കടുത്ത സ്റ്റാഫിംഗ് പ്രതിസന്ധിയും രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനയും തങ്ങളുടെ ജോലിഭാരം വര്‍ദ്ധിപ്പിക്കുകയാണെന്ന് ജിപിമാര്‍. തങ്ങള്‍ സഹനത്തിന്റെ പാരമ്യത്തിലാണെന്നും രോഗികളുടെ സുരക്ഷയെ ഇത് കാര്യമായി ബാധിക്കാനിടയുണ്ടെന്നും ജിപിമാര്‍ അറിയിക്കുന്നു. ഡെയിലി അപ്പോയിന്റ്മെന്റുകളുടെ എണ്ണത്തില്‍ നിയന്ത്രണം കൊണ്ടുവരണമെന്ന് പ്രമേയം പാസാക്കിയിരിക്കുകയാണ് ഫാമിലി ഡോക്ടര്‍മാര്‍. ശരിയായ വിധത്തിലുള്ള ഫണ്ടിംഗ് ലഭ്യമാക്കുന്നതു വരെ പുതിയ രജിസ്ട്രേഷനുകള്‍ നിര്‍ത്തിവെക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ജിപിമാരുടെ ഈ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചു.

നിലവില്‍ 70 രോഗികളെ വരെയാണ് ജിപിമാര്‍ ഓരോ ദിവസവും പരുശോധിക്കുന്നത്. ഇത് 25 രോഗികള്‍ വരെയായി ചുരുക്കണമെന്ന് ചില ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു. അതേസമയം ഇത് നിലവില്‍ വന്നാല്‍ അപ്പോയിന്റ്മെന്റുകള്‍ താമസിക്കുകയും ആക്സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളിലെ തിരക്ക് വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് പേഷ്യന്റ്സ് ഗ്രൂപ്പുകള്‍ പറയുന്നു. നിലിവിലെ സാഹചര്യം ഭ്രാന്തുപിടിപ്പിക്കുന്നതാണെന്ന് ഡോക്ടര്‍മാരുടെ ആവശ്യം മുന്നോട്ടുവെച്ച ഡോ.സതീഷ് നാരംഗ് പറഞ്ഞു. ബ്രൈറ്റണില്‍ നടക്കുന്ന ബിഎംഎ ആനുവല്‍ കോണ്‍ഫറന്‍സിലാണ് ജിപിമാര്‍ ഈ ആവശ്യവുമായി രംഗത്തെത്തിയത്.

ദിവസത്തിന്റെ സമയപരിധിക്കുള്ളില്‍ വളരെ കുറച്ച് രോഗികള്‍ക്ക് മാത്രമേ ശരിയായ സുരക്ഷ ഉറപ്പു നല്‍കാന്‍ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഫണ്ടിംഗ് ഇല്ലാതെ, ജീവനക്കാരും ആവശ്യമായ റിസോഴ്സുകളുമില്ലാതെ ജോലി ചെയ്യിക്കുന്നത് അതിന്റെ ഗുണനിലവാരത്തെ മോശമായി ബാധിക്കും. ഇത് രോഗികളുടെ സുരക്ഷയ്ക്കായിരിക്കും വെല്ലുവിളി ഉയര്‍ത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.