കാലിഫോര്‍ണിയ: ചൈനീസ് ടെക് ഭീമന്‍ വാവെയുമായി വാണിജ്യ ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ ഗൂഗിളിന് തിരിച്ചടി. ഓഹരി വിപണിയില്‍ ഏതാണ്ട് 2.5 ശതമാനമാണ് ഗൂഗിളിന് തകര്‍ച്ചയുണ്ടായിരിക്കുന്നത്. ഇനി മുതല്‍ വാവെ ഫോണുകളില്‍ ജി-മെയില്‍, ഗൂഗിള്‍ മാപ്പ് തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാവുകയില്ല. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഉത്തരവിനെ തുടര്‍ന്നാണ് യുഎസ് കമ്പനിയായ ഗൂഗിള്‍ വാവെയുമായി വാണിജ്യ ബന്ധം അവസാനിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്ക-ചൈന ടെക്‌നോളജി ശീതയുദ്ധം ഇതോടെ ശക്തി പ്രാപിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഹാര്‍ഡ്വെയര്‍, സോഫ്റ്റ്വെയര്‍ കൈമാറ്റത്തിന് പുറമെ ടെക്നിക്കല്‍ സേവനങ്ങളും ഗൂഗിള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഗൂഗിളില്‍ നിന്നുള്ള ഒഎസ് സേവനം നില്‍ക്കുന്നതിനൊപ്പം പ്ലേ സ്റ്റോര്‍, ഗൂഗിള്‍ മാപ്പ്, യുട്യൂബ് ഉള്‍പ്പടെ ഗൂഗിള്‍ സര്‍വീസുകളെല്ലാം വാവെയ്, ഓണര്‍ ഫോണില്‍ നിന്ന് വൈകാതെ അപ്രത്യക്ഷമാകുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിസന്ധി മറികടക്കാനുള്ള ഒരു വഴി ആന്‍ഡ്രോയ്ഡ് ഓപ്പണ്‍ സോഴ്‌സ് പ്രോജക്ടിലൂടെ ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ അപ്‌ഡേറ്റ് ചെയ്യുക എന്നതാണ്. എന്നാല്‍ ഈ വഴിക്ക് ആന്‍ഡ്രോയ്ഡ് സര്‍വീസ് സ്വീകരിക്കുമ്പോള്‍ പരിമിതമായ ഫീച്ചറുകള്‍ മാത്രാമണ് ലഭിക്കുക. എന്നാല്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന വാവെയ് ഡിവൈസുകളെ ഇത് ബാധിക്കില്ലെങ്കിലും പുതിയ അപ്‌ഡേഷനുകളും പ്ലേസ്റ്റോറില്‍ നിന്നുള്ള ആപ്പുകളും ലഭിച്ചേക്കില്ല. അതേസമയം, സ്വന്തമായി ഓപ്പറേറ്റിങ് സിസ്റ്റവും ടെക്നോളജിയും കണ്ടെത്തി അമേരിക്കന്‍ വെല്ലുവിളി നേരിടാന്‍ തന്നെയാണ് വാവെയ് നീക്കം.

എന്നാല്‍ നിലവിലെ പ്രതിസന്ധി കമ്പനിയെ കാര്യമായി ബാധിക്കില്ലെന്ന് ചൈനീസ് ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ വാവെയ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും സ്ഥാപകനുമായ റെന്‍ സെംഗ്ഫീ പറഞ്ഞു. കമ്പനിയുടെ വരുമാനത്തില്‍ നേരിയ ഇടിവു നേരിടും. ഇതെല്ലാം മറികടക്കാന്‍ വേണ്ട പദ്ധതികള്‍ കമ്പനി ആസൂത്രണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റും യുഎസ് വാണിജ്യവകുപ്പും മേയ് 15 ന് ചേര്‍ന്ന യോഗത്തിലാണ് വാവെയ് കമ്പനിക്കെതിരെ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയത്. കമ്പനിക്ക് വേണ്ട ചിപ്പുകള്‍ അമേരിക്കയില്‍ നിന്ന് ലഭിച്ചില്ലെങ്കിലും പ്രതിസന്ധി ഉണ്ടാവില്ലെന്നും ഈ സാഹചര്യത്തെ നേരിടാന്‍ കമ്പനി സജ്ജമായിരുന്നെന്നും വാവെയ് വക്താവ് അറിയിച്ചു.