വര്‍ഗീസ്‌ ആന്റണി
ഗ്രാവിറ്റേഷണല്‍ വേവ്സിന്‍റെ കണ്ടുപിടുത്തത്തില്‍ പങ്കാളിയായ അജിത്ത് പരമേശ്വരനെ കുറിച്ച് സുഹൃത്തും മലയാളം യുകെ ന്യൂസ് ടീം അംഗവുമായ വര്‍ഗീസ്‌ ആന്റണിയുടെ ലേഖനം
പ്രപഞ്ചത്തേക്കുറിച്ചുള്ള എണ്ണമില്ലാത്ത ചോദ്യങ്ങളില്‍ ചിലതിനെങ്കിലും ഉത്തരം നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന ഒരു ശാസ്ത്ര രഹസ്യം കൂടി മനുഷ്യന്‍ അനാവരണം ചെയ്തിരിക്കുന്നു. ഗ്രാവിറ്റേഷണല്‍ വേവ്‌സ് എന്ന ഗുരുത്വ തരംഗങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി ഇതിനേക്കുറിച്ച് ഗവേഷണം നടത്തുന്ന ലിഗോ പ്രൊജക്ട് തലവന്‍മാര്‍ ഇന്നലെ അമേരിക്കയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൃത്യം ഒരു നൂറ്റാണ്ട് മുന്‍പ് (1916ല്‍) ആല്‍ബര്‍ട് ഐന്‍സ്റ്റീന്‍ പ്രവചിച്ച ശാസ്ത്ര സമസ്യമാണ് വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കുരുക്കഴിച്ചെടുത്തിരിക്കുന്നത്. ലോകം ഒരു ചുവട് മുന്നോട്ട് കാല്‍ വച്ചു എന്നാണ് മാധ്യമങ്ങള്‍ ഈ കണ്ടെത്തലിനെ വിശേഷിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തൊള്ളായിരത്തോളം ഗവേഷകരായിരുന്നു ഈ അന്വേഷണത്തിന്റെ ഭാഗമായത്. അവരില്‍ ഞങ്ങളുടെ പ്രിയപ്പെട്ട സുഹൃത്ത് അജിത്ത് പരമേശ്വരനുമുണ്ട് എന്നത് അഭിമാനകരമാണ്. Parameswaran Ajith

അജിത്ത് പരമേശ്വരൻ
കോട്ടയത്ത് എം.ജി.യൂണിവേഴ്‌സിറ്റി ക്യാംപസില്‍ പഠിക്കുന്ന കാലത്ത്, അവിടെ നാടകം കളിക്കാനും ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കാനും എസ്.എഫ്.ഐയുടെ പോസ്റ്ററെഴുതാനും മുന്‍പന്തിയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിയായിരുന്നു അജിത്ത്. കോട്ടയത്തെ പഠന ശേഷം ജര്‍മ്മനിയിലെ മാക്‌സ്പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്രാവിറ്റേഷണല്‍ ഫിസിക്‌സില്‍ നിന്ന് ഗവേഷണ ബിരുദം. തുടര്‍ന്ന് അമേരിക്കയിലെ ലിഗോ പ്രൊജക്ടിലേക്ക്. വര്‍ഷങ്ങേളാളം അവിടെ നിന്ന ശേഷം അടുത്തിടെ ലിഗോ പ്രൊജക്ടിന്റെ ഇന്ത്യന്‍ ലാബ് ക്രമീകരിക്കുന്നതുള്‍പ്പെടെയുള്ള ദൗത്യങ്ങളുമായി ഇന്ത്യയിലേക്ക്. അതിനിടയിലുണ്ടായ സര്‍ക്കാര്‍ മാറ്റവും മറ്റും പദ്ധതിയെ അല്‍പം വൈകിച്ചെന്ന് തോന്നുന്നു. പക്ഷേ, കാര്യങ്ങള്‍ മുന്നോട്ട് തന്നെയാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്നലെ ട്വീറ്റ് ചെയ്ത വാക്കുകളില്‍ അതിന്റെ സൂചനയുണ്ട്. ഗ്രാവിറ്റേഷണല്‍ വേവ്‌സ് കണ്ടെത്തിയ സംഘത്തിലെ ഇന്ത്യന്‍ ഗവേഷകരെ അഭിനന്ദിച്ച് മോഡി നടത്തിയ പ്രസ്താവനയില്‍ ബാംഗ്ലൂരില്‍ വരാനിരിക്കുന്ന ലിഗോ പ്രൊജക്ട് ലാബിനേക്കുറിച്ച് പറയുന്നുണ്ട്. ” Historic detection of gravitational waves opens up new frontier for understanding of universe! Immensely proud that Indian scientists played an important role in this challenging quest. Hope to move forward to make even bigger cotnribution with an advanced gravitational wave detector in the coutnry.” മോഡി ഇന്നലെ ഇങ്ങനെ ട്വീറ്റ് ചെയ്തു.

