ഡിമന്‍ഷ്യ രോഗത്തിന് സാധ്യതയുണ്ടോ എന്ന് തിരിച്ചറിയുന്നതിനും അത് തടയുന്നതിനുമായി എന്‍എച്ച്എസ് നടത്തുന്ന പരിശോധന 40 വയസ് കഴിഞ്ഞ പകുതിയോളം പേര്‍ക്ക് മാത്രമേ നടത്താന്‍ കഴിയുന്നുള്ളുവെന്ന് റിപ്പോര്‍ട്ട്. ഹെല്‍ത്ത് ചീഫുമാരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 40 വയസിനു മേല്‍ പ്രായമുള്ളവര്‍ക്ക് സൗജന്യമായി നടത്തുന്ന 20 മിനിറ്റ് മാത്രം ദൈര്‍ഘ്യം വരുന്ന പരിശോധനയാണ് ഇത്. ഈ പരിശോധനയില്‍ ഹൃദ്രോഗങ്ങള്‍, സ്‌ട്രോക്ക്, വൃക്കരോഗങ്ങള്‍, പ്രമേഹം എന്നിവ വരാനുള്ള സാധ്യതയും വിലയിരുത്തുന്നു. സ്‌ട്രോക്ക്, പ്രമേഹം, രണ്ടു തവണയോളം ഹൃദ്രോഗം തുടങ്ങിയവ വന്നിട്ടുള്ളവര്‍ക്ക് ഡിമന്‍ഷ്യയുണ്ടാകാനുള്ള സാധ്യത ഏറെയാണ്. നിലവില്‍ കണക്കാക്കപ്പെടുന്ന ഏറ്റവും ഗുരുതരമായ ആരോഗ്യ പ്രതിസന്ധിയാണ് ഇതെന്നും ഹെല്‍ത്ത് ചീഫുമാര്‍ പറയുന്നു.

അനാരോഗ്യത്തിനും അകാല മരണങ്ങള്‍ക്കും കാരണമാകുന്ന പ്രധാന പ്രശ്‌നങ്ങളെയാണ് ഈ പരിശോധന പരിഗണിക്കുന്നതെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിലെ ജാമി വാട്ടര്‍ഫോള്‍ പറയുന്നു. സാധ്യത കണ്ടെത്തിയാല്‍ ഒഴിവാക്കാന്‍ കഴിയുന്ന രോഗങ്ങളാണ് ഡിമെന്‍ഷ്യയും ഹൃദ്രോഗവും. അതിന് ജനങ്ങളെയ സഹായിക്കുകയാണ് ഈ പരിശോധനയെന്നും വാട്ടര്‍ഫോള്‍ പറഞ്ഞു. 40നും 74നുമിടയില്‍ പ്രായമുള്ള അനാരോഗ്യമുള്ളവര്‍ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ഈ പരിശോധനയ്ക്ക് വിധേയരാകണമെന്നാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. ഏതാണ്ട് 15 മില്യന്‍ ആളുകളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പരിശോധന നടത്തേണ്ടതായിരുന്നുവെങ്കിലും അവരില്‍ 50 ശതമാനം മാത്രമേ ഇതിനായി തയ്യാറായിട്ടുള്ളു.

ഈ പരിശോധനയ്ക്ക് വിധേയരാകുന്നവര്‍ക്ക് ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് നിര്‍ദേശങ്ങള്‍ നല്‍കാറുണ്ടെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ അലിസ്റ്റര്‍ ബേണ്‍സ് പറഞ്ഞു. ജനങ്ങള്‍ക്ക് തങ്ങളുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള അവസരമാണ് ഇത്. ഹൃദ്രോഗങ്ങളിലും സട്രോക്കിലും 2 ശതമാനം കുറവുണ്ടാകുമ്പോള്‍ 10,000 പേരിലെങ്കിലും ഡിമെന്‍ഷ്യ സാധ്യതയും ഇല്ലാതാകുന്നുവെന്ന് എന്‍എച്ച്എസ് അറിയിക്കുന്നു. ബ്രിട്ടനില്‍ ഡിമെന്‍ഷ്യ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണെന്ന് അല്‍ഷിമേഴ്‌സ് സൊസൈറ്റി ഒക്ടോബറില്‍ അറിയിച്ചിരുന്നു.