കല്യാണ സീസണ്‍ എത്തുമ്പോള്‍ സ്വര്‍ണ്ണ വില കുത്തനെ കൂടുകയാണ്. പെണ്‍മക്കളുള്ള രക്ഷിതാക്കളുടെ ഹൃദയമിടിപ്പ് കൂടി തുടങ്ങി. 24,000 ത്തില്‍ നിന്ന് വില താഴേക്ക് എത്തുന്നില്ല. സ്വര്‍ണ്ണ വില ഗ്രാമിന് 3050 രൂപയായി. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്.ഗ്രാമിന് 3030 രൂപയാണ് ഇതിനു മുന്‍പ് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില. ഇതോടെ ഒരു പവന്റെ വില ഇന്ന് 24,400 രൂപയായി. അന്തരാഷ്ട്ര മാര്‍ക്കറ്റില്‍ വില ഉയരുന്നതാണ് ഇന്ത്യയിലെ വന്‍ വിലക്കയറ്റത്തിന് കാരണം

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യയില്‍ സ്വര്‍ണ്ണ വില കുതിക്കുകയായിരുന്നു. രാജ്യാന്തര മാര്‍ക്കറ്റില്‍ ഒരു ഔണ്‍സ് സ്വര്‍ണ്ണത്തിന്റെ വില ഇന്ന് 1304 ഡോളറിലെത്തി. ഇന്ത്യയില്‍ സ്വര്‍ണ്ണത്തിന്റെ ഡിമാന്‍ഡ് കാര്യമായി ഉയര്‍ന്നതാണ് വില കൂടാന്‍കാരണമായത്. ഉത്സവ വിവാഹ സീസണായതിനാല്‍ സ്വര്‍ണ്ണക്കടകളില്‍ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. സ്വര്‍ണ്ണത്തിന്റെ അവധി വ്യാപാരത്തിലും ഇന്ന് വില നല്ല തോതില്‍ ഉയര്‍ന്നിട്ടുണ്ട്. 10 ഗ്രാമിന്റെ വിലയില്‍ 345 രൂപയുടെ കുതിപ്പാണ് പ്രകടമായത്.