ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയെക്കുറിച്ച് ദൈവത്തിന് വ്യക്തമായ പദ്ധതികളുണ്ടെന്നും ആ പദ്ധതികളോട് വി. യൗസേപ്പിനെപ്പോലെ സഹകരിക്കാന്‍ സഭാ മക്കളെല്ലാവരും തയ്യാറാകണമെന്നും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. വി. യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍ ദിവസമായ ഇന്നലെ പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ദേവാലയത്തില്‍ ഒത്തുകൂടിയ വിശ്വാസ സമൂഹത്തോട് ദിവ്യബലി മദ്ധ്യേ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ വരുന്ന ഒരു വര്‍ഷത്തേക്ക് തിരുക്കര്‍മ്മങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള മൂറോന്‍ (വി. തൈലം) കൂദാശയ്ക്കും വൈദിക വിശ്വാസ പ്രതിനിധികളുടെ സമ്മേളനത്തിനുമായാണ് ഇന്നലെ വിശ്വാസ സമൂഹം പ്രസ്റ്റണ്‍ കത്തീഡ്രലില്‍ ഒത്തുകൂടിയത്.

രാവിലെ ദിവ്യബലിക്കു മുമ്പായി കത്തീഡ്രല്‍ വികാരി റവ. ഡോ. മാത്യൂ ചൂരപൊയ്കയില്‍ എല്ലാവര്‍ക്കും സ്വാഗതമാശംസിച്ചു. ദിവ്യബലിമധ്യേ പ്രധാന കാര്‍മ്മികനായിരുന്ന മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മൂറോന്‍ കൂദാശ കര്‍മ്മം നടത്തി. കാത്തോലിക്കാ തിരുസഭയുടെ പാരമ്പര്യമനുസരിച്ച് ഓരോ രൂപതയുടെയും മെത്രാനാണ് ഈ കൂദാശ കര്‍മ്മം നിര്‍വ്വഹിക്കേണ്ടത്. മനുഷ്യത്വത്തെ അഭിഷേകം ചെയ്യുന്ന ദൈവത്വത്തിന്റെ സാന്നിധ്യമാണ് ഈ വി. തൈലത്തില്‍ സഭാ മക്കള്‍ അനുഭവിക്കുന്നതെന്ന് വചനസന്ദേശത്തില്‍ ബിഷപ്പ് അനുസ്മരിച്ചു. ദൈവം തിരുമനസാകുന്നങ്കില്‍ ഈ അഭിഷേക തൈലത്താല്‍ നിരവധി കുഞ്ഞുങ്ങളും പുതിയ ദേവാലയങ്ങളും അഭിഷേകം ചെയ്യപ്പെടാന്‍ ഇടയാകട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

വി. കുര്‍ബാനയുടെ സമാപനത്തില്‍ വി. യൗസേപ്പിതാവിനോടുള്ള തിരുനാള്‍ ലദീഞ്ഞു പ്രാര്‍ത്ഥന നടന്നു. കത്തീഡ്രല്‍ ദേവാലയത്തില്‍ ഇന്നലെ പ്രതിഷ്ഠിച്ച, ഭാരതത്തിലെ പ്രഥമ രക്തസാക്ഷിണിയായ വാഴ്ത്തപ്പെട്ട സി. റാണി മരിയായുടെ തിരുശേഷിപ്പും വി. യൗസേപ്പിതാവിന്റെ തിരുസ്വരൂപവും ധൂപാര്‍ച്ചന നടത്തി. തിരുക്കര്‍മ്മങ്ങളുടെ സമാപനത്തില്‍ സഭാ സമൂഹത്തെ പ്രതിനിധീകരിച്ച് പ്രോട്ടോ സിഞ്ചെല്ലൂസ് (മുഖ്യ വികാരി ജനറല്‍) റവ. ഡോ. തോമസ് പാറയടിയില്‍ എം.എസ്.ടി അഭിവന്ദ്യ പിതാവിന് തിരുനാള്‍ മംഗളങ്ങള്‍ നേര്‍ന്നു സംസാരിച്ചു.

