ബ്രെയിന്‍ ക്യാന്‍സര്‍ ഗവേഷണത്തിന് ഫണ്ടിംഗ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; പദ്ധതി അന്തരിച്ച ലേബര്‍ പിയര്‍ ഡെയിം ടെസ ജോവെലിന്റെ സ്മരണക്കായി

ബ്രെയിന്‍ ക്യാന്‍സര്‍ ഗവേഷണത്തിന് ഫണ്ടിംഗ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; പദ്ധതി അന്തരിച്ച ലേബര്‍ പിയര്‍ ഡെയിം ടെസ ജോവെലിന്റെ സ്മരണക്കായി
May 14 05:55 2018 Print This Article

ബ്രെയിന്‍ ക്യാന്‍സര്‍ ഗവേഷണങ്ങള്‍ക്കായി കൂടുതല്‍ തുക അനുവദിക്കാന്‍ ഗവണ്‍മെന്റ് തീരുമാനം. അന്തരിച്ച മുന്‍ ക്യാബിനറ്റ് മിനിസ്റ്ററും ലേബര്‍ പിയറുമായ ഡെയിം ടെസ ജോവെലിന്റെ സ്മരണാര്‍ത്ഥമാണ് തുക അനുവദിക്കുന്നത്. ശനിയാഴ്ചയാണ് ബ്രെയിന്‍ ട്യൂമര്‍ ബാധിതയായിരുന്ന ഇവര്‍ അന്തരിച്ചത്. ട്യൂമറുകളെക്കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താനും ബ്രിട്ടീഷ് ക്യാന്‍സര്‍ രോഗികള്‍ക്ക് കൂടുതല്‍ മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഇതിലൂടെ പ്രാപ്തമാക്കാനുമാണ് ഫണ്ട് അനുവദിക്കുന്നത്. ബ്രെയിന്‍ ക്യാന്‍സര്‍ ഗവേഷണങ്ങള്‍ക്കായി 20 മില്യന്‍ പൗണ്ട് അനുവദിക്കുമെന്ന് ബാരോണസ് ജോവലിനെ സന്ദര്‍ശിച്ച ശേഷം കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രധാനമന്ത്രി തെരേസ മേയ് പ്രഖ്യാപിച്ചിരുന്നു.

20 മില്യന്‍ പൗണ്ട് കൂടി അനുവദിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ പദ്ധതിക്കായുള്ള ഗവണ്‍മെന്റ് വിഹിതം 40 മില്യനായി ഉയരും. ക്യാന്‍സര്‍ റിസര്‍ച്ച് യുകെയുടെ വിഹിതമാി 25 മില്യന്‍ കൂടി ഇതിനായി ലഭിക്കുന്നതോടെ ഗവേഷണ പരിപാടിയുടെ പ്രാഥമിക ഫണ്ട് 65 മില്യന്‍ പൗണ്ടായി മാറും. ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ടാണ് പ്രോജക്ട് പ്രഖ്യാപിച്ചത്. ഇതിനൊപ്പം ബ്രെയിന്‍ ക്യാന്‍സര്‍ നിര്‍ണ്ണയത്തിന് ഉപയോഗിക്കുന്ന ഗോള്‍ഡ് സ്റ്റാന്‍ഡാര്‍ഡ് ഡൈ ടെസ്റ്റ് രാജ്യമൊട്ടാകെ വ്യാപിപ്പിക്കാനുള്ള പദ്ധതിയും അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോല്‍ ഇംഗ്ലണ്ടിലെ ഏതാണ് പകുതിയോളം ബ്രെയിന്‍ ക്യാന്‍സര്‍ സെന്ററുകളില്‍ മാത്രമാണ് ഈ പരിശോധനാ സംവിധാനമുള്ളത്.

ഒന്നിലേറെ ചികിത്സകള്‍ രോഗികളില്‍ നടത്തിക്കൊണ്ട് ക്യാന്‍സര്‍ ചികിത്സ വേഗത്തിലാക്കുന്ന സമ്പ്രദായത്തിന്റെ പരീക്ഷണങ്ങള്‍ ദ്രുതഗതിയിലാക്കാനും നീക്കമുണ്ട്. ലോകമെമ്പാടുമുള്ള ബ്രെയിന്‍ ക്യാന്‍സര്‍ വിദഗ്ദ്ധരെ ഒരുമിപ്പിച്ചുകൊണ്ട് എല്ലാ വര്‍ഷവും ടെസ ജോവല്‍ ഗ്ലോബല്‍ സിമ്പോസിയം നടത്താനും പദ്ധതിയുണ്ട്. 2017 മെയ് മാസത്തിലാണ് ജോവലിന് ഗ്ലിബോലസ്‌റ്റോമ എന്ന ഗുരുതരമായ ബ്രെയിന്‍ ക്യാന്‍സര്‍ ബാധിച്ചതായി സ്ഥിരീകരിച്ചത്.

  Article "tagged" as:
  Categories:
UK


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles