റോയ് പാനികുളം

ക്രിസ്റ്റല്‍ ഇയര്‍ ആഘോഷിക്കുന്ന ഗ്ലോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷന്റെ ചാരിറ്റി ഇവന്റിനോട് അനുബന്ധിച്ച് മേയ് ഇരുപത്തേഴിന് നടന്ന ഓള്‍ യുകെ നാടകമത്സരത്തിന്റെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏറ്റവും മികച്ച നാടകമായി ഗ്ലോസ്റ്റര്‍ അക്ഷര തീയറ്റേഴ്‌സ് അവതരിപ്പിച്ച ‘മാവോയിസ്റ്റ്’ എന്ന നാടകം തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും മികച്ച രണ്ടാമത്തെ നാടകമായി ചെല്‍ട്ടന്‍ഹാം റിഥം തീയറ്റേഴ്‌സ് അവതരിപ്പിച്ച ”ദാഹം” തെരെഞ്ഞെടുക്കപ്പെടുകയും അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന 251 പൗണ്ടിന്റെ ക്യാഷ് അവാര്‍ഡിന് അര്‍ഹമാകുകയും ചെയ്തു.

ഏറ്റവും മികച്ച മൂന്നാമത്തെ നാടകമായി ഹോളിഫാമിലി പ്രയര്‍ ഫെലോഷിപ് ചിചെസ്റ്റര്‍ അവതരിപ്പിച്ച ‘മത്തായിയുടെ മരണം’ തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും മികച്ച മൂന്നാമത്തെ നാടകത്തിനുള്ള ക്യാഷ് അവാര്‍ഡായ 151 പൗണ്ട് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ടി സി എസ് നഴ്‌സിംഗ് കണ്‍സള്‍ട്ടന്‍സി ആണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ജനതയുടെ ചെറുത്തുനില്‍പ്പുകള്‍ അനിതരസാധാരണമായ കയ്യടക്കത്തോടെ അവതരിപ്പിച്ചു എന്നതാണ് അക്ഷര തീയറ്റേഴ്‌സിനെ മറ്റു നാടകസമിതികളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.

വിധികര്‍ത്താക്കളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റിയ ”മാവോയിസ്‌ററ്” എന്ന നാടകം ഒരു കൂട്ടായ്മയുടെ വിജയമായിരുന്നു. ഒരു കൂട്ടം അനുഗ്രഹീതരായ കലാകാരന്മാരുടെ സമഞ്ജസമായ സമ്മേളനത്തില്‍ നിന്നും ഉടലെടുത്ത ഗ്ലോസ്റ്റര്‍ അക്ഷര തീയറ്റേഴ്‌സ്, അവരുടെ കന്നി സംരംഭത്തില്‍ത്തന്നെ വിജയതിലകമണിയുകയും, ബീ വണ്‍ ഇന്റര്‍നാഷണല്‍ സ്‌പോണ്‍സര്‍ ചെയ്ത അഞ്ഞൂറ്റി ഒന്ന് പൗണ്ടും പ്രശസ്തിപത്രവും കരസ്ഥമാക്കുകയും ചെയ്തു.

മേക്കര ആര്‍ക്കിടെക്ച്ചറല്‍ കണ്‍സള്‍ട്ടന്‍സി സ്‌പോണ്‍സര്‍ ചെയ്ത ഏറ്റവും മികച്ച നടനുള്ള അവാര്‍ഡ് ലണ്ടന്‍ നാടക വേദിയുടെ തീന്‍ മേശയിലെ ദുരന്തത്തില്‍ അഭിനയിച്ച ജെയ്‌സണ്‍ ജോര്‍ജ്ജ് കരസ്ഥമാക്കി. മേക്കര ആര്‍ക്കിടെക്ച്ചറല്‍ കണ്‍സള്‍ട്ടന്‍സി സ്‌പോണ്‍സര്‍ ചെയ്ത അവാര്‍ഡിനര്‍ഹരായത് വിധികര്‍ത്താക്കളുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റിയ ലെസ്റ്റര്‍ സൗപര്‍ണികയാണ്.

