ഗ്രാമര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളാണല്ലോ ഏറ്റവും മികച്ച വിജയം കരസ്ഥമാക്കുന്നത്. എന്നാല്‍ ഈ സ്‌കൂളുകളുടെ മിടുക്കാണോ വിദ്യാര്‍ത്ഥികളുടെ ഈ വര്‍ദ്ധിച്ച വിജയശതമാനത്തിന് കാരണമാകുന്നത്? അങ്ങനെയല്ലെന്നാണ് കിംഗ്‌സ് കോളേജ് ലണ്ടന്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത്. കുട്ടികളുടെ ജനിതക ഗുണങ്ങളാണ് അവരെ ഉന്നത വിജയം നേടാന്‍ പ്രാപ്തരാക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സെലക്ടീവ് സ്‌കൂളുകളിലെയും നോണ്‍ സെലക്ടീവ് സ്‌കൂളുകളിലെയും കുട്ടികളുടെ ജനിതക വ്യത്യാസങ്ങള്‍ പഠനവിധേയമാക്കിയാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.

വിദ്യാര്‍ത്ഥികളുടെ ജിസിഎസ്ഇ ഫലമാണ് ഇവര്‍ വിശകലന വിധേയമാക്കിയത്. ഗ്രാമര്‍, പ്രൈവറ്റ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷയിലെ പ്രകടനം മികച്ചതായിരുന്നുവെന്ന് കണ്ടെത്തി. എന്നാല്‍ ഇതിന് കാരണം സ്‌കൂള്‍ അന്തരീക്ഷത്തേക്കാള്‍ അവരുടെ ജനിതകമായ പ്രത്യേകതകള്‍ കാരണമാണെന്ന് പഠനത്തില്‍ വ്യക്തമായി. 16 വയസ് വരെയുള്ള കുട്ടികളുടെ അക്കാഡമിക് നേട്ടങ്ങളില്‍ അവര്‍ പഠിക്കുന്ന സ്‌കൂളുകള്‍ കാര്യമായ സ്വാധീനം ചെലുത്തുന്നില്ലെന്നാണ് വ്യക്തമായതെന്ന് എന്‍പിജെ സയന്‍സ് ഓഫ് ലേണിംഗ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു.

സ്‌കൂളുകളുടെ നിലവാരം അക്കാഡമിക് നേട്ടങ്ങളെ സ്വാധീനിക്കാമെങ്കിലും ഗ്രാമര്‍ സ്‌കൂള്‍ ആയതുകൊണ്ടു മാത്രം കുട്ടികളുടെ പ്രകടനം മെച്ചപ്പെടണമെന്നില്ലെന്ന് പഠനം തയ്യാറാക്കിയ എമിലി സ്മിത്ത് വൂളി അഭിപ്രായപ്പെടുന്നു. അധ്യാപകരുടെ പരിശീലന കോഴ്‌സുകളില്‍ ജനിതക പ്രത്യേകതകളേക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് പഠനത്തില്‍ പങ്കെടുത്ത മറ്റൊരു ഗവേഷകനായ പ്രൊഫ.റോബര്‍ട്ട് പ്ലോമിനും ആവശ്യപ്പെട്ടു. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും 4000 വിദ്യാര്‍ത്ഥികളെയാണ് പഠനത്തിന് വിധേയരാക്കിയത്. കുട്ടികളുടെ ജീനോടൈപ്പ്, സാമൂഹിക-സാമ്പത്തിക നിലവാരം, അക്കാഡമിക് കഴിവുകള്‍, നേട്ടങ്ങള്‍ മുതലായവ പഠനവിധേയമാക്കി.