തമോഗർത്തങ്ങൾ സൃഷ്ടിക്കുന്ന ഊർജ തരംഗങ്ങളുടെ ചിത്രീകരണം
ഗ്രാവിറ്റേഷണല്‍ വേവ്‌സ് എന്നാല്‍ എന്താണെന്ന് എനിക്ക് വിശദീകരിച്ച് തരാന്‍ അജിത് ശ്രമിച്ചിട്ടുണ്ട്. അത് കണ്ടെത്തുന്നതിലെ ബുദ്ധിമുട്ടും വിശദീകരിച്ചിട്ടുണ്ട്. പ്രപഞ്ചത്തിന്റെ അജ്ഞാത കോണുകളില്‍ നിന്നും പുറപ്പെടുന്ന ഊര്‍ജ തരംഗങ്ങള്‍ തിരമാലകളെന്ന പോലെ നമ്മളെ കടന്ന് പോകുന്നുണ്ട്. ഈ വേവ്‌സിന്റെ സാന്നിധ്യം ഭൂമി ഉള്‍പ്പെടെയുളള എല്ലാത്തിലും ചില മാറ്റങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. വളരെ ചെറിയ മാറ്റമാണ് ഇത് ഉണ്ടാക്കുന്നത്. ഗ്രാവിറ്റേഷണല്‍ വേവ്‌സ് വരുമ്പോള്‍ ഭൂമി ഒരു മില്ലീമീറ്റര്‍ വികസിക്കുന്നു എന്നാണ് സങ്കല്‍പം. ഭൂമി മാത്രമല്ല, സകല ചരാചരങ്ങളും വികസിക്കും. 24000 കിലോമീറ്റര്‍ വ്യാസമുള്ള ഭൂമി ഒരു മില്ലീമീറ്ററാണ്രേത വികസിക്കുന്നത്. അത് തെളിയിക്കാന്‍ എളുപ്പമാകില്ലല്ലോ. അതായിരുന്നു ഈ അന്വേഷണത്തിന്റെ ബുദ്ധിമുട്ട്. ഗ്രാവിറ്റേഷണല്‍ വേവ്‌സിനേക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ താഴത്തെ ലിങ്കിലുള്ള വീഡിയോ സഹായിക്കും.

ലിവിങ്‌സ്റ്റണിലും സ്റ്റാൻഫോഡിലുമുള്ള ലിഗോ ലാബുകൾ. നാല് കിലോമീറ്ററാണ് തുരങ്കത്തിന്റെ ഒരു വശത്തേക്കുള്ള നീളം

ലിഗോ ലാബിന്റെ സമീപ ദൃശ്യം

ഇത് കണ്ടെത്താന്‍ അമേരിക്കയില്‍ രണ്ടിടത്ത് കൂറ്റന്‍ ലാബുകളാണ് സ്ഥാപിച്ചിട്ടുള്ളത്. (വേറൊരെണ്ണം ഇന്ത്യയില്‍ സ്ഥാപിക്കാനാണ് അജിത് ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്) ഇംഗ്ലീഷ് അക്ഷരമാലയിലെ ‘L’ മാതൃകയില്‍ രണ്ട് വശത്തേക്ക് നിര്‍മ്മിച്ചിട്ടുള്ള വലിയ തുരങ്കമാണ് പ്രധാന ഭാഗം. ഒരു വശത്തേക്കുള്ള തുരങ്കത്തിന് നാല് കിലോമീറ്റര്‍ നീളമുണ്ട്. അതില്‍ നിറയെ വിവിധ തരം ഉപകരണങ്ങള്‍. ഇരുപത് വര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടും തരംഗങ്ങളുടെ സാന്നിധ്യം കണ്ടെത്താന്‍ ഗവേഷക സംഘത്തിന് കഴിഞ്ഞില്ല. അതേത്തുടര്‍ന്ന് അടുത്തിടെ നവീകരിച്ച ലിഗോ ലാബ് അധികം വൈകാതെ ആ ചോദ്യത്തിന് ഉത്തരം നല്‍കി. ഭൂമിയില്‍ നിന്ന് 130 കോടി പ്രകാശ വര്‍ഷം അകലെയുള്ള രണ്ട് തമോഗര്‍ത്തങ്ങള്‍ പരസ്പരം ലയിക്കുമ്പോള്‍ ഉടലെടുത്ത ഊര്‍ജ പ്രവാഹത്തെ അത് കണ്ടെത്തി. 1992ല്‍ തുടങ്ങിയ അന്വേഷണത്തിനാണ് ഇതോടെ ഉത്തരമായത്.

ഒരാള്‍ ഒറ്റക്ക് തന്റെ ലാബിലിരുന്ന് കണ്ടെത്തുന്ന ശാസ്ത്രരഹസ്യങ്ങളുടെ കാലം കഴിഞ്ഞെന്ന് അജിത് പറയുമായിരുന്നു. ഒരുപാട് പേര്‍ ചേര്‍ന്ന് മാത്രം ചുരുളഴിക്കേണ്ട വലിയ സമസ്യകള്‍ നിരവധിയുണ്ട്. നൂട്രിനോ പരീക്ഷണമൊക്കെ ആ ഗണത്തില്‍ വരുന്നവയാണ്. ലിഗോ പ്രൊജക്ടില്‍ 900 പേരുണ്ടായിരുന്നു. അത്തരം അന്വേഷണങ്ങളാണ് മനുഷ്യ സമൂഹത്തെ മുന്നോട്ട് നയിക്കുക എന്ന് അജിത് പറയുന്നു. അത്തരമൊരു വലിയ പദ്ധതിയുടെ ഭാഗമായി, ഇനി വരാനിരിക്കുന്ന മനുഷ്യ സമൂഹത്തിനാകമാനം വെളിച്ചമാകുന്ന നേട്ടം കൊയ്തടുത്ത സംഘത്തിലെ അംഗമായ ഞങ്ങളുടെ അജിത്തിന് അഭിനന്ദനങ്ങള്‍. അതിരുകളില്ലാത്ത ആകാശത്തോളം വളരട്ടെ അവന്റെ നേട്ടങ്ങള്‍.