പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ രാജ്യത്തെ ചരക്ക് സേവന നികുതിയുടെ ഉദ്ഘാടനം രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേർന്ന് നിർവ്വഹിച്ചു. ഇതോടെ സങ്കീർണ്ണമായ നികുതി ഘടനയിൽ നിന്ന് ഒറ്റ നികുതിയിലേക്ക് രാജ്യം മാറി.

രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്കാരമാണ് ശനിയാഴ്ച പുലർച്ചെ നടന്നത്. വെള്ളിയാഴ്ച രാത്രി 11 മുതൽ 12 വരെ ഇതിനായി പ്രത്യേക പാർലമെന്റ് യോഗം ചേർന്നിരുന്നു. രാഷ്ട്രപതി പ്രണബ് മുഖർജി, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജയ്റ്റ്ലി എന്നിവർ ചരക്ക് സേവന നികുതിയെ കുറിച്ച് ഈ യോഗത്തിൽ സംസാരിച്ചു.

കൃത്യം 12 മണിക്ക് തന്നെ രാഷ്ട്രപതി പ്രണബ് മുഖർജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുമിച്ച് ബട്ടണമർത്തി ജിഎസ്‌ടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഉപരാഷ്ട്രപതി ഹമീദ് അൻസാരി, മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ, ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ എന്നിവർ സാക്ഷ്യം വഹിച്ചു.

മൂന്ന് പതിറ്റാണ്ടോളം നീണ്ട ആലോചനകൾക്കൊടുവിലാണ് ജിഎസ്ടി യാഥാർത്ഥ്യമാകുന്നത്. ഇതോടെ ഉത്പ്പന്നങ്ങൾക്കും സേവനങ്ങൾക്കും ഇനി ഒറ്റനികുതിയാണ്. നികുതി വരുമാനം കേന്ദ്ര -സംസ്ഥാന സർക്കാരുകൾ തുല്യമായി പങ്കിടും