഡിഫറന്‍സ്’ എന്ന ആപ്തവാക്യം അന്വര്‍ഥമാക്കി ഈ പദ്ധതിയുടെ ഏഴാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ നിരാലംബരായ പലര്‍ക്കും ആശ്വാസമാകാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ഥ്യത്തിലാണ് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍.

ഓരോ വര്‍ഷവും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ജില്ലാ ആസ്പത്രിയും അവിടുത്തെ രോഗികളുമാണ് ഇതിന്റെ ഗുണഭോക്താക്കളാകുന്നത്. ഇവിടെ യു.കെയില്‍, ലോകത്തിലെ തന്നെ ഏറ്റവും മികച്ച ശാസ്ത്ര സാങ്കേതികതയും ആധുനിക ചികിത്സാ രീതികളും ഒരു പരിധി വരെ സൗജന്യമായി തന്നെ അനുഭവിച്ച് വരുന്ന നമുക്ക് കേരളത്തിലെ പാവപ്പെട്ടവന്റെ ഏക ആശ്രയമായ ജില്ലാ ആസ്പത്രിയുടെ ശോചനീയാവസ്ഥ ഏറെ ബോധ്യമുള്ളതാണ്. ആ അവസ്ഥ തങ്ങള്‍ക്കാകുന്ന തരത്തില്‍ മെച്ചപ്പെടുത്തുക എന്ന ആത്മാര്‍ത്ഥമായ ശ്രമമാണ് ജി.എം.എ ഈ പദ്ധതിയില്‍ കൂടി ലക്ഷ്യമിടുന്നത്. ചാരിറ്റി ഫണ്ട് ഏതെങ്കിലും വ്യക്തികള്‍ക്കോ ആസ്പത്രി മാനേജ്‌മെന്റിനോ അയച്ചുകൊടുക്കാതെ, ആസ്പത്രി സൂപ്രണ്ടുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം എന്ത് സേവനമാണോ തീരുമാനിച്ചിട്ടുള്ളത് അതിന്റെ കുറ്റമറ്റ നിര്‍വഹണം ജി.എം.എയുടെ തിരഞ്ഞെടുത്ത പ്രതിനിധി നേരില്‍ പോയി ചെയ്തു കൊടുക്കുന്നു എന്നത് എടുത്തു പറയേണ്ടതാണ്.

2011ല്‍ തിരുവനന്തപുരം ജില്ലാ ആസ്പത്രിയിലെ ഓരോ ബ്ലോക്കുകളിലെയും രോഗികള്‍ക്കും മറ്റും ആവശ്യമായ ശീതീകരിച്ച കുടിവെള്ള സംവിധാനം ഒരുക്കികൊടുത്തുകൊണ്ടാണ് ജി.എം.എ ചാരിറ്റിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. അതുവരെയും അവിടുത്തെ അന്തേവാസികള്‍ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത് വൃത്തി ഹീനമായ ടോയ്ലറ്റുകളെയായിരുന്നു. ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം 2017ലും അവിടെ കുടിവെള്ളത്തിനായി രോഗികള്‍ ഈ വാട്ടര്‍ കൂളിംഗ് സംവിധാനങ്ങളെ ആശ്രയിക്കുന്നത് കാണുമ്പോള്‍ അത് ജി.എം.എ യെ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ പ്രാപ്തമാക്കുന്നു.

