പാക്കിസ്ഥാനിലെ പെഷവാറിലെ ബച്ച ഖാന്‍ യൂണിവേഴ്സിറ്റിയില്‍ ഭീകരര്‍ നടത്തിയ വെടി വയ്പ്പില്‍ മുപ്പതിലധികം പേര്‍ മരിച്ചു. യൂണിവേഴ്സിറ്റി ക്യാമ്പസിലെ ബോയ്സ് ഹോസ്റ്റലിലെ താമസക്കാരാണ് മരിച്ചവരില്‍ അധികവും. പോലീസും ഭീകര വിരുദ്ധ സേനയും കാമ്പസ് വളഞ്ഞിരിക്കുകയാണ്. താലിബാന്‍ ഭീകരര്‍ ആണ് തോക്കുമായി യൂണിവേഴ്സിറ്റി ക്യാമ്പസിലേക്ക് ഇരച്ചു കയറി വെടിയുതിര്‍ത്തത്.
വെടിവയ്പില്‍ മരിച്ചവരില്‍ വിദ്യാര്‍ഥികളും സുരക്ഷാ സൈനികരും, അദ്ധ്യാപകരും ഉള്‍പ്പെടും. എകെ 47 തോക്കുകളുമായി കടന്ന്‍ കയറിയ ഭീകരര്‍ മിക്ക വിദ്യാര്‍ത്ഥികളുടെയും തലയ്ക്ക് ആണ് വെടി വച്ചത് എന്ന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പുലര്‍ച്ചെ കനത്ത മൂടല്‍ മഞ്ഞ് ഉള്ളതിന്റെ മറ പറ്റിയാണ് ഭീകരര്‍ യൂണിവേഴ്സിറ്റിയ്ക്കുള്ളില്‍ പ്രവേശിച്ചത് എന്ന് രക്ഷപെട്ട വിദ്യാര്‍ഥികള്‍ പറഞ്ഞു.

bacha khan

മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന്‍ എല്ലാവരും രക്ഷപ്പെടാന്‍ പരക്കം പഞ്ഞെന്നും ബാത്ത്‌റൂമിലും മറ്റുമായി ഒളിച്ചിരുന്നതിനാല്‍ ആണ് തങ്ങള്‍ രക്ഷപെട്ടത് എന്നും ഇവര്‍ പറഞ്ഞു. ഇതിനിടയില്‍ തന്‍റെ പിസ്റ്റള്‍ ഉപയോഗിച്ച് തീവ്രവാദികളെ നേരിട്ട സയ്യദ് ഹമീദ് ഹുസൈന്‍ എന്ന അദ്ധ്യാപകന്‍ നിരവധി വിദ്യാര്‍ത്ഥികളെ രക്ഷിച്ചു. ഇദ്ദേഹം പക്ഷെ തീവ്രവാദികളുടെ തോക്കിന് ഇരയായി.

bacha khan2

പോലീസും സുരക്ഷാ സൈനികരും ചേര്‍ന്ന്‍ ക്യാമ്പസിലെ ആളുകളെ മുഴുവനും ഒഴിപ്പിച്ചിരിക്കുകയാണ്. 90 ശതമാനം ഏരിയയും തങ്ങളുടെ നിയന്ത്രണത്തില്‍ ആയെന്ന് അവകാശപ്പെട്ട അധികൃതര്‍ ഇപ്പോഴും തീവ്രവാദികളുമായി ഏറ്റുമുട്ടല്‍ തുടരുകയാണ് എന്നും അറിയിച്ചു.