40 വര്‍ഷത്തോളമായി കലിഫോര്‍ണിയ പോലീസ് ഒരു കുറ്റവാളിയെ തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. അയാളുടെ പേരോ മേല്‍വിലാസമോ പോലും പോലീസിന് അറിയില്ലായിരുന്നു എന്നതാണ് രസകരമായ കാര്യം. 1970/80- കളിലായി രാജ്യത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ സീരിയല്‍ കില്ലറെയായിരുന്നു പോലീസ്‌തെരഞ്ഞുകൊണ്ടിരുന്നത്.

ഗോള്‍ഡന്‍ സ്റ്റേറ്റ് കില്ലറെന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. 51 സ്ത്രീകളെയാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്. നിറച്ച തോക്കുമായിട്ടാണ് ഇയാള്‍ രാത്രിയില്‍ ഇരകളെ തേടി ഇറങ്ങുന്നത്. മുഖംമൂടി ധരിച്ച് വീടുകളുടെ വാതില്‍ തല്ലിത്തകര്‍ത്താണ് അകത്ത് കയറുക. അധികവും ഒരു സ്ത്രീ മാത്രമായി താമസിക്കുന്ന വീട്ടിലാണ് അതിക്രമം നടക്കുക. സ്ത്രീകളെ അതിക്രൂരമായിട്ടാണ് ഇയാള്‍ ബലാത്സംഗം ചെയ്യുക.

വീട്ടില്‍ അഥവാ പുരുഷനുണ്ടെങ്കില്‍ ഇയാളെ തല്ലിച്ചതച്ച ശേഷം അടുക്കളയിലെ പാത്രങ്ങള്‍ ഇയാളുടെ പിന്‍വശത്ത് അടുക്കിവയ്ക്കും. ഇത് വീഴുകയാണെങ്കില്‍ അയാളെ ആ നിമിഷം വെടിവെച്ച് കൊല്ലും. തുടര്‍ന്ന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് അതി ക്രൂരമായി കൊല്ലുകയാണ് പതിവ്. പലരെയും പിന്തുടര്‍ന്ന് കൊല്ലുന്ന ശീലവും ഇയാള്‍ക്കുണ്ടായിരുന്നു. അതേസമയം ഇയാള്‍ ബലാത്സംഗം ചെയ്ത ഒരു സ്ത്രീ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഇയാളൊരു സാഡിസ്റ്റാണെന്ന് പോലീസ് രേഖകള്‍ പറയുന്നു. ക്രൂരമായി പീഡിപ്പിച്ചു കഴിഞ്ഞ ശേഷം കൊല്ലുന്നവരില്‍ നിന്ന് ഇയാള്‍ പണം തട്ടിയെടുക്കാറുണ്ട്. 13-നും 41-നും ഇടയില്‍ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടതില്‍ അധികവും.

ഇത്രയധികം കൊലപാതകങ്ങളും ബലാല്‍സംഗങ്ങളും നടത്തിയ ആ ക്രിമിനലിനെ കുറിച്ച് എന്തെങ്കിലും വിവരം കൊടുക്കാന്‍ ആര്‍ക്കും കഴിയുന്നുണ്ടായിരുന്നില്ല. എന്നാല്‍ കുറ്റകൃത്യങ്ങള്‍ നടന്ന ചിലയിടങ്ങളില്‍ നിന്നും കണ്ടെത്തിയ ചില ഡി എന്‍ എ സാമ്പിളുകള്‍ മാത്രമായിരുന്നു പോലീസുകാരുടെ പക്കലുള്ള ആകെ സൂചന. അത് അവര്‍ ഒരു പേഴ്‌സണല്‍ ജീനോമിക് വെബ്‌സൈറ്റിലേക്ക് അപ്ലോഡ് ചെയ്തു. ഗോള്‍ഡന്‍ സ്‌റ്റേറ്റ് കില്ലറിന്റെ ഡി എന്‍ എ-യുമായി പൊരുത്തമുള്ള ഡി എന്‍ എ ഉള്ളവരായ ഗോള്‍ഡന്‍ സ്‌റ്റേറ്റ് കില്ലറിന്റെ പത്തോളം അകന്ന ബന്ധുക്കളെ വെബ്‌സൈറ്റില്‍ കണ്ടെത്തി. ഈ രംഗത്തെ വിദഗ്ദ്ധയായ ഒരു ജീനിയോളജിസ്റ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച പോലീസ് അവരില്‍ രണ്ടു പേര്‍ ഗോള്‍ഡന്‍ സ്‌റ്റേറ്റ് കില്ലറാകാനുള്ള സാദ്ധ്യത കണ്ടെത്തി. അതിലൊരാളുടെ അടുത്ത ബന്ധുവിനെ കണ്ടെത്തി ഡി എന്‍ എ പരിശോധന നടത്തിയപ്പോള്‍ അയാളല്ല ആള്‍ എന്നുറപ്പിക്കാന്‍ കഴിഞ്ഞു. പിന്നെ അവശേഷിച്ചത് ഒരാള്‍ മാത്രമായിരുന്നു.

