ന്യൂഡല്‍ഹി: ന്യൂസിലൻഡിലെ മുസ്‌ലിം പള്ളിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തില്‍ മലയാളിയടക്കം ആറ് ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്. മരണസംഖ്യ 50 ആയതായി ന്യൂസിലൻഡ് പൊലീസ് അധികൃതര്‍ വ്യക്തമാക്കി. ഓസ്ട്രേലിയന്‍ പൗരനായ ബ്രണ്ടന്‍ ടാറന്റ് മാത്രമാണ് രണ്ട് പളളികളിലും അക്രമം നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

മെഹ്ബൂബ് ഖോഖര്‍, റമീസ് വോറ, ആസിഫ് വോറ, അന്‍സി ആലിബാവ, മുഹമ്മദ് ജുനൈദ്, ഒസൈര്‍ ഖാദര് എന്നിവരാണ് ഇന്ത്യക്കാര്‍. ഇതില്‍ അന്‍സി ആലിബാവ മലയാളിയാണ്. കൊടുങ്ങല്ലൂര്‍ സ്വദേശിനിയാണ് അന്‍സി. ന്യൂസിലൻഡിലെ ലിന്‍കോണ്‍ സര്‍വകലാശാലയിലെ അഗ്രികള്‍ച്ചര്‍ ബിസിനസ് മാനേജ്മന്റ് വിദ്യാര്‍ഥിയായിരുന്നു അന്‍സി. ഭര്‍ത്താവ് അബ്ദുല്‍ നാസറും അന്‍സിയോടൊപ്പം ന്യൂസിലൻഡിലുണ്ടായിരുന്നു. ആക്രമണം നടന്ന പള്ളിയോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ ആയിരുന്നു ഇവര്‍ താമസിച്ചിരുന്നത്.

Image result for gujarat-to-kerala-six-indians-among-those-killed-in-new-zealand-attack

കൊടുങ്ങല്ലൂരിലുള്ള അന്‍സിയുടെ മാതാവിനെ വിളിച്ചു അന്‍സിക്ക് രക്ഷപ്പെടുന്നതിനിടെ കാലിന് ചെറിയ പരുക്ക് പറ്റിയെന്നും ആശുപത്രിയിലാണെന്നും മാത്രമാണ് അബ്ദുള്‍ നാസര്‍ പറഞ്ഞിരുന്നത്. ഇന്നലെ വൈകീട്ടോടെയാണ് മരിച്ച വിവരം അറിയിച്ചത്. കൊടുങ്ങല്ലൂര്‍ ടികെഎസ് പുരം കരിപ്പാകുളം പരേതനായ അലിബാവയുടെ മകളാണ് അന്‍സി. രണ്ടു വര്‍ഷം മുന്‍പായിരുന്നു അബ്ദുല്‍ നാസറുമായുള്ള വിവാഹം. നാസര്‍ ന്യൂസിലൻഡില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്.

വെള്ളിയാഴ്ചയാണ് ന്യൂസിലൻഡിലെ രണ്ടു മുസ്‌ലിം പള്ളികള്‍ക്കു നേരേ ആക്രമണമുണ്ടായത്. സംഭവത്തില്‍ 50 പേര്‍ കൊല്ലപ്പെടുകയും 20ലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സൗത്ത് ഐലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലുള്ള പള്ളികളിലാണ് ആക്രമണം നടന്നത്.