സ്വന്തം ലേഖകൻ 

ഗ്ലോസ്റ്റർ : നാളെ ബെക്കിങ്ഹാം കൊട്ടാരത്തിൽ നടക്കുന്ന ഗാർഡൻ പാർട്ടിയിലേക്ക് ജി എം എ യുടെ പ്രതിനിധികളായി 2018/19ലെ പ്രസിഡന്റ് ആയിരുന്ന ശ്രീ വിനോദ് മാണിക്കും , സെക്രട്ടറി ശ്രീ ജിൽസ് പോളിനും അപ്രതീക്ഷിത ക്ഷണം. 250 തിൽപരം കുടുംബങ്ങളുള്ള ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷന് അഭിമാനത്തിന്റെ നിമിഷങ്ങൾ. അസോസിയേഷന്റെ തുടർച്ചയായുള്ള ചാരിറ്റി പ്രവർത്തനങ്ങൾക്കും , അതിലേറെ കഴിഞ്ഞ വർഷം കേരളത്തിലെ മഴക്കെടുതിയിൽ പെട്ടവർക്ക് വേണ്ടി £38000 പൗണ്ട് സമാഹരിച്ചു നൽകിയതിനും , കേരളത്തിലെ നിർദ്ധരരായവർക്ക് വീടായും , വീട്ടുപകരണമായും നൽകിയതിനുള്ള  അംഗീകാരമായാണ് ഈ അവസരം ലഭിച്ചിരിക്കുന്നത്. ജി എം എ അഞ്ചു വീടുകളാണ് കേരളത്തിൽ പണി കഴിപ്പിച്ച് നൽകുന്നത് . രണ്ടരലക്ഷം രൂപയുടെ വീട്ടുപകരണങ്ങളും കേരളത്തിലെത്തിച്ചിരുന്നു .

ഈയൊരു വലിയ പദ്ധതിക്ക്  പ്രെസിഡന്റിനോടും, സെക്രട്ടറിയുടെയും കൂടെ തോളോട് തോളു ചേർന്നു നിന്ന് പ്രവർത്തിച്ചത്  ജി എം എ യുടെ ട്രെഷറർ ആയിരുന്ന ശ്രീ വിൻസെന്റ് സ്കറിയ , വൈസ് പ്രെസിഡന്റായിരുന്ന ബാബു തോമസ് , ജോയിന്റ് സെക്രട്ടറി രശ്മി മനോജ് , ജോയിന്റ് ട്രെഷറർ ബിനുമോൻ കുര്യാക്കോസും , കേരള ഫ്ലഡ് കമ്മിറ്റി അംഗങ്ങളായ ശ്രീ ലോറൻസ് പെല്ലിശേരി , ശ്രീ തോമസ് ചാക്കോ , ഡോ : ബിജു പെരിങ്ങത്തറയോടൊപ്പം ജി എം എയുടെ ഓരോ കുടുംബങ്ങളുമാണ്.

ഓരോ വർഷവും കേരളത്തിലെ ജില്ലാ ആശുപത്രികൾക്കുള്ള ധനസഹായവും , അലിഷാ എ ലൈറ്ഹൗസ് ഓഫ് ഹോപ്പിലൂടെ , മെയ്ക് എ വിഷ് ചാരിറ്റി , ഗ്ലോസ്റ്റെർഷെയർ ഹോസ്പിറ്റൽ ചാരിറ്റി , ജി എം എ സ്പോർട്സ് ലീഡറായ ആയ ശ്രീ ജിസോ അബ്രഹാമിലൂടെ ഗ്ലോസ്റ്റെർ ഡ്രാഗൻ ബോട്ട്റേസിൽ , ജോൺ ഹോപ്കിൻസ് , പൈഡ് പൈപ്പർ ചാരിറ്റി എന്നിവയൊക്കെ ജി എം എയുടെ ചാരിറ്റി സംരംഭങ്ങളാണ്. അസോസിയേഷന്റെ എല്ലാ പ്രവർത്തനങ്ങളും ജി എം എ യുടെ നെടുംതൂണായ പേട്രൻ ഡോ. തിയോഡോർ ഗബ്രിയേലിന്റെ അനുഗ്രഹാശിസോടെയാണ് തുടങ്ങുന്നതും എന്നുള്ളതും ഈ അസോസിയേഷന്റെ മാത്രം ഒരു പ്രത്യേകതയാണ്.

ജി എം എ അതിന്റെ വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കയറുമ്പോളും സമൂഹത്തോടുള്ള പ്രതിബദ്ധത 2002ലെ അസോസിയേഷന്റെ തുടക്കം മുതൽ ചെയ്തിരുന്നു എന്ന ആത്മാഭിമാനത്തോടെയാണ് ബെക്കിങ്ഹാം കൊട്ടാരത്തിന്റെ പടിചവിട്ടുന്നത്. ബ്രിട്ടീഷ് രാഞ്ജിയുടെ ഗാർഡൻ പാർട്ടിയിലേക്ക് ക്ഷണം കിട്ടിയത് എല്ലാ ഗ്ലോസ്റ്റെർ മലയാളികൾക്കുമുള്ള അംഗീകാരമായിട്ടാണ് കാണുന്നതെന്ന് ഗാർഡൻ പാർട്ടിയെ പ്രതിനിധാനം ചെയ്യുന്ന ശ്രീ വിനോദ് മാണിയും, ജിൽസ് പോളും അറിയിച്ചു. ജി എം എ യുടെ മുഖമുദ്രയായ ചാരിറ്റിക്ക്  ഈ വർഷം അലൈഡ് ഫിനാൻസിൽ ആൻഡ് മോർഗേജ് സ്പോൺസർ ചെയ്‌ത ഉണ്ണി മേനോൻ ഷോയോടെ ചിട്ടയായി തുടക്കം കുറിച്ചിരിക്കുകയാണ്. ഇതിന് ചുക്കാൻ പിടിച്ചത് 2019/20ലെ പ്രസിഡന്റ് സിബി ജോസഫ് , സെക്രട്ടറി ബിനുമോൻ കുര്യാക്കോസ് , ട്രെഷറർ ജോർജ്ജുകുട്ടിയും ആണെന്നുള്ളത് ജി എം എയ്ക്ക്  അഭിമാനത്തിന്റെ നിമിഷങ്ങളാണ്. അതോടൊപ്പം മുൻകാലങ്ങളിലെ ചാരിറ്റി കോർഡിനേറ്റേർസ് ആയ എല്ലാവരുടെയും പ്രവർത്തനങ്ങളും ഈയവസരത്തിൽ നന്ദിയോടെ സ്മരിക്കേണ്ടതുണ്ട്. ജി എം എ യുടെ കുടുംബങ്ങൾ തമ്മിലുള്ള സ്നേഹവും , ഐക്യവും , സമൂഹ്യ പ്രതിബദ്ധതയോടെയുള്ള കൂട്ടായ പ്രവർത്തനവും മറ്റുള്ളവർക്കെന്നും മാതൃകയാണ്.