മതപരിവര്‍ത്തനത്തിനു ശേഷം തിരുവനന്തപുരത്തു നിന്ന് കാണാതായ നിമിഷയെന്ന ഫാത്തിമയുടെ അമ്മ ബിന്ദു ഹാദിയ കേസില്‍ കക്ഷിചേരുന്നു. കേരളത്തിലെ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളേക്കുറിച്ച് അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഇവര്‍ ആവശ്യപ്പെട്ടു. എന്‍ഐഎ, റോ, ഐബി എന്നീ ഏജന്‍സികള്‍ അന്വേഷിക്കണമെന്നാണ് ഹാദിയ മതം മാറി വിവാഹം കഴിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ കക്ഷിചേരണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ദദജിയില്‍ ബിന്ദു പറയുന്നത്.

തന്റെ മകളെ നിര്‍ബന്ധിതമായി മതപരിവര്‍ത്തനം നടത്തിയതാണെന്ന് ഇവര്‍ ആരോപിക്കുന്നു. കേരള പോലീസ് ഇക്കാര്യത്തില്‍ നടത്തിയ അന്വേഷണം പരാജയമാണ്. എന്‍ഐഎ അന്വേഷണം ഏറ്റെടുക്കണം. സംസ്ഥാനത്ത് നടക്കുന്ന മതപരിവര്‍ത്തനങ്ങള്‍ക്ക് സമാനത ഉണ്ടെന്നും വിദേശ ഫണ്ട് എത്തുന്നുണ്ടെന്നും ബിന്ദു ആരോപിക്കുന്നു. ബിന്ദുവിനൊപ്പം ഹൈക്കോടതിയിലെ മൂന്ന് അഭിഭാഷകര്‍ കൂടി സുപ്രീംകോടതിയില്‍ ഹാദിയ കേസില്‍ കക്ഷി ചേരുന്നുണ്ട്.

കാസര്‍ഗോഡ് പൊയിനാച്ചി സെഞ്ച്വറി ഡെന്റല്‍ കോളേജില്‍ അവസാന വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിനിയായിരിക്കെയാണ് നിമിഷയെന്ന ഫാത്തിമയെ കാണാതായത്. ഇസ എന്ന യുവാവിനെ പരിചപ്പെട്ട നിമിഷ വെറും നാല് ദിവസത്തെ പരിചയത്തില്‍ മതം മാറുകയായിരുന്നുവെന്നാണ് ബിന്ദു പറഞ്ഞത്. ഇവര്‍ അഫ്ഗാനിസ്ഥാനിലേക്ക് പോയെന്ന് ബിന്ദു നേരത്തേ പറഞ്ഞിരുന്നു.