യുകെയിലെ ഏറ്റവും പ്രഗത്ഭ വിധികർത്താക്കളായ ശ്രീ അനിൽ നായരും, ശ്രീ മനോജ് ശിവയുമായിരുന്നു ഈ നാടകമത്സരത്തിൽ വിധികർത്താക്കളായി എത്തിയത്. സാധാരണയിൽ നിന്നും വിഭിന്നമായി അവർ ഓരോ നാടകവും സസൂഷ്മം വീക്ഷിക്കുകയും, മത്സരത്തിന്‍റെ അവസാനം എഴുതി തയ്യാറാക്കിയ പേപ്പറിൽ നോക്കി ഓരോ നാടകവും അവതരിപ്പിച്ച രീതിയും വളരെ വിശദമായി പ്രേക്ഷകരോട് വിവരിക്കുകയുണ്ടായി.

ചാരിറ്റി പ്രവർത്തനങ്ങൾ ജീവശ്വാസം പോലെ കൊണ്ട് നടക്കുന്ന ജി എം എ അംഗങ്ങൾ വീട്ടിൽ നിന്നും ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കി കൊണ്ട് വന്ന് ജി എം എ കൗണ്ടറിലൂടെ വിറ്റും, റാഫിൾ ടിക്കറ്റെടുത്തും ചാരിറ്റി ഫണ്ടിലേക്ക് തന്നാൽ കഴിയുന്ന വിധത്തിൽ സഹായിക്കുന്നത് നാടക മത്സരത്തിനിടക്ക് കാണുന്ന പതിവ് കാഴ്ചകളിൽ ഒന്നായിരുന്നു. നാടകത്തിന്‍റെ ഇടവേളകളിൽ ജി എം എ ഓർക്കസ്ട്രയുടെ നേതൃത്വത്തിൽ കാതിനിമ്പമേകുന്ന സംഗീത നിശയും ഉണ്ടായിരുന്നു

മരിച്ചു കൊണ്ടിരിക്കുന്ന ഒരു കലയെ പുനരുജ്ജീവിപ്പിക്കുക, അതോടൊപ്പം ആ മത്സരത്തില്‍ നിന്നും പിരിഞ്ഞു കിട്ടുന്ന തുക നാട്ടിലെ പാവപ്പെട്ടവന്റെ ഏക ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളുടെ നവീകരണ പ്രക്രിയകള്‍ക്കു നല്‍കി പാവപ്പെട്ടവന് നല്ല ചികിത്സാസൗകര്യങ്ങള്‍ ലഭ്യമാക്കുക എന്ന നവീന ആശയത്തില്‍ നിന്നുമാണ് ഇപ്രാവശ്യത്തെ ചാരിറ്റി ഇവന്റിന് തുടക്കം കുറിച്ചത്. ജനകീയ കലയായ നാടകത്തിന് ഒരു പുതുജീവന്‍ നല്കാന്‍ ഗ്ലോസ്റ്റര്‍ മലയാളി അസോസിയേഷന്‍ ആഗ്രഹിച്ചത് പോലെ, അത് കലാസ്വാദകര്‍ക്കും അതോടൊപ്പം,നമ്മുടെ സഹജീവികള്‍ക്കും ഒരു തണല്‍മരമായി വളര്‍ന്നു പന്തലിക്കുന്ന കാഴ്ചയാണ് മേയ് ഇരുപത്തേഴിന് ഗ്ലോസ്റ്ററിലെ റിബ്സ്റ്റന്‍ ഹാളില്‍ കണ്ടത്.

നാടകാചാര്യന്മാരായ സി എല്‍ ജോസ് ,കാവാലം, സി ജെ തോമസ് തുടങ്ങിയവര്‍ ചവിട്ടിക്കുഴച്ചിട്ട മണ്ണില്‍ നിന്നും ചാരുതയാര്‍ന്ന ശില്‍പ്പങ്ങള്‍ മെനെഞ്ഞെടുക്കുന്ന കരവിരുത് നാടകമത്സരത്തിലുടനീളം നമുക്ക് കാണാമായിരുന്നു.