ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വിവിധ റീജിയണുകളില്‍ വച്ച് വി. കുര്‍ബാനയെക്കുറിച്ചുള്ള പഠനക്ലാസുകള്‍ സംഘടിപ്പിക്കുന്നു. സീറോ മലബാര്‍ സഭയുടെ ലിറ്റര്‍ജിക്കല്‍ കമ്മീഷന്‍ സെക്രട്ടറിയും വാടവാതുര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് മേജര്‍ സെമിനാരിയിലെ ലിറ്റര്‍ജി വിഭാഗം തലവനുമായ റവ. ഡോ. പോളി മണിയാട്ട് ആണ് ക്ലാസുകള്‍ നയിക്കുന്നത്.

കഴിഞ്ഞ നവംബറില്‍ നടന്ന പ്രഥമ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ എപ്പാര്‍ക്കിയല്‍ സമ്മേളനത്തില്‍ റവ. ഡോ. പോളി മണിയാട്ട് സീറോ മലബാര്‍ വി. കുര്‍ബാനയുടെ ദൈവശാസ്ത്ര ആഴത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും പേപ്പര്‍ അവതരിപപ്പിച്ചിരുന്നു. വിശ്വാസികളുടെ ഇടയില്‍ നിന്നും അതിനു ലഭിച്ച മികച്ച പ്രതികരണത്തിന്റെ തുടര്‍ച്ചയായാണ് രൂപതയിലുടനീളമുള്ള സീറോ മലബാര്‍ വിശ്വാസികള്‍ക്കായി ഇത്തരം പഠനക്ലാസുകള്‍ സംഘടിപ്പിക്കുന്നതെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. വി. കുര്‍ബാന അര്‍പ്പിക്കാനായി വിവിധ സ്ഥലങ്ങളില്‍ ഒരുമിച്ച് കൂടിയ ചെറിയ സമൂഹങ്ങള്‍ വളര്‍ന്നാണ് ഇന്നു നാം കാണുന്ന രൂപതയുടെ വളര്‍ച്ചയിലേയ്‌ക്കെത്തിയതെന്നും ആദിമ സഭയിലും വി. കുര്‍ബാനയെ കേന്ദ്രീകരിച്ചാണ് സഭാ സമൂഹങ്ങള്‍ വളര്‍ന്നു വന്നതെന്നും മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു.

സൗത്താംപ്ടണ്‍, മാഞ്ചസ്റ്റര്‍, ഗ്ലാസ്‌ഗോ, ലണ്ടന്‍, കേംബ്രിഡ്ജ്, ബ്രിസ്‌റ്റോള്‍ – കാര്‍ഡിഫ്, പ്രസ്റ്റണ്‍, കവന്‍ട്രി എന്നിവിടങ്ങളിലായി ഏപ്രില്‍ – മെയ് മാസങ്ങളില്‍ പന്ത്രണ്ട് ഇടങ്ങളിലായാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ റവ. ഫാ. രാജേഷ് ആനാത്തില്‍, റവ. ഫാ. സജിമോന്‍ മലയില്‍ പുത്തന്‍ പുരയില്‍, റവ. ഫാ. ജോസഫ് വെമ്പാടുംന്തറ, റവ. ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളില്‍, റവ. ഫാ. ജോസഫ് പിണക്കാട്ട്, റവ. ഫാ. ജോസ് അന്ത്യാംുളം, റവ. എ ഫിലിപ്പ് പന്തമാക്കല്‍, റവ. ഫാ. സെബ്സ്റ്റ്യന്‍ ചാമക്കാല, റവ. ഫാ. പോള്‍ വെട്ടിക്കാട്ട്, റവ. ഫാ. മാത്യൂ ചൂരപ്പൊയ്കയില്‍, റവ. ഫാ. ഹാന്‍സ് പുതിയാകുളങ്ങര, റവ. ഫാ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍ തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ പഠന ക്ലാസുകള്‍ക്കു നേതൃത്വം നല്‍കും.

വി. കുര്‍ബാനയെക്കുറിച്ച് ആഴത്തില്‍ മനസിലാക്കാന്‍ സഹായിക്കുന്ന ഈ പഠനക്ലാസില്‍ എല്ലാ വിശ്വാസികളും പ്രത്യേകിച്ച് കൈക്കാരന്മാര്‍, കമ്മിറ്റിയംഗങ്ങള്‍, വേദപാഠ അധ്യാപകര്‍, വിമെന്‍സ് ഫോറം അംഗങ്ങള്‍, അള്‍ത്താര ശുശ്രൂഷികള്‍ എന്നിവരും സംബന്ധിക്കണമെന്ന് മാര്‍ സ്രാമ്പിക്കല്‍ അഹ്വാനം ചെയ്തു. ക്ലാസുകള്‍ നടക്കുന്ന സ്ഥലവും സമയവും തീയതിയും അടങ്ങിയ ടൈം ടേബിള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു.