ലോറന്‍സ് പെല്ലിശേരി

ക്രിസ്റ്റല്‍ ഇയര്‍ ആഘോഷിക്കുന്ന ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ ചാരിറ്റി ഇവന്റിനോട് അനുബന്ധിച്ചു നടത്തപ്പെടുന്ന നാടക മത്സരം യു.കെ യിലെ നാടക പ്രേമികള്‍ക്കുള്ള സുവര്‍ണ്ണാവസരമായി മാറുന്നു. നാടക മത്സരത്തിനും സംഗീത നിശക്കുമുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍ തികഞ്ഞ ആവേശത്തിലാണ്.

കലാ സാംസ്‌കാരിക രംഗത്തോടൊപ്പം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മുഖമുദ്രയാക്കിയ ജി.എം.എ യുടെ ചാരിറ്റി ഫണ്ടിലേക്കുള്ള ധനശേഖരണമാണ് ഈ ഇവന്റിലൂടെ ലക്ഷ്യം വക്കുന്നത്. ഈ വര്‍ഷം നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മലപ്പുറം ജില്ലാ ആസ്പത്രിയും അവിടുത്തെ രോഗികളുമാണ് ഇതിന്റെ ഗുണഭോക്താക്കളാകുന്നത്. കേരളത്തില്‍ സ്വകാര്യ ആശുപത്രിയിലെ ചികിത്സയെ കുറിച്ച് സ്വപ്നം പോലും കാണാന്‍ കഴിയാത്ത പാവപ്പെട്ട രോഗികള്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആസ്പത്രികളുടെ ശോചനീയാവസ്ഥക്ക്, കഴിയും വിധം ഒരു പരിഹാരമായി മാറുന്നതാണ് ജി.എം.എ യുടെ ഈ രംഗത്തെ പരിശ്രമങ്ങള്‍. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നിത്യ ജീവിതത്തിന്റെ ഭാഗമായും ശൈലിയായും മാറ്റിയ ജി.എം.എ അംഗങ്ങളുടെ അകമഴിഞ്ഞ സഹായ സഹകരണം മാത്രമാണ് കഴിഞ്ഞ ഏഴു വര്‍ഷമായി സുഗമമായി നടന്നു വരുന്ന ഈയൊരു സ്വപ്ന പദ്ധതിയുടെ വിജയ ഹേതു.

ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവരെ 501 പൗണ്ട് ക്യാഷ് അവാര്‍ഡ് കാത്തിരിക്കുന്ന ഈ നാടക മാമാങ്കത്തില്‍ ലണ്ടന്‍ മലയാള നാടക വേദി, ലെസ്റ്റര്‍ സൗപര്‍ണിക, ഹോളി ഫാമിലി പ്രയര്‍ ഫെല്ലോഷിപ്പ് ചിചെസ്റ്റര്‍, റിഥം തിയ്യറ്റേഴ്‌സ് ചെല്‍ട്ടന്‍ഹാം, അക്ഷര തിയ്യറ്റേഴ്‌സ് ഗ്ലോസ്റ്റര്‍ തുടങ്ങിയ നാടക ഗ്രൂപ്പുകളുടെ അഞ്ച് നാടകങ്ങള്‍ രംഗത്തെത്തുന്നു. നാടകമെന്ന കലയെ പുനരുജ്ജീവിപ്പിക്കുന്നതിനും അതിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതിനും ഇന്ന് ലോകമെങ്ങും നാടക പ്രേമികള്‍ സജീവമാണ്. അതിന്റെ ഭാഗമാകാന്‍ കഴിയുന്നതിലുള്ള കൃതാര്‍ത്ഥതയിലാണ് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍.

കലയുടെ കേളികൊട്ടിനൊപ്പം അവശത അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമാകാനുള്ള ജി.എം.എ യുടെ ആഹ്വാനം ഏറ്റെടുത്തുകൊണ്ട് യു.കെയിലെ പ്രമുഖ സ്ഥാപനങ്ങള്‍ മുന്നോട്ട് വന്നിരിക്കുന്നു. ഒന്നാം സമ്മാനമായ 501 പൗണ്ട് ബീ വണ്‍ യു. കെ. ലിമിറ്റഡും രണ്ടാം സമ്മാനമായ 251 പൗണ്ട് അലൈഡ് ഫൈനാന്‍ഷ്യല്‍സും സ്പോണ്‍സര്‍ ചെയ്യുന്നു. മൂന്നാം സമ്മാനമായി 151 പൗണ്ട് സ്പോണ്‍സര്‍ ചെയ്യുന്നത് ടി സി എസ് നഴ്സിംഗ് കണ്‍സള്‍ട്ടന്‍സി ആണ്. മികച്ച സംവിധായകനും മികച്ച അഭിനേതാവിനുമുള്ള സമ്മാനങ്ങള്‍ മേക്കര ആര്‍ക്കിടെക്ച്ചറല്‍ കണ്‍സള്‍ട്ടന്‍സിയും സ്പോണ്‍സര്‍ ചെയ്യുന്നു.

നാടകത്തിന്റെ തനതായ ആവിഷ്‌ക്കാര ആസ്വാദന അനുഭവം ഉറപ്പു വരുത്തുന്നതിനായി ഗ്ലോസ്റ്റെര്‍ഷെയറിന്റെ നാടകാചാര്യന്‍ റോബി മേക്കരയുടെ നേതൃത്വത്തിലുള്ള സംഘം അക്ഷീണ പ്രയത്നത്തിലാണ്. ഒപ്പം സംഗീതത്തിന്റെ മാസ്മരികതയിലേക്ക് മാടി വിളിക്കുന്നു ജി.എം.എ ഓര്‍ക്കസ്ട്രയിലെ അനുഗ്രഹീത ഗായകര്‍.

മെയ് 27 ശനിയാഴ്ച്ച ഉച്ചക്ക് 2 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങള്‍ക്കും സംഗീത നിശക്കും വേദിയാകുന്നത് ഗ്ലോസ്റ്ററിലെ റിബ്സ്റ്റന്‍ ഹാള്‍ ഹൈസ്‌കൂളാണ്. ജി.എം.എ പ്രസിഡന്റ് ടോം ശങ്കൂരിക്കല്‍, സെക്രട്ടറി മനോജ് വേണുഗോപാല്‍, ട്രെഷറര്‍ അനില്‍ തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ചാരിറ്റി ഇവന്റ് ഒരു വന്‍ വിജയമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചു വരുന്നു. അതിനു പൂര്‍ണ്ണ പിന്തുണയുമായി ജി.എം.എ കുടുംബം ഒന്നടങ്കം കൈ കോര്‍ക്കുമ്പോള്‍ ജനിച്ച് വളര്‍ന്ന നാടിനോടും സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരി ക്കപ്പെടുന്നവരോടുമുള്ള സാന്ത്വനമായി മാറുന്ന ചാരിതാര്‍ഥ്യത്തിലാണ് ഓരോ അംഗങ്ങളും ഒപ്പം ജി.എം.എ യും.

കലയും സംസ്‌കൃതിയും സംഗീതവുമെല്ലാം, കാരുണ്യ സ്പര്‍ശത്തോടെ സമ്മേളിക്കുന്ന ആഘോഷ രാവിലേക്ക് ഏവര്‍ക്കും ജി.എം.എ യുടെ സുസ്വാഗതം.