മ്യൂസിയങ്ങളുടെ വ്യാഖ്യാനം മാറ്റിയെഴുതാനൊരുങ്ങി ഗൂഗിള്‍. ലോകോത്തര പെയിന്റിങ്ങുകളെ നിങ്ങളുടെ കുട്ടികളുടെ പെയിന്റിംഗുകളുമായോ സോഫാ കുഷ്യനുകളുമായോ മാച്ച് ചെയ്യാന്‍ കഴിയുന്ന ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് രൂപം നല്‍കിയിരിക്കുകയാണ് ഗൂഗിള്‍ ആര്‍ട്ട്‌സ്. മ്യൂസിയങ്ങളിലുള്ള ലക്ഷക്കണക്കിന് പെയിന്റിംഗുകളെയാണ് ഗൂഗിള്‍ ഉപയോക്താക്കള്‍ക്ക് പ്രാപ്യമാക്കിയിരിക്കുന്നത്. ഇവയില്‍ നിങ്ങളുടെ സെല്‍ഫികള്‍ വരെ ഇഴുകിച്ചേര്‍ക്കാവുന്ന വിധത്തിലാണ് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.

എന്നാല്‍ മ്യൂസിയങ്ങളില്‍ മാത്രം കാണാന്‍ കഴിയുമായിരുന്ന ഇത്തരം പെയിന്റിംഗുകളെ ഓണ്‍ലൈനില്‍ എത്തിക്കുന്നത് മ്യൂസിയങ്ങളുടെ പ്രസക്തി തന്നെ ഇല്ലാതാക്കുമെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. വരുന്ന തലമുറ ഇവ കാണുന്നതിന് സ്മാര്‍ട്ട്‌ഫോണുകളെ മാത്രം ആശ്രയിക്കുന്ന ഒരു സ്ഥിതിവിശേഷമായിരിക്കും ഇതിലൂടെ സംജാതമാകുക. എന്നാല്‍ മ്യസിയങ്ങള്‍ക്ക് അവയുടേതായ സ്ഥാനമുണ്ടാകുമെന്നും അതിനെ കെട്ടിടങ്ങളായി മാത്രം നിലനില്‍ക്കുന്ന അവസ്ഥയില്‍ നിന്ന് മാറ്റി പ്രതിഷ്ഠിക്കാനുള്ള ഒരു അവസരമാണ് ഇതിലൂടെ ഉണ്ടാകുന്നതെന്നുമാണ് ഗൂഗിള്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചര്‍ ഡയറക്ടര്‍ അമിത് സൂദ് പറയുന്നത്.

കുട്ടികളെ മ്യൂസിയങ്ങള്‍ സന്ദര്‍ശിക്കാന്‍ കൊണ്ടുപോകേണ്ടത് രക്ഷിതാക്കളാണ്. എന്നാല്‍ ലോകത്തെല്ലായിടത്തുമുള്ള ഇത്തരം ചരിത്ര സ്മാരകങ്ങള്‍ ലഭ്യമാക്കാന്‍ ഇന്റര്‍നെറ്റിന് മാത്രമാണ് സാധിക്കുക. പാരീസിലെ ഗൂഗിള്‍ ലാബിലാണ് പുതിയ സാങ്കേതികത അവതരിപ്പിച്ചത്. ആര്‍ട്ട് പാലറ്റ് എന്നതാണ് ആദ്യത്തേത്. ഇതില്‍ ഉപയോക്താക്കള്‍ക്ക് ഒരു കളര്‍ തിരഞ്ഞെടുക്കാം. അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന ചിത്രങ്ങള്‍ അല്‍ഗോരിതം നമുക്കായി തെരഞ്ഞെടുത്ത് നല്‍കും. ഇത് വീടുകളുടെ ഇന്റീരിയര്‍ തയ്യാറാക്കുന്ന ഡിസൈനര്‍മാര്‍ക്കും മറ്റും സഹായകരമാകുമെന്ന് കരുതുന്നു. ഡ്രോ ടു ആര്‍ട്ട് എന്ന രണ്ടാമത്തെ സങ്കേതം ഇപ്പോള്‍ പ്രോട്ടോടൈപ്പ് അവസ്ഥയിലാണെന്നും ഗൂഗിള്‍ അറിയിച്ചു.