ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്കെതിരെ കൗമാരക്കാരിയായ സ്വീഡിഷ് പരിസ്ഥിതിപോരാളി ഗ്രേറ്റ ട്യൂന്‍ബെര്‍ഗ്. പെട്രോളിയം ഖനനമേഖലയില്‍ നിക്ഷേപം നടത്തുന്ന സ്വിസ് ബാങ്കിന്റെ സ്പോണ്‍സര്‍ഷിപ്പ് ഫെഡററര്‍ സ്വീകരിച്ചതാണ് ഗ്രേറ്റയുടെ വിമര്‍ശനത്തിന് ഇടയാക്കിയത്.

റോജര്‍ വേക്ക് അപ്പ് നൗ എന്ന് ഹാഷ് ടാഗോടെയാണ് 17 കാരിയായ പരിസ്ഥിതി പ്രവര്‍ത്തക ടെന്നിസ് ഇതിഹാസത്തിന്റെ നിലപാടുകളുെട ചോദ്യംചെയ്തത്. ആഗോള ബാങ്കായ ക്രെഡിറ്റ് സ്യൂസാണ് ഫെഡററുടെ സ്പോണ്‍സര്‍മാര്‍. ഇന്ധന ഖനനമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ക്രെഡിറ്റ് സ്യൂസ് ഇതുവരെ 57 ബില്യന്‍ ഡോളര്‍ നല്‍കിയെന്ന വാര്‍ത്ത ഗ്രേറ്റ ട്വീറ്റ് ചെയ്തു. താങ്കള്‍ ബാങ്കിനെ പിന്തുണയ്ക്കുന്നോ എന്ന് ചോദിച്ച് റോജര്‍ ഫെഡററെ ഗ്രേറ്റ ടാഗ് ചെയ്യുകയും ചെയ്തു. ഉണരൂ റോജര്‍ എന്ന ഗ്രേറ്റയുടെ ഹാഷ്ടാഗ് യൂറോപ്പ് ഏറ്റെടുത്തു.

ഓസ്ട്രേലിയയിലെ കാട്ടുതീയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായുള്ള ധനസമാഹാരണവുമായി ബന്ധപ്പെട്ട് മെല്‍ബണിലാണ് ഫെഡറര്‍. വിമര്‍ശനങ്ങള്‍ക്ക് ഫെഡറര്‍ കൃത്യമായ മറുപടി പറഞ്ഞില്ലെങ്കിലും വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. പരിസ്ഥിതി ആഘാതങ്ങള്‍ താന്‍ ഗൗരവമായി കാണുന്നുവെന്നും വ്യക്തിയെന്ന നിലയില്‍ തന്റെ ഉത്തരവാദിത്വങ്ങളെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലിന് നന്ദിയെന്നും ഫെഡറര്‍ പറഞ്ഞു.