ജോജി തോമസ്

സീറോ മലബാര്‍ സഭാ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പ്രധാന വികാരി ജനറാളും രൂപതയാരംഭിക്കുന്നതിനു മുമ്പ് ബ്രിട്ടനിലെ സീറോ മലബാര്‍ സഭാ കോഓര്‍ഡിനേറ്റരുമായിരുന്ന ഫോ.തോമസ് പാറയടി ബ്രിട്ടനിലെ സേവനങ്ങള്‍ അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. 2007ല്‍ ബ്രിട്ടനില്‍ എത്തിയ പാറയടിയച്ചന്‍ സീറോ മലബാര്‍ സഭയെ ബ്രിട്ടനില്‍ കെട്ടിപ്പടുക്കാന്‍ വളരെയധികെ പ്രയത്‌നിച്ച വ്യക്തികളിലൊരാളാണ്. കാഞ്ഞിരപ്പള്ളിക്കടുത്തുള്ള തിടനാട് സ്വദേശിയായ ഫാ.തോമസ് പാറയടി എംഎസ്ടി സഭാംഗമാണ്. സീറോ മലബാര്‍ സഭയുടെ ലണ്ടന്‍ റീജിയണല്‍ കോഓര്‍ഡിനേറ്ററായും സേവനം അനുഷ്ഠിച്ചിട്ടുള്ള തോമസ് പാറയടിയച്ചന്‍ സീറോ മലബാര്‍ സഭയുടെ രൂപതാ രൂപീകരണത്തെത്തുടര്‍ന്ന് പ്രധാന വികാരി ജനറാളായി പ്രവര്‍ത്തിക്കുകയായിരുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ രണ്ടാം വാര്‍ഷികാഘോഷത്തില്‍ ഫാ. തോമസ് പാറയടിയുടെ സേവനങ്ങളെ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നന്ദിയോടെ അനുസ്മരിച്ചു.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ രൂപീകരണത്തിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള ചടങ്ങുകള്‍ ഭക്തിനിര്‍ഭരമായ തിരുക്കര്‍മ്മങ്ങളോടെ പ്രസ്റ്റണിലെ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ദേവാലയത്തില്‍ നടത്തപ്പെട്ടു. ബ്രിട്ടനിലെമ്പാടുമുള്ള വൈദികരും വിശ്വാസികളും പങ്കെടുത്ത തിരുക്കര്‍മ്മങ്ങള്‍ക്ക് തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. തോമാശ്ലീഹാ പകര്‍ന്നു നല്‍കിയ വിശ്വാസവും പാരമ്പര്യവും കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഉറവിടങ്ങളിലേക്ക് തിരിച്ചു പോകേണ്ടതിന്റെ പ്രസക്തിയും കുര്‍ബാന മധ്യേയുള്ള സന്ദേശത്തില്‍ മാര്‍ ആന്‍ഡ്രൂസ് ചൂണ്ടിക്കാട്ടി. താന്‍ ആരാണെന്ന ആത്മബോധമുള്ളവനേ ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ സാധിക്കൂ. സീറോ മലബാര്‍ സഭയുടെ ഭാവി പ്രവാസികളിലാണെന്നും 35000ത്തോളം കുടുംബങ്ങള്‍ ബ്രിട്ടനില്‍ തന്നെയുണ്ടെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. സഭയെ ശക്തിപ്പെടുത്തേണ്ട കടമ വിശ്വാസികള്‍ക്കുണ്ടെന്ന് ഓര്‍മിപ്പിച്ച ആര്‍ച്ച് ബിഷപ്പ് സഭയെയും വിശ്വാസത്തെയും തകര്‍ക്കാനുള്ള സംഘടിത ശ്രമങ്ങളെക്കുറിച്ച് വിശ്വാസികള്‍ ജാഗരൂകരായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സൂചിപ്പിച്ചു.

ഉച്ചതിരിഞ്ഞു നടന്ന വിവിധ മാസ് സെന്ററുകളിലെ ഭാരവാഹികളുടെ ആലോചനാ യോഗത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. നവംബര്‍ 23 മുതല്‍ ഡിസംബര്‍ 10 വരെ സീറോ മലബാര്‍ സഭാ തലവന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി രൂപത സന്ദര്‍ശിക്കുന്നതും 35ഓളം മിഷനുകള്‍ ഉദ്ഘാടനം ചെയ്യപ്പടുന്ന വിവരവും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആലോചനാ യോഗത്തെ അറിയിച്ചു. രൂപതയുടെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തെയും വളര്‍ച്ചയെയും വിവിധ ഭക്ത സംഘടനകളുടെ പ്രവര്‍ത്തനത്തെയും വിലയിരുത്തിയ യോഗം രൂപത രണ്ടു വര്‍ഷം കൊണ്ട് നേടിയ പുരോഗതിയില്‍ സംതൃപ്തി രേഖപ്പെടുത്തുകയും മറ്റു പല വിദേശരാജ്യങ്ങളില്‍ നേടിയതിലും വേഗതയിലാണ് ബ്രിട്ടനിലെ സഭയുടെ വളര്‍ച്ചയെന്ന് നിരീക്ഷിക്കുകയും ചെയ്തു.