ബ്രിട്ടനിലെ ജനങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന പൊണ്ണത്തടി ഇല്ലാതാക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടി ഡോക്ടര്‍മാര്‍. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളെക്കുറിച്ച് ഇനി മുതല്‍ ജിപിമാര്‍ രോഗികള്‍ക്ക് ക്ലാസുകള്‍ നല്‍കണമെന്ന് റോയല്‍ കോളേജ് ഓഫ് ജീപീസ് വാര്‍ഷിക കോണ്‍ഫറന്‍സില്‍ നിര്‍ദേശം. സമീകൃതമായ ഡയറ്റ് എങ്ങനെ തയ്യാറാക്കാമെന്നതില്‍ പരിശീലനം നല്‍കാന്‍ വാരാന്ത്യത്തില്‍ തങ്ങളുടെ പ്രാക്ടീസുകളില്‍ വെച്ച് കുക്കറി ക്ലാസുകള്‍ നടത്താന്‍ ജിപിമാര്‍ തയ്യാറാകണമെന്നും നിര്‍ദേശമുയര്‍ന്നു. രോഗികള്‍ ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കുന്നതില്‍ ഡോക്ടര്‍മാര്‍ക്ക് വളരെ വലിയ പങ്കു വഹിക്കാനുണ്ടെന്ന് സമ്മേളനത്തില്‍ പങ്കെടുക്കുന്ന ആരോഗ്യ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

ജിപിമാര്‍ക്കു വേണ്ടി ആരോഗ്യകരമായ റെസിപ്പികളുടെ ഒരു നിര തന്നെ തയ്യാറാക്കി വരികയാണെന്ന് നോണ്‍ പ്രോഫിറ്റ് ഏജന്‍സിയായ കൂളിനറി മെഡിസിന്‍ യുകെയിലെ ഡോ. അഭിനവ് ബന്‍സാലി പറഞ്ഞു. ന്യൂട്രീഷനിലും കുക്കിംഗിലും ജിപിമാര്‍ക്ക് പരിശീലനം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഏജന്‍സിയെന്നും ലണ്ടനിലെ ജോര്‍ജ്‌സ് ഹോസ്പിറ്റലില്‍ ഇന്റന്‍സീവ് കെയറില്‍ പ്രവര്‍ത്തിക്കുന്ന ഡോ.ബന്‍സാലി വ്യക്തമാക്കി. രോഗികള്‍ക്ക് റെസിപ്പി കാര്‍ഡുകള്‍ നല്‍കാനും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ നിര്‍ദേശിക്കുന്ന വെബ്‌സൈറ്റുകള്‍ കാട്ടിക്കൊടുക്കാനുമുള്ള നിര്‍ദേശത്തെ ഡോക്ടര്‍മാര്‍ സ്വാഗതം ചെയ്യുമെന്ന് റോയല്‍ കോളേജ് ഓഫ് ജിപീസ് ചെയര്‍മാന്‍ പ്രൊഫ.ഹെലന്‍ സ്‌റ്റോക്ക്‌സ് ലാംപാര്‍ഡ് പറഞ്ഞു.

പല രോഗികള്‍ക്കും തങ്ങളുടെ ഭക്ഷണ ശീലങ്ങള്‍ മാറ്റണമെന്ന് ആഗ്രഹമുള്ളവരാണ്. എന്നാല്‍ അതിനാവശ്യമായ ഉപദേശങ്ങള്‍ അവര്‍ക്ക് ലഭ്യമാകുന്നില്ല. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ഭക്ഷണത്തില്‍ ഏറെ ഉള്‍പ്പെടുത്തണമെന്നും പഞ്ചസാരയുടെ ഉപയോഗം പരമാവധി കുറയ്ക്കണമെന്നുമൊക്കെ രോഗികള്‍ക്ക് അറിയാം. എന്നാല്‍ അത് കൃത്യമായി എങ്ങനെ നടപ്പാക്കണമെന്നതില്‍ ആശയക്കുഴപ്പമുണ്ട്. അവ ഡോക്ടര്‍മാര്‍ക്ക് പറഞ്ഞു കൊടുക്കാനാകും. 10 പൗണ്ടില്‍ താഴെ മാത്രം ചെലവു വരുന്ന റെസിപ്പികള്‍ തയ്യാറാക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ഡോ.ബന്‍സാലി വെളിപ്പെടുത്തി.