ന്യുഡല്‍ഹി: മുംബൈ സ്‌ഫോടനക്കേസിലെ പിടികിട്ടാപുള്ളിയും കൊടുംകുറ്റവാളിയുമായ ദാവൂദ് ഇബ്രഹിമിനെതിരെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട്. ദാവൂദിന്റെ മുംബൈയിലെ ആസ്തികള്‍ പിടിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് സുപ്രീം കോടതിയുടെ പിന്തുണ. ആസ്തി പിടിച്ചെടുക്കുന്നതിനെതിരെ ദാവൂദിന്റെ സഹോദരി ഹസീന പാര്‍ക്കറും അമ്മ അമീന ബി കര്‍സകറും സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.

മുംബൈയിലെ നാഗ്പാഡയിലാണ് ദാവുദിന്റെയും അമ്മയുടേയും സഹോദരിയുടേയും പേരില്‍ കോടികള്‍ മൂല്യമുള്ള ആസ്തികള്‍ ഉള്ളത്. കള്ളക്കടത്തുകാരുടെയും ക്രിമിനലുകളുടെയും അവരുടെ കുടുംബത്തിന്റെയും ആസ്തി പിടിച്ചെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ഇത് 1988ല്‍ സര്‍ക്കാര്‍ മുദ്രവച്ചിരുന്നു. ഇതിനെതിരെയാണ് അമ്മയും സഹോദരിയും കോടതിയെ സമീപിച്ചത്. ഇവര്‍ മരണപ്പെട്ടുവെങ്കിലും അവകാശികള്‍ കേസുമായി മുന്നോട്ടുപോകുകയായിരുന്നൂ.

1993ലെ മുംബൈ സ്‌ഫോടന പരമ്പരയ്ക്കു ശേഷം ദാവൂദ് രാജ്യം വിട്ടിരുന്നു. ഇതോടെയാണ് അമ്മയും സഹോദരിയും ഹര്‍ജി നല്‍കിയത്. 1998 ജൂലായില്‍ ഇവരുടെ പരാതികള്‍ ട്രൈബ്യൂണലും മുംബൈ ഹൈക്കോടതിയും തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. 2012ല്‍ സുപ്രീം കോടതി കേസില്‍ തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടിരുന്നു.

അതേസമയം, നിയമപരമായുള്ള വരുമാനം തെളിയിക്കുന്നതിന് അമ്മയ്ക്കും സഹോദരിക്കും നിരവധി അവസരങ്ങള്‍ നല്‍കിയിരുന്നുവെന്നും അവര്‍ക്ക് അതിനു കഴിഞ്ഞില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അമ്മ അമീന ബിയുടെ പേരില്‍ രണ്ടും ഹസീന പാര്‍ക്കറുടെ പേരില്‍ അഞ്ചും പാര്‍പ്പിട സമുച്ചയങ്ങളാണുള്ളത്. കോടിക്കണക്കിന് രൂപ വില മതിക്കുന്നവയാണവ. ദാവൂദിന്റെ അനധികൃതമായ ഇടപാടിലൂടെ സമ്പാദിച്ചവയാണ് ഇവയെന്ന് സര്‍ക്കാര്‍ പറയുന്നു. ദാവൂദിന്റെ പേരില്‍ ദക്ഷിണ മുംബൈയിലുണ്ടായിരുന്ന ഹോട്ടലും ഗസ്റ്റ് ഹൗസും അടക്കമുള്ള ആസ്തികള്‍ സര്‍ക്കാര്‍ നേരത്തെ പിടിച്ചെടുത്തിരുന്നു.