ന്യൂസ് ഡെസ്ക്

യൂണിവേഴ്സിറ്റികളുടെ പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്താൻ ഗവൺമെന്റ് തയ്യാറെടുക്കുന്നു. നമ്മുടെ കുട്ടികൾ പഠിക്കുന്ന യൂണിവേഴ്സിറ്റികളിൽ എന്തു നടക്കുന്നുവെന്ന് രക്ഷിതാക്കൾക്ക് അറിയാൻ വഴി തെളിയുകയാണ് പുതിയ സംവിധാനത്തിലൂടെ. വർഷം 9,250 പൗണ്ട് വരെ ഫീസീടാക്കുന്നുണ്ടെങ്കിൽ അതിനനുസരിച്ച്  അദ്ധ്യയന നിലവാരവും വേണമെന്ന് വിദ്യാഭ്യാസ മേഖലയിലെ വിദഗ്ദർ നിർദ്ദേശിച്ചു. റേറ്റിംഗ് ഏർപ്പെടുത്താനാണ്  ഗവൺമെന്റ് നീക്കം തുടങ്ങിയിരിക്കുന്നത്. ലോകോത്തര നിലവാരത്തിൽ യൂണിവേഴ്സിറ്റികൾ നിലവാരം കാത്തു സൂക്ഷിക്കുന്നുണ്ടോ എന്ന് ഗവൺമെന്റ് പരിശോധിക്കും. യൂണിവേഴ്സിറ്റിയുടെ ദൈനംദിന കാര്യങ്ങൾ സുതാര്യമാകും.

മണി സൂപ്പർ മാർക്കറ്റ് സ്റ്റൈൽ സിസ്റ്റം ഏർപ്പെടുത്താനാണ് യൂണിവേഴ്സിറ്റി മിനിസ്റ്ററുടെ തീരുമാനം. യൂണിവേഴ്സിറ്റികളുടെ നിലവാരം മനസിലാക്കി വിദ്യാർത്ഥികൾക്ക്  കോഴ്സുകളും യൂണിവേഴ്സിറ്റിയും തെരഞ്ഞെടുക്കാൻ സാധിക്കുന്ന വിധത്തിലുള്ള റാങ്കിംഗ് ആണ് പദ്ധതിയിലുള്ളത്. ഇംഗ്ലീഷ് യൂണിവേഴ്സിറ്റികളിലെ ഓരോ സബ്ജക്ടിനും ഗോൾഡ്, സിൽവർ, ബ്രോൺസ് അവാർഡുകൾ നിശ്ചയിക്കും. അദ്ധ്യാപന നിലവാരം, കോഴ്സ് പൂർത്തിയാക്കാതെ പഠനം നിർത്തുന്ന കുട്ടികളുടെ എണ്ണം, കോഴ്സിനുശേഷം കുട്ടികൾക്ക് ജോലിക്ക് ലഭിക്കുന്ന ശമ്പളം എന്നിവയുടെ അടിസ്ഥാനത്തിലാകും അവാർഡുകൾ നിശ്ചയിക്കുക.

തങ്ങൾക്ക് വേണ്ട കരിയറും  യൂണിവേഴ്സിറ്റിയും  ശ്രദ്ധാപൂർവ്വം തെരഞ്ഞെടുക്കാൻ റാങ്കിംഗ് സിസ്റ്റം വിദ്യാർത്ഥികളെ സഹായിക്കുമെന്ന് മിനിസ്റ്റർ സാം ഗിമാ പറഞ്ഞു. ആദ്യം 50 യൂണിവേഴ്സിറ്റികളിൽ ഈ പൈലറ്റ് റാങ്കിംഗ് നടപ്പിലാക്കും. വിജയകരമെന്നു കണ്ടാൽ പബ്ളിക് കൺസൽട്ടേഷനു ശേഷം മറ്റു യൂണിവേഴ്സിറ്റികളിലേയ്ക്കു കൂടി വ്യാപിപ്പിക്കും. തനിക്ക് ലഭിച്ച ഡിഗ്രി കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്നും അതു കേവലം മിക്കി മൗസ് ഡിഗ്രിയാണെന്നും ആരോപിച്ച് ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റിയെ ഒരു വിദ്യാർത്ഥി കോടതി കയറ്റിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ റാങ്കിംഗ് സിസ്റ്റത്തിന് നീക്കം നടത്തുന്നത്.