ജോസഫ് ജയിംസ് ഡിആഞ്ചലോ എന്നാണ് അയാളുടെ മുഴുവന്‍ പേര്. വിയറ്റ്‌നാം യുദ്ധത്തില്‍ സിഐഎയ്ക്ക് വേണ്ടി സൈനിക വൃത്തി നടത്തിയിട്ടുണ്ട് ഡിആഞ്ചലോ. ഡിആഞ്ചലോയ്ക്ക് മൂന്ന് പെണ്‍കുട്ടികളുണ്ട്. ഭാര്യയുമായി പിരിഞ്ഞാണ് ഇയാള്‍ താമസിക്കുന്നത്. ഇവരുടെ വിവാഹമോചനവും കഴിഞ്ഞതാണ്. പോലീസ് അയാളെ നിരീക്ഷിച്ചു തുടങ്ങി. ഏപ്രില്‍ 18-ന് അയാളുടെ കാറിന്റെ ഡോര്‍ ഹാന്‍ഡിലില്‍ നിന്നും, അയാളുടെ ചവറുവീപ്പയില്‍ നിന്നും കണ്ടെടുത്ത ടിഷ്യൂപേപ്പറില്‍ നിന്നും അയാളുടെ ഡി എന്‍ എ ശേഖരിച്ചു. അതിലെ ഡി എന്‍ എ, ഗോള്‍ഡന്‍ സ്‌റ്റേറ്റ് കില്ലറുടെ ഡി എന്‍ എ-യുമായി യോജിക്കുന്നവയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഏപ്രില്‍ 24-ന് അയാളെ അറസ്റ്റ് ചെയ്തു.

ഇയാളെ അറസ്റ്റ് ചെയ്തത് നാലുപേരുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ്. 1978-ല്‍ ബ്രയാന്‍ കാറ്റി മാഗിയോര്‍ ദമ്പതിമാരെ ക്രൂരമായി കൊലപ്പെടുത്തിയതാണ് ആദ്യത്തെകേസ്. ലൈമാന്‍, ചാര്‍ലീന്‍ സ്മിത്ത് എന്നിവരെ 1980-കളില്‍ കൊലപ്പെടുത്തിയെന്നതാണ് രണ്ടാമത്തെ കേസ്. അതേസമയം 40 വര്‍ഷത്തിന് ശേഷം മാത്രമാണ് ഈ കേസുകളില്‍ തുമ്പുണ്ടാക്കാന്‍ എഫ്ബിഐക്ക് സാധിച്ചത്. പ്രതിയെ കണ്ടെത്തുന്നവര്‍ക്ക് 50000 ഡോളര്‍ എഫ്ബിഐ വാഗ്ദാനം ചെയ്തിരുന്നു.

അതേസമയം ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് പ്രതി തങ്ങളുടെ മൂക്കിന്‍ തുമ്പത്ത് തന്നെയാണ് ജീവിക്കുന്നതെന്ന് പോലീസ് കണ്ടെത്തിയത്. ഡിആഞ്ചലോയെ പിടിച്ചതറിഞ്ഞ് കലിഫോര്‍ണിയ ഇപ്പോഴും ഭയന്നു വിറയ്ക്കുകയാണെന്ന് എഫ്ബിഐ സ്‌പെഷല്‍ ഏജന്റ് മാര്‍കസ് നസ്റ്റണ്‍ പറഞ്ഞു. തങ്ങള്‍ക്കിടയില്‍ ഇയാള്‍ ഇത്രയും കാലം ജീവിക്കുക ആയിരുന്നു എന്നത് അവരെ ഞെട്ടിച്ചു കളഞ്ഞു.

ഇയാളെ നേരത്തെ ഓബോണ്‍ പോലീസ് വിഭാഗം പുറത്താക്കിയതാണ്. ഇയാള്‍ സാന്‍ഫ്രാന്‍സിസ്‌കോ, സാക്രാമെന്‍ഡോ, കലിഫോര്‍ണിയ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും ബലാത്സംഗങ്ങളും കൊലപാതകങ്ങളും നടത്തിയിരുന്നത്. 1986-ലാണ് ഇയാളുടെ പേരിലുള്ള കേസ് അവസാനമായി റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് ശേഷം പോലീസ് ഇയാളുടെ താവളത്തിനായി തിരച്ചില്‍ നടത്തിയിരുന്നു. അതിനിടയിലാണ് ഇയാളെ പോലീസ് കണ്ടെത്തുന്നത്.