ലണ്ടന്‍: എ ലെവല്‍ പരീക്ഷയ്ക്കു മുന്നോടിയായി നടത്തിയ ഇന്റേണല്‍ പരീക്ഷയില്‍ ഉയര്‍ന്ന ഗ്രേഡുകള്‍ ലഭിക്കാതിരുന്ന വിദ്യാര്‍ത്ഥികളെ ഗ്രാമര്‍ സ്‌കൂള്‍ അധികൃതര്‍ അനധികൃതമായി പുറത്താക്കിയെന്ന് ആരോപണം. ബ്രോംലിയിലെ ഓര്‍പിംഗ്ടണിലുള്ള സെന്റ് ഒലേവ്‌സ് ഗ്രാമര്‍ സ്‌കൂള്‍ ആണ് 16 വിദ്യാര്‍ത്ഥികളെ പുറത്താക്കിയത്. എ ഗ്രേഡുകള്‍ നേടാത്തതിനാലാണ് അധികൃതര്‍ വിദ്യാര്‍ത്ഥികളെ ഈ വിധത്തില്‍ ശിക്ഷിച്ചതെന്നാണ് വിവരം. തന്റെ കുട്ടിയെ മാലിന്യം തള്ളുന്നതുപോലെയാണ് ഒഴിവാക്കയതെന്നായിരുന്നു ഒരു രക്ഷിതാവ് പ്രതികരിച്ചത്.

മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂള്‍ അധികൃതര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. മോക്ക് പരീക്ഷയില്‍ ബി ഗ്രേഡെങ്കിലും ലഭിച്ചില്ലെങ്കില്‍ എ ലെവല്‍ പരീക്ഷയില്‍ പങ്കെടുപ്പിക്കില്ലെന്നാണ് സ്‌കൂള്‍ അറിയിക്കുന്നത്. സ്‌കൂളില്‍ തുടരുന്ന കാര്യം സ്വയം തീരുമാനിക്കാമെന്നും അല്ലാത്തവര്‍ നിബന്ധന അംഗീകരിച്ച് ഒപ്പിട്ടു നല്‍കണമെന്നും നോട്ടീസ് പറയുന്നു. നടപടിക്കെതിരെ ചില രക്ഷിതാക്കള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ബ്രോംലിയിലെ ലോക്കല്‍ അതോറിറ്റിക്കാണ് സ്‌കൂളിന്റെ നടത്തിപ്പ് ചുമതല. സെപ്റ്റംബര്‍ 20ന് കോടതി കേസില്‍ വാദം കേള്‍ക്കും.

എക്‌സാം ഫാക്ടറിയായി പ്രവര്‍ത്തിക്കുന്ന സ്‌കൂളിനെതിരെ രക്ഷിതാക്കള്‍ കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തേക്കാള്‍ പരീക്ഷാഫലത്തിനും ലീഗ് ടേബിളിലെ സ്ഥാനത്തിനും മാത്രമാണ് സ്‌കൂള്‍ പ്രാധാന്യം നല്‍കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ എ ലെവല്‍ മറ്റു സ്‌കൂളുകളില്‍ പൂര്‍ത്തിയാക്കാനാകുമോ എന്ന ആശങ്കയിലാണ്.