കോടികളുടെ കണക്കില്‍പെടാത്ത വരുമാനം വെളിപ്പെടുത്തി ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍. കഴിഞ്ഞ ദിവസം  ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നതിന് പിന്നാലെയാണ്  തങ്ങളുടെ കൈവശം 1100 കോടി രൂപയുടെ കള്ളപ്പണം ഉണ്ടെന്ന് സത്യവാങ്മൂലം നൽകി ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ഗോകുലം ഗ്രൂപ്പ് രംഗത്ത് വന്നത് . കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള സ്ഥാപനങ്ങളിൽ കഴിഞ്ഞദിവസം ആദായനികുതി വിഭാഗം റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടർ നടപടികൾ പുരോഗമിക്കുന്നതിന് ഇടയിലാണ് ഇപ്പോൾ കള്ളപ്പണം ഉണ്ടെന്ന് സമ്മതിച്ച് ഗോകുലം ഗോപാലന്റെ കമ്പനി സത്യവാങ്മൂലം നൽകിയിരിക്കുന്നത്.

ഇത്രയും കള്ളപ്പണം കൈവശമുണ്ടെന്ന് വെളിപ്പെടുത്തിയതോടെ നികുതിയിനത്തിൽ 330 കോടിരൂപയും അതിന്റെ പിഴയും ഗോകുലം ഗ്രൂപ്പ് ഒടുക്കേണ്ടിവരും. കേരളത്തിൽ ഫ്‌ളവേഴ്‌സ് ചാനലിൽ ഉൾപ്പെടെ പങ്കാളിത്തമുള്ള ഗോകുലം ഗോപാലൻ ഇത്രയും വലിയ തുക കള്ളപ്പണമുണ്ടെന്ന് വെളിപ്പെടുത്തിയതോടെ കേരള ചരിത്രത്തിലെ ഏറ്റവും വലിയ കള്ളപ്പണം വെളിപ്പെടുത്തലാണ് നടക്കുന്നത്.

കഴിഞ്ഞ മൂന്നുമാസമായി ഗോകുലം ഫിനാൻസിനെ ആദായ നികുതി വകുപ്പ് നിരീക്ഷിച്ച് വരികയായിരുന്നു. തുടർന്നാണ് റെയ്ഡ് നടത്താനുള്ള തീരുമാനം ഉണ്ടാകുന്നത്. ഇതിന് പിന്നാലെ ആദായനികുതി പരിശോധനയിൽ 12 കോടി രൂപയുെട നികുതിവെട്ടിപ്പ് കണ്ടെത്തി. അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട നിരവധി രേഖകളും പിടിച്ചെടുത്തു. ഇതോടെയാണ് കള്ളപ്പണം വെളിപ്പെടുത്തി സത്യവാങ്മൂലം നൽകിയതെന്നാണ് സൂചനകൾ.

ചിട്ടി കമ്പനി സ്ഥാപിതമായ 1968 മുതലുള്ള രേഖകളാണ് കണ്ടെത്തിയത്. ചിട്ടി കമ്പനിയുമായി ബന്ധപ്പെട്ട് നിരവധി ബാങ്ക് രേഖകളും ഇതിൽപെടും. ഗോകുലം ഗോപാലനെ ചോദ്യം ചെയ്യാനും ആദായ നികുതി വകുപ്പ് ആലോചിക്കുന്നുണ്ട്. മുത്തൂറ്റിൽ നടന്ന റെയ്ഡിന് സമാനമായിരുരുന്നു ഗോകുലത്തിലെ റെയ്ഡ്. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരമായിരുന്നു റെയ്ഡെന്നും സൂചനയുണ്ട്.തമിഴ്‌നാട്ടിൽ 43, കേരളത്തിൽ 29, കർണാടകയിൽ ആറ്, പുതുച്ചേരിയിൽ രണ്ട് സ്ഥാപനങ്ങളിലാണ് 500ഓളം ഉദ്യോഗസ്ഥരുടെ  നേതൃത്വത്തിൽ പരിശോധന നടന്നത്. ശ്രീഗോകുലം ചിറ്റ്‌സിന്റെ പ്രവർത്തനങ്ങൾ കുറച്ചുനാളായി ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലായിരുെന്നന്നും നികുതി വെട്ടിപ്പ് നടക്കുന്നതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണ് വ്യാപക പരിശോധന നടത്താൻ ചെന്നൈ ഡയറക്ടറേറ്റ് നിർദ്ദേശിച്ചതെന്നും ആദായനികുതി വൃത്തങ്ങൾ പറഞ്ഞു.