തീവ്രവാദ വിരുദ്ധ നിയമം ഉപയോഗിച്ച് കുടിയേറ്റക്കാരെ നാടുകടത്തില്ലെന്ന് ഹോം ഓഫീസ്. ഇമിഗ്രേഷന്‍ നിയമത്തിന് കീഴില്‍ വരുന്ന ഈ നിയമം തീവ്രവാദ പ്രവര്‍ത്തനങ്ങളെ തടയുന്നതിനായിട്ടാണ് കൊണ്ടുവന്നത്. എന്നാല്‍ പ്രസ്തുത നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രാജ്യ സുരക്ഷയെ ബാധിക്കാന്‍ സാധ്യതയുള്ളതെന്ന് സംശയമുള്ളവരെ പുറത്താക്കാന്‍ ഈ നിയമത്തിലൂടെ കഴിയും. അധികൃതരുടെ തെറ്റായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ചിലരെ ഈ നിയമം ഉപയോഗിച്ച് പുറത്താക്കിയതായി നേരത്തെ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്ത് താമസിച്ചിരുന്ന 19 വിദഗ്ദ്ധരായ തൊഴിലാളികളെ ഈ നിയമം ഉപയോഗിച്ച് പുറത്താക്കിയതായി ഹോം സെക്രട്ടറി സാജിദ് ജാവേദ് സമ്മതിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് നിയമത്തില്‍ ഇളവ് കൊണ്ടുവരാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

ഇമിഗ്രേഷന്‍ ആക്ടിലെ വിവാദ സെക്ഷന്‍ 322(5) ആണ് ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ഹോം അഫയേര്‍സ് സെലക്ട് കമ്മറ്റിക്ക് അയച്ചിരിക്കുന്ന കത്തിലാണ് ഹോം സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ പുറത്താക്കിയ തൊഴിലാളികളില്‍ ഒരാള്‍ക്ക് യുകെയിലേക്ക് തിരിച്ചുവരാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി സാജിദ് ജാവേദ് അറിയിച്ചു. മറ്റുള്ളവരുടെ കാര്യവും പരിഗണിക്കുന്നതായും ഈ മാസം അവസാനത്തോടെ അവരുടെ കാര്യത്തില്‍ നടക്കുന്ന അന്വേഷണം പൂര്‍ത്തിയാക്കി അനുശ്രുതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹോം ഓഫീസിലെ ലഭിച്ചിരിക്കുന്ന ഇതര അപേക്ഷകളിലും ഇത്തരം പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതായി ജവേദ് കത്തില്‍ ചൂണ്ടി കാണിച്ചിട്ടുണ്ട്.

കുറഞ്ഞത് 1000 വിദഗ്ദ്ധരായ തൊഴിലാളികളാണ് ഈ നിയമത്തിന് കീഴില്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നത്. അധ്യാപകര്‍, ഡോക്ടര്‍മാര്‍, എഞ്ചിനിയേര്‍സ്, ഐടി പ്രൊഫഷണലുകള്‍ തുടങ്ങിയവരാണ് പ്രധാനമായും ഈ നിയമം കാരണം പുറത്തുപോകേണ്ടി വന്നിട്ടുളളത്. യുകെയിലെ തൊഴില്‍ മേഖലയില്‍ ഇത്തരം നിയമങ്ങള്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കൂടിയ നികുതി നല്‍കുന്ന വലിയൊരു ശതമാനം തൊഴിലാളികളെയാണ് ഈ നിയമം ബുദ്ധിമുട്ടിലാക്കിയിരുന്നത്. പുതിയ ഭേദഗതി വരുന്നതോടെ സംശയത്തിന്റെ നിഴലില്‍ കഴിയുന്ന നിരവധി കുടിയേറ്റക്കാര്‍ക്ക് ആശ്വാസമാകും. കുറ്റകരമായ പ്രവൃത്തികളൊന്നും ചെയ്തില്ലെങ്കിലും ഇത്തരം സംശയങ്ങളും നാട്കടത്തല്‍ ഭീഷണിയും നേരിടുന്നവര്‍ നിരവധിയാണ്.