വയനാട് സീറ്റിനായുള്ള എ, ഐ ഗ്രൂപ്പുകളുടെ അവകാശവാദത്തിൽ വഴിമുട്ടിയ നാല് മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. ടി.സിദ്ദിഖിന് സീറ്റ് നല്കണമെന്ന എ ഗ്രൂപ്പിന്റെ ആവശ്യം അംഗീകരിക്കാൻ ഐ ഗ്രൂപ്പ് ഒരുക്കമല്ല. വിഷയത്തിൽ പരിഹാരം കാണാൻ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുമായി ദേശീയ നേത്യത്വം ഇന്ന് ഡൽഹിയിൽ ചർച്ച നടത്തും.

ഡൽഹിയിൽ മണിക്കൂറുകൾ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലും വയനാട് സീറ്റിന്റെ കാര്യത്തിൽ ഇന്നലെ തർക്കപരിഹാരമായില്ല. വയനാടിന്റെ കാര്യത്തിൽ എ ഐ ഗ്രൂപ്പുകൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് വടകര, ആലപ്പുഴ, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയം അനിശ്ചിതത്വത്തിലാക്കി. വയനാട് ടി.സിദ്ദിഖിന് നൽകണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഉമ്മൻ ചാണ്ടി. വയനാട് ഇല്ലെങ്കിൽ മത്സരിക്കില്ലെന്ന് സിദ്ദിഖ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ വർഷങ്ങളായി കൈവശമുള്ള സീറ്റ് വിട്ടു കൊടുക്കില്ലെന്ന് ആവർത്തിക്കുന്ന ഐ ഗ്രൂപ്പ്, ഷാനിമോൾ ഉസ്മാന്റെ അടക്കം മൂന്ന് പേരുകൾ മുന്നോട്ട് വയ്ക്കുന്നു. ഉമ്മൻ ചാണ്ടിയുടെ അഭാവത്തിൽ പ്രതിസന്ധി ഒഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെ, അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ അന്തിമ ചർച്ച നടത്താൻ നേതൃത്വം തീരുമാനിച്ചു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കുമായി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഇന്ന് ചർച്ച നടത്തി സമവായത്തിലെത്തുന്ന പേര് ഹൈക്കമാൻഡ് അംഗീകരിച്ചേക്കും.

തർക്കം നിലനിൽക്കുന്ന വയനാടിന്റെ കാര്യം തീരുമാനിച്ചാല് മറ്റിടങ്ങളില് കാര്യങ്ങള് എളുപ്പമാകും. പ്രചാരണം തുടങ്ങിയ സാഹചര്യത്തിൽ ആറ്റിങ്ങലിൽ അടൂർ പ്രകാശിന്റെ കാര്യത്തിൽ ഇനി മാറ്റമുണ്ടായേക്കില്ല.

അതേസമയം, വടകരയിൽ ഉയർന്നുകേട്ട വിദ്യ ബാലകൃഷ്ണനുള്ള സാധ്യത മങ്ങി. ഇവിടെ ബിന്ദു കൃഷ്ണയെ മൽസരിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും അവർ വഴങ്ങിയിട്ടില്ല. യുഡിഎഫിന് ആർ എം പി പരസ്യ പിന്തുണ പ്രഖ്യാപിച്ചതോടെ വടകരയിൽ മൽസരിക്കാൻ മുല്ലപ്പള്ളിക്ക് മേൽ സമ്മർദ്ധം ഏറിയിട്ടുണ്ട്. എന്നാൽ മൽസരിക്കാനില്ലെന്ന നിലപാടിൽ ഉറച്ചാണ് മുല്ലപ്പള്ളി.