ന്യൂഡല്‍ഹി: അസംസ്‌കൃത എണ്ണയുടെ വിലകുറഞ്ഞിട്ടും ഇന്ത്യയില്‍ കുറഞ്ഞത് പെട്രോളിന് മൂന്നു പൈസയും ഡീസലിന് നാലു പൈസയും. ബാരലിന് നാലു ഡോളറാണ് ക്രൂഡ് ഓയിലിന് കുറവുണ്ടായത്. കേന്ദ്ര സര്‍ക്കാര്‍ ശനിയാഴ്ച എക്‌സൈസ് നികുതി കൂട്ടിയതാണ് നാണംകെട്ട വിലക്കുറവിന് കാരണമായത്.
നികുതി വര്‍ദ്ധന ഒഴിവാക്കിയിരുന്നെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 1.04 രൂപയും ഡീസല്‍ വില ലിറ്ററിന് 1.53 രൂപയും കുറയേണ്ടതായിരുന്നു. പെട്രോളിന് ഒരു രൂപയും ഡീസലിന് ഒന്നര രൂപയുമാണ് എക്‌സൈസ് നികുതി ശനിയാഴ്ച കൂട്ടിയത്. 33.27 ഡോളറാണ് ഇന്നലെ ഒരു ബാരല്‍ ക്രൂഡോയില്‍ വില.

നടപ്പു സാമ്പത്തിക വര്‍ഷം അഞ്ച് തവണയായി പെട്രോളിന്റെ എക്‌സൈസ് നികുതി ലിറ്ററിന് 4.02 രൂപയും ഡീസലിന് 6.97 രൂപയും കൂട്ടി. ഈയിനത്തില്‍ 17,000 കോടി രൂപയാണ് അധിക വരുമാനം. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 59.95 രൂപയും ഡീസലിന് 44.68 രൂപയുമാണ് പുതിയ വില. പെട്രോള്‍ 55.93 രൂപയ്ക്കും ഡീസല്‍ 37.71 രൂപയ്ക്കും കിട്ടേണ്ടതാണ് നികുതി വര്‍ദ്ധനയിലൂടെ നഷ്ടമായത്.