കഴിഞ്ഞ ഫെബ്രുവരിയില്‍ ലെസ്റ്ററിലെ സബ്കാ പോളിഷ് സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനം ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ നടത്തിയ നാടകം. സ്‌ഫോടനത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടിരുന്നു. മൂന്നു ലക്ഷം പൗണ്ടോളം വരുന്ന ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായിരുന്നു ഈ സ്‌ഫോടനം നടത്തിയതെന്ന് പിന്നീട് കണ്ടെത്തി. സ്‌ഫോടനത്തില്‍ നിന്ന് താന്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നായിരുന്നു ഉടമയായ അരാം കുര്‍ദ് പറഞ്ഞത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കു ശേഷം ഇയാള്‍ ടിവി ക്യാമറകള്‍ക്കു മുന്നില്‍ അഭിനയിക്കുകയായിരുന്നു. തനിക്ക് ശ്വാസം കിട്ടുന്നില്ലായിരുന്നുവെന്നും നരകത്തില്‍ അകപ്പെട്ടതുപോലെ തോന്നിയെന്നുമാണ് ഇയാള്‍ പറഞ്ഞത്. വലിയൊരു ശബ്ദം കേള്‍ക്കുകയും താന്‍ മുകളിലേക്ക് എടുത്ത് എറിയപ്പെടുകയും ചെയ്തു. മൂന്നു മിനിറ്റോളം എന്താണ് സംഭവിച്ചതെന്ന് വ്യക്തമായില്ല. പക്ഷേ താന്‍ ഭാഗ്യവാനാണെന്നും ഇയാള്‍ പറഞ്ഞിരുന്നു. പിന്നീട് പിടിക്കപ്പെട്ട അരാം കുര്‍ദിനും ഗൂഢാലോചന നടത്തിയ അര്‍കാന്‍ അലി, ഹാവ്കാര്‍ ഹസ്സന്‍ എന്നിവര്‍ക്കും ജീവപര്യന്തം തടവ് ലഭിച്ചേക്കുമെന്നാണ് കരുതുന്നത്.

കെയര്‍ വര്‍ക്കറായ മേരി രഗുബീര്‍ (46), മക്കളായ ഷെയ്ന്‍ (18), സീന്‍ (17), ഷെയ്‌നിന്റെ ഗേള്‍ഫ്രണ്ടായ ലിയാ റീക്ക് (18), സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരി വിക്ടോറിയ യവ്‌ലേവ (22) എന്നിവരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ജീവനക്കാരിയായ വിക്ടോറിയയും അരാം കുര്‍ദിനൊപ്പം ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നു. എന്നാല്‍ സ്‌ഫോടനത്തില്‍ ഇവരെയും ഇരയാക്കുകയായിരുന്നു കുര്‍ദ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ലിറ്റര്‍ കണക്കിന് പെട്രോളാണ് ഇതിനായി ഉപയോഗിച്ചതെന്ന് കോടതിയില്‍ വെളിവാക്കപ്പെട്ടു. സ്റ്റോറിനു മുകളിലെ ഫ്‌ളാറ്റില്‍ താമസിച്ചിരുന്നവരാണ് മേരി രഗുബീറും കുടുംബവും. കേസില്‍ പ്രതികളെല്ലാവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മൂന്നു പേര്‍ക്കുമെതിരെ കൊലപാതകം, ഗൂഢാലോചന, തട്ടിപ്പ് തുടങ്ങിയവയ്ക്ക് അഞ്ച് കൗണ്ട് വീതമാണ് ചുമത്തിയിരിക്കുന്നത്.

11 മണിക്കൂറും 20 മിനിറ്റും നീണ്ട സൂക്ഷ്മമായ വിചാരണയ്ക്കു ശേഷമാണ് കോടതി ഇവരെ കുറ്റവാളികളായി പ്രഖ്യാപിച്ചത്. ഇന്‍ഷുറന്‍സ് ഇനത്തില്‍ ലഭിക്കാവുന്ന വന്‍ തുക തട്ടിയെടുക്കുന്നതിനായാണ് പ്രതികള്‍ കുറ്റകൃത്യം നടത്തിയതെന്ന് കോടതി കണ്ടെത്തി. വിക്ടോറിയ സ്‌ഫോടനത്തില്‍ പെടുമെന്ന് ഇവര്‍ക്ക് അറിയാമായിരുന്നു. ഗൂഢാലോചനയില്‍ പങ്കുള്ളതിനാല്‍ വിക്ടോറിയയെ പ്രതികള്‍ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്നും കോടതി വ്യക്തമാക്കി.