തന്റെ കരിയര്‍ നശിപ്പിച്ചത് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ ഗ്രെന്‍ ചാപ്പലാണെന്ന ആരോപങ്ങള്‍ തള്ളി ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. ചാപ്പലല്ല തുടര്‍ച്ചയായ വേട്ടയാടിയ പരിക്കുകളാണ് തന്റെ കരിയര്‍ തകര്‍ത്തതെന്നാണ് ഇര്‍ഫാന്‍ പത്താന്‍ പറയുന്നത്.
ബൗളിങില്‍ തുടര്‍ച്ചയായ സാങ്കേതിക മാറ്റങ്ങള്‍ നിര്‍ദേശിച്ച് ചാപ്പലാണ് എന്റെ കരിയര്‍ നശിപ്പിച്ചതെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്, എന്നാല്‍ അത് സത്യമല്ല. അത്തരത്തിലൊന്നും സംഭവിച്ചിട്ടുമില്ല. ആരുടെയും കരിയര്‍ നശിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല. ഒരാള്‍ ചെയ്യേണ്ടത് അയാള്‍ തന്നെ ചെയ്യണം. ഓരോരുത്തരുടെയും ചെയ്തികള്‍ക്ക് അവര്‍ മാത്രമാണ് ഉത്തരവാദി. ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്ടപ്പെട്ട സമയത്ത് തന്നെ അപ്രതീക്ഷിതമായി എനിക്ക് പരിക്ക് പറ്റി. അതിനുശേഷം തിരിച്ചുവരവ് അത്ര എളുപ്പമായിരുന്നില്ല. ആരെയും ഞാന്‍ കുറ്റപ്പെടുത്തുന്നില്ല
                                                                   ഇര്‍ഫാന്‍ പത്താന്‍                                                                                                                                                                                                     
ഐപിഎല്‍ ഗുജറാത്ത് ലയണ്‍സിന് വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചതിതിലുളള സന്തോഷവും താരം മറച്ചു വെച്ചില്ല.

ഇവിടെ എത്താനായത് സന്തോഷകരമായ കാര്യമാണ്, എന്നാല്‍ നിങ്ങളെ ആരും തെരഞ്ഞെടുത്തില്ല എന്നത് നിരാശപ്പെടുത്തുന്ന കാര്യമാണ്, എന്നാലും ടൂര്‍ണമെന്റ് അവസാനിക്കുന്നതിനോ അതിന് മുമ്പോ ഐപിഎല്ലിലേക്ക് തിരിച്ചെത്താനായത് സന്തോഷകരമാണ്. ഈ അവസരം നന്നായി ഉപയോഗപ്പെടുത്താനാകും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു

ഐപിഎല്‍ ലേലത്തില്‍ ഒരു ടീമും എടുക്കാതിരുന്ന ഇര്‍ഫാന്‍ പരിക്കേറ്റ ഡെയ്ന്‍ ബ്രാവോയുടെ പകരക്കാരനായിട്ടാണ് ഗുജറാത്ത് ലയണ്‍സിനായി കളിക്കുന്നത്. അതെസമയം കഴിഞ്ഞ ദിവസം ബംഗളൂരുവിനെതിരെ നടന്ന ഗുജറാത്ത് ലയണ്‍സിനെതിരായ മത്സരത്തില്‍ ഇര്‍ഫാനെ കളിപ്പിച്ചിരുന്നില്ല.
2007ലെ ഐ.സി.സി ടി20 കിരീടം നേടിയ എം.എസ് ധോണിയുടെ യങ് ബ്രിഗേഡില്‍ പ്രധാനിയായിരുന്നു ഇര്‍ഫാന്‍ പത്താന്‍. പുതുമുഖമായി വന്ന് ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്‍ സ്വിങ് യോര്‍ക്കറിലൂടെ ആദം ഗില്‍ക്രിസ്റ്റിനെ ഞെട്ടിച്ചതിന്റെ മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു അത്. കറാച്ചി ടെസ്റ്റില്‍ തന്റെ ബനാന സ്വിങറിലൂടെ പാകിസ്താനെതിരെ ഹാട്രിക് നേടയിതിന്റെ ഒരു വര്‍ഷം ശേഷവും. ഒരുപക്ഷേ, ഇന്ത്യ യഥാര്‍ത്ഥ പ്രതീക്ഷയോടെ അവതരിപ്പിച്ച ഏറ്റവും വലിയ പ്രതിഭാശാലിയായിരുന്നു ഇര്‍ഫാന്‍ പത്താന്‍.
2012ലായിരുന്നു ഇര്‍ഫാന്‍ പത്താന്റെ അവസാന ടി20യും ഏകദിനവും കളിച്ചത്. തന്റെ അവസാന ഏകദിന പരമ്പരയില്‍ ശ്രീലങ്കക്കെതിരെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായിട്ടും ഇര്‍ഫാന്‍ പിന്നീട് ടീമില്‍ തിരിച്ചെത്തിയില്ല.