ലണ്ടന്‍ നഗരത്തിലെ ഫ്ലാറ്റില്‍ ഇന്നലെ ഉണ്ടായ തീപിടുത്തത്തില്‍ അനേകരെ രക്ഷിച്ചത്‌ റംസാന്‍ നോമ്പ്. റംസാന്‍വ്രതത്തിനായി നേരത്തേ എഴുന്നേറ്റ കെട്ടിടത്തിലെ ഇസ്‌ളാമിക കുടുംബങ്ങളാണ് പലരേയും രക്ഷിച്ചത്. ഗ്രെന്‍ഫെല്‍ ടവറിനെ അഗ്നിമൂടുമ്പോള്‍ ഇവര്‍ അയല്‍ക്കാരെയും മറ്റും വളിച്ചുണര്‍ത്തി.

വ്രതാരംഭത്തിന് മുമ്പായി പുലര്‍ച്ചെയുള്ള ഭക്ഷണത്തിനായി എഴുന്നേല്‍ക്കുമ്പോഴാണ് തീ പിടുത്തം കണ്ടെത്തിയത്. പുക ശ്വസിച്ചതിനെ തുടര്‍ന്ന അപകടം മനസ്സിലാക്കുകയും ഇവര്‍ ഓടി നടന്ന് വാതിലുകളിലും മറ്റും അടിച്ച് ആള്‍ക്കാരെ വിളിച്ചുണര്‍ത്തുകയും ആയിരുന്നു.  കെട്ടിടത്തിലെ ഫയര്‍ അലാറം ഇതിനകം പ്രവര്‍ത്തനരഹിതമാകുകയും ചെയ്തിരുന്നതായി ഇവര്‍ പറഞ്ഞു.

ഭൂമിയിലെ നരകം എന്നായിരുന്നു രക്ഷപ്പെട്ടവര്‍ സാഹചര്യത്തെ വിശേഷിപ്പിച്ചത്. 12 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. പരിക്കേറ്റ 50 പേരില്‍ 18 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും കൂടിയേക്കുമെന്നും വിവരമുണ്ട്. അതിനിടയില്‍ സംഭവം അന്വേഷിക്കാന്‍ പ്രധാനമന്ത്രി തെരേസാ മേ ഉത്തരവിട്ടു കഴിഞ്ഞു. കെട്ടിടത്തില്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിച്ചതായും പറയുന്നുണ്ട്.