ന്യൂഡല്‍ഹി: വ്യക്തികള്‍ തങ്ങളുടെ വരുമാനത്തെക്കാള്‍ കവിഞ്ഞുള്ള വാങ്ങല്‍ നടപടികളെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ സംവിധാനം കൊണ്ടുവരുന്നു. ആറുലക്ഷം രൂപയ്ക്ക് മുകളില്‍ സ്വര്‍ണ്ണമോ ആഡംബര വസ്തുക്കളോ വാങ്ങിയാല്‍ സാമ്പത്തിക ഇന്റലിജന്‍സ് യൂണിറ്റിന് നിങ്ങളുടെ വരുമാനം സംബന്ധിച്ച് രേഖകള്‍ നല്‍കേണ്ടി വരും. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ പുതിയ ക്രമീകരണങ്ങള്‍ വരുന്നതായിട്ടാണ് സൂചന.

നിലവില്‍ രണ്ടുലക്ഷം രൂപയ്ക്ക് മുകളില്‍ പണമിടപാട് നടത്തുന്നവര്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.
കൂടാതെ നോട്ട് അസാധുവാക്കലിനു ശേഷം 50000 രൂപയ്ക്ക് മുകളില്‍ നിക്ഷേപങ്ങള്‍ നടത്തുന്നവരെയും നിരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പല വിദേശ രാജ്യങ്ങളിലും ആഢംബര വസ്തുക്കള്‍ വാങ്ങുന്നതിന് നിബന്ധനകളുണ്ട്. ഈ രീതി ഇന്ത്യയിലും പ്രാവര്‍ത്തികമാക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

കൂടിയ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങുന്നവരെ നിരീക്ഷിക്കുന്നതു വഴി കള്ളപ്പണം വെളുപ്പിക്കുന്നവരെ കണ്ടെത്താനാകും എന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. നിയമത്തിന്റെ പഴുതുകള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ പുതിയ പദ്ധതി കൊണ്ടു വരുന്നത് എന്നാണ് വാദം.