മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ ഹെല്‍മറ്റ് ധരിച്ചയാള്‍ വെടിവെക്കുന്ന ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായി സൂചന. രാത്രി ജോലി കഴിഞ്ഞു വീട്ടിലെത്തിയ ഗൗരി തന്റെ ടൊയോട്ട എറ്റിയോസ് കാര്‍ നിര്‍ത്തി ഗേറ്റ് തുറക്കാന്‍ പുറത്തിറങ്ങിയ സമയത്താണ് ഹെല്‍മറ്റ് ധരിച്ച ഒരാള്‍ വെടിയുതിര്‍ത്തത്. ഈ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഹിന്ദുത്വ തീവ്രവാദികളെന്ന് സംശയിക്കുന്ന മൂന്നംഗ സംഘം ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു ഗൗരിയെ വീട്ടുമുറ്റത്ത് വെടിവെച്ചുകൊന്നത്. കേസ് അന്വേഷിക്കാന്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം ബുധനാഴ്ച ഗൗരിയുടെ വീടും പരിസരവും പരിശോധിച്ചു.വെടിയേറ്റശേഷം ഗൗരി ലങ്കേഷ് വീടിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചു. എന്നാല്‍ തളര്‍ന്നു വീഴുകയായിരുന്നു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ടാണ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചത്. സി.സി.ടി.വി ദൃശ്യങ്ങള്‍ വിശദ പരിശോധനക്കയച്ചു. സമീപത്തെ വീടുകളിലെയും കടകളിലെയും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.  മൂന്നു വെടിയുണ്ടകളാണ് ഗൗരി ലങ്കേഷിന്റെ ശരീരത്തു തറച്ചത്.

പോയന്റ് ബ്ലാങ്കില്‍നിന്നുള്ള മൂന്നു വെടിയേറ്റാണ് ഗൗരിയുടെ മരണം. മൂന്നു വെടിയുണ്ടകളും ശരീരം തുളച്ചു പുറത്തു കടന്നതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. രണ്ട് വെടിയുണ്ട നെഞ്ചിലും ഒന്ന് അടിവയറ്റിലുമാണ് കൊണ്ടത്. വെടിയേറ്റ ആഘാതത്തില്‍ ആന്തരിക രക്തസ്രാവമുണ്ടായതായും ഹൃദയവും ശ്വാസകോശവും തകരാറിലായിരുന്നതായും പോസ്റ്റുമോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ഡോക്ടര്‍ പറഞ്ഞു.