മിഡില്‍സ്ബറോയില്‍ യുവാവ് ഭാര്യയെ പ്ലാസ്റ്റിക് ബാഗ് ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസില്‍ വാദം തുടങ്ങി. മിഡില്‍സ്ബറോയില്‍ ഫാര്‍മസി സ്ഥാപനം നടത്തിയിരുന്ന മിതേഷ് പട്ടേലാണ് ഭാര്യ ജെസിക്ക പട്ടേലിന്റെ കൊലപാതകം നേരിട്ട് ആസൂത്രണം ചെയ്തത് നടത്തിയതെന്ന് പ്രൊസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. മാസങ്ങളും വര്‍ഷങ്ങളും നീണ്ട തയ്യാറെടുപ്പുകള്‍ക്കൊടുവിലായിരുന്നു കൊലപാതകം നടന്നത്. ഭാര്യയെ കൊലപ്പെടുത്താനായി നിരവധി തയ്യാറെടുപ്പുകള്‍ ഇയാള്‍ നടത്തിയതായി പ്രൊസിക്യൂഷന്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ കൊലപാതകത്തിനായി എന്തൊക്കെ മാര്‍ഗങ്ങള്‍ സ്വീകരിക്കാമെന്ന് ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തിരുന്നു. ഡയബെറ്റിക് രോഗിയല്ലാത്ത ഒരാള്‍ മരിക്കാന്‍ എത്ര അളവില്‍ ഇന്‍സുലിന്‍ കുത്തിവെക്കണമെന്ന് പട്ടേല്‍ അന്വേഷിച്ചിരുന്നു. ഇതിന്റെ തെളിവുകളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

ഡാര്‍ക്ക് വെബ്ബില്‍ ഇയാള്‍ അന്വേഷിച്ച കാര്യങ്ങളുടെ ഡിജിറ്റല്‍ രേഖകളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. വാടകക്കൊലയാളിക്കായി പട്ടേല്‍ അന്വേഷണങ്ങള്‍ നടത്തിയിരുന്നു. ഭാര്യയില്ലാത്ത ജീവിതത്തെക്കുറിച്ചുള്ള അന്വേഷണവും ഇന്റര്‍നെറ്റില്‍ നടത്തി. ഇന്റര്‍നെറ്റ് ഉപയോഗിച്ച് നടത്തിയ മിക്ക അന്വേഷണങ്ങളും മരണത്തെക്കുറിച്ചും കൊലപാതകങ്ങളെക്കുറിച്ചുമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. വീട്ടില്‍ ആരോ അതിക്രമിച്ചു കയറിയെന്ന് വരുത്തിത്തീര്‍ക്കാന്‍ പട്ടേല്‍ ശ്രമിച്ചതായും പ്രൊസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ജെസിക്കയെ ടെസ്‌കോയില്‍ നിന്ന് ലഭിക്കുന്ന പ്ലാസ്റ്റിക് ബാഗ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത്. വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പാക്കാനും പട്ടേല്‍ ശ്രമിച്ചതായും വ്യക്തമായിട്ടുണ്ട്.

തന്റെ വീട് ആക്രമിക്കപ്പെട്ട കാര്യം പോലീസിനെ വിളിച്ചറിയിക്കുന്നതിന് മുന്‍പ് പട്ടേല്‍ പരിഭ്രാന്തനായിരുന്നു. ഭാര്യയുമൊന്നിച്ച് ഹോളി ഡേ ആഘോഷിക്കാന്‍ പോയ സമയത്ത് ഇന്റര്‍നെറ്റില്‍ സെക്‌സിന് പട്ടേല്‍ ശ്രമിച്ചതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കൂടാതെ ഇയാള്‍ക്ക് പുരുഷന്മാരോടും ലൈംഗിക താല്‍പര്യമുണ്ടായിരുന്നതായി പ്രൊസിക്യൂഷന്‍ വ്യക്തമാക്കുന്നു. സമൂഹ മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട നിരവധി പുരുഷന്മാരുമായി ഇയാള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായിട്ടാണ് സൂചന. തന്റെ കൂട്ടുകാരനുമൊന്നിച്ച് ആസ്‌ട്രേലിയയില്‍ സ്ഥിരതാമസമാക്കാനായിരുന്നു പട്ടേലിന്റെ പദ്ധതിയെന്നും കോടതിയില്‍ പ്രോസിക്യൂഷന്‍ അറിയിച്ചു. അതേസമയം പ്രതി കുറ്റം നിഷേധിച്ചിട്ടുണ്ട്.