ന്യൂകാസില്‍: ടാക്‌സ് ക്രെഡിറ്റ് ലഭിക്കുന്നതിനായി വ്യാജ ജനന രജിസ്‌ട്രേഷന്‍ നടത്തിയ 43കാരിക്ക് തടവുശിക്ഷ. ജെയിന്‍ തേഴ്സ്റ്റണ്‍ എന്ന സ്ത്രീയാണ് തനിക്ക് ഒരു ആണ്‍കുഞ്ഞ് ജനിച്ചെന്ന് കാട്ടി ന്യൂകാസില്‍ രജിസ്ട്രി ഓഫീസിനെ സമീപിച്ചത്. ഹാരി ജെയിംസ് സിഡ്‌നി തേഴ്സ്റ്റണ്‍ എന്ന പേരായിരുന്നു വ്യാജ ശിശുവിന് നല്‍കിയത്. നോര്‍ത്തംബര്‍ലാന്‍ഡ്, ക്രാംലിംഗ്ടണിലുള്ള നോര്‍ത്തംബ്രിയ സ്‌പെഷ്യലിസ്റ്റ് എമര്‍ജന്‍സി കെയര്‍ ഹോസ്പിറ്റലിലായിരുന്നു കുഞ്ഞ് ജനിച്ചതെന്നാണ് ഇവര്‍ അവകാശപ്പെട്ടത്. 2016 മെയ് 20നായിരുന്നു പ്രസവമെന്നും ഇവര്‍ അറിയിച്ചു.

എന്നാല്‍ പരിശോധനയില്‍ അങ്ങനെയൊരു പ്രസവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയതോടെ കേസ് പോലീസിനി കൈമാറുകയായിരുന്നു. പോലീസ് അന്വേഷണത്തില്‍ ഇവര്‍ കൂടുതല്‍ നുണകള്‍ പറഞ്ഞു. നോര്‍ത്തംബര്‍ലാന്‍ഡിലായിരുന്നില്ല, ലീഡ്‌സിലായിരുന്നു താന്‍ കുഞ്ഞിന് ജന്മം നല്‍കിയതെന്നായിരുന്നു ജെയിന്‍ അവകാശപ്പെട്ടത്. എന്നാല്‍ ഈ വ്യാജ പ്രസവത്തിനു മുമ്പും ശേഷവും ഇവര്‍ക്ക് കുട്ടികള്‍ ജനിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിലാണ് ടാക്‌സ് ക്രെഡിറ്റ് ലഭിക്കുന്നതിനായാണ് വ്യാജ ജനന രജിസ്‌ട്രേഷന് ശ്രമിച്ചതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.

ക്രെഡിറ്റിനായി ഇവര്‍ നല്‍കിയ ക്ലെയിം അനുവദിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ജനന രജിസ്‌ട്രേഷനു വേണ്ടി കള്ളം പറഞ്ഞതില്‍ ജെയിന്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. 1911ലെ നിയമമനുസരിച്ച് ഇത് രണ്ടു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. നാല് മാസത്തെ തടവുശിക്ഷയാണ് ജഡ്ജ് ജോണ്‍ താക്കറേ ഇവര്‍ക്ക് വിധിച്ചത്. ഇത് 12 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.