കേന്ദ്ര സർക്കാർ സവാള കയറ്റുമതിയിൽ നിരോധനം ഏർപ്പെടുത്തിയതോടെ വലഞ്ഞ് ഏഷ്യൻ രാജ്യങ്ങൾ. സവാള കച്ചവടത്തിൽ ലോകത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഇന്ത്യ കയറ്റുമതി നിർത്തലാക്കിയതോടെ ഇവിടങ്ങളിലെ സവാള വില കുത്തനെ ഉയർന്നു. ഇന്ത്യൻ സവാളയുടെ മുഖ്യ ഉപഭോക്താക്കളായ ബംഗ്ലാദേശ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളെയാണ് ഇത് ഏറ്റവും അധികം ബാധിച്ചിരിക്കുന്നത്.

സവാള വില വര്‍ധനയിൽ രാജ്യത്താകമാനം കനത്ത പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് സെപ്റ്റംബർ 29 ന് കേന്ദ്ര സർക്കാർ സവാള കയറ്റുമതിക്കു നിരോധനം ഏർപ്പെടുത്തിയത്. നാലു വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന വിലയായിരുന്നു സവാളയ്ക്ക്. മഹാരാഷ്ട്ര, കർണാടക, ആന്ധ്ര, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ കനത്ത മഴ മൂലമുണ്ടായ വിളനാശമായിരുന്നു ഇന്ത്യയിൽ വില കൂടാനുള്ള കാരണം. വിലക്കയറ്റം തടയുന്നതിനായി ഇന്ത്യ ഈജിപ്തിൽ നിന്നു സവാള ഇറക്കുമതി ചെയ്യുന്നുണ്ട്.

ഇന്ത്യയിൽ വില ഉയർന്നതോടെ ചൈന, ഈജിപ്ത്, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സവാളയാണ് ഏഷ്യയിലെ ഉപഭോക്താക്കൾ പ്രധാനമായും ഉപയോഗിച്ചത്. ഇന്ത്യയെ അപേക്ഷിച്ച് ഇവിടങ്ങളിൽ ഉൽപാദനം കുറവാണ്. ഞായറാഴ്ച സവാള കയറ്റുമതി ഇന്ത്യ റദ്ദാക്കിയതോടെ 100 കിലോയ്ക്ക് 4,500 രൂപ എന്ന നിലയിൽ സവാള വില ഉയർന്നു. ശ്രീലങ്കയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 50 ശതമാനമാണ് വില വർധിച്ചത്. കിലോയ്ക്ക് 280 മുതൽ 300 രൂപ വരെയാണ് ഇവിടെ വില. ഇത് ആറു വർഷത്തിനിടയിൽ ഉണ്ടാകുന്ന ഏറ്റവും വലിയ വർധനവാണ്. ഇതേ തുടർന്ന് ചൈന, ഈജിപ്ത്, മ്യാൻമർ, തുർക്കി തുടങ്ങിയ സവാള ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളോടു വില നിയന്ത്രണ വിധേയമാക്കുന്നതിനായി വിതരണം കൂട്ടാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

2018–2019 വർഷത്തിൽ ഇന്ത്യയില്‍നിന്ന് 2.2 മില്യൻ ടൺ സവാളയാണു കയറ്റുമതി ചെയ്തത്. ഏഷ്യയിൽ സവാള കയറ്റുമതി ചെയ്യുന്ന മുഴുവൻ രാജ്യങ്ങളെവച്ചു നോക്കിയാലും പകുതിയിൽ അധികമാണിത്. ഇന്ത്യയിലെ നിരോധനം മറ്റു സവാള കയറ്റുമതി രാജ്യങ്ങൾ അവസരമായി എടുക്കുന്നതായും ആരോപണമുണ്ട്. ബംഗ്ലാദേശ് സവാള എത്തിക്കാനുള്ള ബദൽ മാർഗങ്ങൾ ആരായുമ്പോൾ നിരോധനം താൽക്കാലികം മാത്രമാണെന്നു കരുതി ആശ്വസിച്ചിരിക്കുകയാണ് മലേഷ്യ. ഇന്ത്യൻ സവാളയുടെ രണ്ടാമത്തെ ഏറ്റവും വലിയ ഉപഭോക്താവാണ് മലേഷ്യ.
സവാള വിലയിൽ ഉടൻ കാര്യമായ ഇടിവുണ്ടാകില്ലെന്നാണ് മുംബൈ ആസ്ഥാനമായുള്ള സവാള കയറ്റുമതി സംഘടനയുടെ പ്രസിഡന്റ് അജിത് ഷാ പറയുന്നത്. കയറ്റുമതി നിരോധനം അടുത്തെങ്ങും എടുത്തുമാറ്റാൻ സാധ്യതയില്ല. അതിനാൽ നവംബർ പകുതി വരെ വിലയിടിവും പ്രതീക്ഷിക്കുന്നില്ല. വില ഇടിഞ്ഞാൽ ഇന്ത്യയ്ക്ക് കയറ്റുമതി പുനരാരംഭിക്കാം.