ഉച്ചകഴിഞ്ഞു നടന്ന വൈദിക സമ്മേളനത്തില്‍ രൂപതയുടെ വളര്‍ച്ചയിലെ പ്രധാന നാഴികക്കല്ലായ മിഷന്‍/ പാരിഷ് സെന്ററുകളെക്കുറിച്ചുള്ള ആശയാവിഷ്‌കാരം നടത്തി. പാസ്റ്ററല്‍ കോ – ഓര്‍ഡിനേറ്റര്‍ റവ. ഫാ. ടോണി പഴയകളം സിഎസ്ടിയാണ് ഇത് അവതരിപ്പിച്ചത്. വൈദിക സമിതിയുടെ മുമ്പില്‍ നടന്ന അവതരണത്തിനും ചര്‍ച്ചകള്‍ക്കും ശേഷം ഇത് വൈദിക – അല്‍മായ സംയുക്ത പ്രതിനിധി അംഗങ്ങളുടെ മുമ്പിലും അവതരിപ്പിക്കപ്പെട്ടു. ഭാവിയില്‍ പ്രാവര്‍ത്തികമാക്കാനുദ്ദേശിക്കുന്ന മിഷന്‍/പാരിഷ് ആശയപ്രകാരം ഇപ്പോഴുള്ള 173 വി. കുര്‍ബാന സെന്ററുകള്‍ 61 സീറോ മലബാര്‍ മിഷന്‍ സെന്ററുകളും ഉള്‍പ്പെടെ രൂപതയുടെ 76 മിഷന്‍ സെന്ററുകളായി പുനഃക്രമീകരിക്കപ്പെട്ടു. 2018 ഡിസംബര്‍ 2ന് ഔദ്യോഗികമായി നിലവില്‍ വരുന്ന ഈ സംവിധാനത്തെക്കുറിച്ച് വിശദമായി പഠിക്കാനും ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുവാനും വരുന്ന ഒന്‍പത് മാസത്തെ സാവകാശമുണ്ടായിരിക്കുമെന്ന് രൂപതാധ്യക്ഷന്‍ അറിയിച്ചു.

ഭാരതത്തിനു പുറത്തുള്ള മറ്റു സീറോ മലബാര്‍ രൂപതകളില്‍ വളരെ വിജയപ്രദമായും വിശ്വാസികള്‍ക്കു സഹായകരമായും രൂപീകരിച്ചിട്ടുള്ള ഇത്തരം മിഷന്‍ വി. കുര്‍ബാന കേന്ദ്രങ്ങള്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ വിശ്വാസ സമൂഹത്തിനും ഏറെ പ്രയോജനകരമാകുമെന്ന് മാര്‍ സ്രാമ്പിക്കല്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഓരോ മിഷന്‍/പാരിഷ് കേന്ദ്രങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന വൈദികരെയും മാര്‍ സ്രാമ്പിക്കല്‍ നിയമിച്ചു.

തിരുക്കര്‍മ്മങ്ങള്‍ക്ക് മാര്‍ സ്രാമ്പിക്കലിനോടൊപ്പം വികാരി ജനറാള്‍മാരായ റവ. ഡോ. തോമസ് പാറയടിയില്‍ എംഎസ്ടി, റവ. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍, റവ. മാത്യൂ ചൂരപൊയ്കയില്‍, രൂപതാ ചാന്‍സലര്‍ റവ. ഡോ. മാത്യു പിണക്കാട്ട്, പാസ്റ്ററല്‍ കോ ഓര്‍ഡിനേറ്റര്‍ റവ. ഫാ. ടോണി പഴയകളം സിഎസ്ടി, സെക്രട്ടറി റവ. ഫാ. ഫാന്‍സ്വാ പത്തില്‍ തുടങ്ങിയവരും രൂപതയുടെ വിവിധ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികര്‍, ഡീക്കന്മാര്‍, സിസ്റ്റേഴ്‌സ്, വൈദിക വിദ്യാര്‍ത്ഥികള്‍, ഓരോ വി. കുര്‍ബാന സെന്ററുകളില്‍ നിന്നുമുള്ള കൈക്കാരന്മാര്‍, കമ്മിറ്റിയംഗങ്ങള്‍, മതാധ്യാപകര്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സാക്ഷ്യം വഹിച്ചു. രൂപതാ ഗായകസംഘത്തിനു നേതൃത്വം നല്‍കുന്ന റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ നേതൃത്വത്തിലുള്ള ഗായകസംഘം തിരുക്കര്‍മ്മങ്ങളെ ഭക്തിസാന്ദ്രമാക്കി.