ഗ്രീന്‍ ബുക്സിനെതിരെ അബ്ദുസ്സമദ് സമദാനിയുടെ വക്കീല്‍ നോട്ടീസ്.തനിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ച ഗ്രീന്‍ബുക്സ് അധികൃതര്‍ പുസ്തകം പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാവശ്യപ്പെട്ട് സമാദാനി ഗ്രീന്‍ബുക്സിന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്.
ഗ്രീന്‍ബുക്സ്, ഗ്രീന്‍ബുക്സ് മാനേജിങ് എഡിറ്റര്‍ കൃഷ്ണദാസ്, എം.ജി സുരേഷ്, മെര്‍ലി വെയ്സ്ബോഡ് എന്നിവര്‍ക്കെതിരെയാണ് നോട്ടീസ്. അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള മുഖേനയാണ് സമദാനി നോട്ടീസ് അയച്ചിരിക്കുന്നത്. മെര്‍ലി വെയ്സ്ബോഡ് പ്രസിദ്ധീകരിച്ച ‘ദ ക്വീന്‍ ഓഫ് മലബാര്‍’ എന്ന ഗ്രന്ഥത്തിന് ‘പ്രണയത്തിന്റെ രാജകുമാരി’ എന്ന പേരില്‍ ഗ്രീന്‍ബുക്സ് പ്രസിദ്ധീകരിച്ച തര്‍ജമയ്ക്കെതിരെയാണ് സമദാനി രംഗത്തുവന്നത്.

ഈ പുസ്തകത്തിലെ ചിത്രീകരിച്ച കാര്യങ്ങള്‍ അധാര്‍മ്മികവും സത്യവിരുദ്ധവും നിയമവിരുദ്ധവും തന്റെയും കമലാദാസിന്റെയും പേരില്‍ കൃത്രിമ കഥയുണ്ടാക്കി ധനനേട്ടം കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതുമാണെന്നാണ് നോട്ടീസില്‍ പറയുന്നത്. പുസ്തകത്തിലെ പേജ് നമ്പര്‍ 207 മുതല്‍ 218വരെയുള്ള ഭാഗങ്ങളാണ് സമദാനി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സാദിഖലിയെന്നാണ് പുസത്കത്തില്‍ പരാമര്‍ശിച്ചിട്ടുള്ളതെങ്കിലും അത് താനാണെന്ന് വായിക്കുന്ന ഏതൊരാള്‍ക്കും പകല്‍പോലെ വ്യക്തമാകുമെന്ന് നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.