അതിനു ശേഷം ഇടുക്കി, കോട്ടയം, തൃശൂര്‍, വയനാട്, കാസര്‍കോട് തുടങ്ങിയ ജില്ലാ ആസ്പത്രികളിലേക്കായിരുന്നു ജി.എം.എയുടെ സഹായഹസ്തം തേടി ചെന്നത്. പലപ്പോഴും ഇലക്ട്രിസിറ്റി ലഭ്യത ഇല്ലാത്തതിന്റെ പേരില്‍ ഓപ്പറേഷന്‍ പോലും ഇടക്ക് വച്ച് നിര്‍ത്തേണ്ടി വന്നിരുന്ന അവസ്ഥക്ക് വിരാമമിട്ടുകൊണ്ട് ഹൈ പവര്‍ ഇന്‍വെര്‍ട്ടറുകള്‍ 2012ല്‍ ഇടുക്കിയിലും 2013ല്‍ തൃശൂരും സ്ഥാപിക്കുകയായിരുന്നു ജി.എം.എ ചെയ്തത്. ബെഡുകളുടെ അഭാവം അലട്ടിയിരുന്ന കോട്ടയം ജില്ലാ ആസ്പത്രിയില്‍ 2014ല്‍ ആവശ്യമായ പുതിയ ബെഡുകള്‍ വാങ്ങി നല്‍കുകയായിരുന്നു ജി.എം.എ ചാരിറ്റി ഫണ്ടിന്റെ ഉദ്യമം. ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള വലിയ പാത്രങ്ങള്‍, വാര്‍ഡുകളിലേക്കു വിതരണം ചെയ്യുന്നതിന് ആവശ്യമായ ട്രോളികള്‍ തുടങ്ങിയവ ഇല്ലാതെ ഭക്ഷണ വിതരണം തന്നെ മുടങ്ങിയിരുന്ന വയനാട് സര്‍ക്കാര്‍ ആസ്പത്രിയില്‍ അതിനുള്ള പരിഹാരമായി മാറി 2015ല്‍ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികളുടെ പ്രതിബദ്ധത. 2016ല്‍ കാസര്‍കോടിനായിരുന്നു അതിന്റെ നിയോഗം.

ഈ വര്‍ഷം, 2017ല്‍ മലപ്പുറം ജില്ലാ ആസ്പത്രിയെയാണ് ഇതിനായി ജി.എം.എ തിരഞ്ഞെടുത്തിരിക്കുന്നത്. അതിനുള്ള ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി എല്ലാ വര്‍ഷവും നടന്നു വരുന്ന ചാരിറ്റി ഇവന്റിനോട് അനുബന്ധിച്ചു, ഇദംപ്രഥമമായി മെയ് 27 നു ആള്‍ യു. കെ അടിസ്ഥാനത്തിലുള്ള നാടക മത്സരവും ജി.എം.എ സംഘടിപ്പിക്കുന്നു.

ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികളുടെ ചാരിറ്റിയോടുള്ള ഈ പ്രതിബദ്ധത തന്നെയായിരിക്കണം ഇക്കഴിഞ്ഞ ഫെബ്രുവരി 24ന് ജി.എം.എ ചെല്‍ട്ടന്‍ഹാം യൂണിറ്റ് സംഘടിപ്പിച്ച ‘അലീഷാ ദി ലൈറ്റ് ഹൗസ് ഓഫ് ഹോപ്’എന്ന ഇവന്റിലൂടെ യു.കെയിലെ ‘മെയ്ക്ക് എ വിഷ്’ എന്ന ചാരിറ്റിക്കായി മൂവായിരം പൗണ്ടിന് മേല്‍ ശേഖരിക്കാനായത്. മാര്‍ച്ച് 18 ന് നടക്കുന്ന ചടങ്ങില്‍ വച്ച്, അകാലത്തില്‍ പൊലിഞ്ഞു പോയ അലീഷയുടെ ‘അമ്മ ബീന രാജീവും ജി.എം.എ പ്രതിനിധികളും കൂടി ഈ ഫണ്ട് ‘മെയ്ക്ക് എ വിഷ്’ ചാരിറ്റി പ്രതിനിധിക്ക് കൈമാറുമ്പോള്‍ അത് ജി.എം.എ യുടെ ആത്മ സമര്‍പ്പണത്തിന്റെ മറ്റൊരു ഉദാഹരണമായി മാറും .

പകരം വെക്കാനില്ലാത്ത ജി.എം.എ യുടെ അഭിമാന ചരിത്രം ആവര്‍ത്തിക്കാന്‍ പുതിയ നേതൃത്വത്തിന് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍ ഒന്നടങ്കം എല്ലാ വിധ ആശംസകളും സഹകരണവും വാഗ്ദാനം ചെയ്യുമ്പോള്‍ ജി.എം.എ യുടെ വരും നാളുകളും സമ്പന്നമാകുമെന്ന് ഉറപ്പിക്കാം.