‘ഇനിയും എന്റെ പിന്നാലെ ഒളിഞ്ഞ് നോക്കാന്‍ വന്നാല്‍ മീന്‍ വെള്ളം തന്നെ തലയില്‍ കമിഴ്ത്തും..’ സോഷ്യൽ ലോകം താരമാക്കുകയും തൊട്ടുപിന്നാലെ സൈബർ ആക്രമണവും നേരിടേണ്ടി വന്ന ഹനാൻ ഫെയ്സ്ബുക്കിൽ കുറിച്ച വരികളാണിത്. ഇന്നലെ സോഷ്യൽ ലോകത്ത് പ്രചരിച്ച ഒരു വിഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തിയാണ് ഹനാന്റെ ഫെയ്സ്ബുക്ക് പോസ്റ്റും വിഡിയോയും. ഹനാന്‍ സ്റ്റാർ ഹോട്ടലിരുന്ന് ഹുക്ക വലിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പ്രചരിച്ചത്. അനുവാദമില്ലാതെ വിഡിയോ പകർത്തിയതിനും ചിത്രമെടുത്തതിനും പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഹനാൻ വിഡിയോയിൽ വ്യക്തമാക്കുന്നു.

‘മീന്‍ വില്പന നടത്തിയാല്‍ പിന്നെ കാറില്‍ സഞ്ചരിക്കാന്‍ പാടില്ല. സ്റ്റാര്‍ ഹോട്ടലില്‍ പോകാന്‍ പാടില്ല. വിലപിടിപ്പുള്ള വസ്ത്രം ധരിക്കാന്‍ പാടില്ല. സ്വര്‍ണ്ണം ഉപയോഗിക്കാന്‍ പാടില്ല. ഇപ്പോള്‍ ദേ ഹുക്കാ. ചിലര്‍ പിന്നാലെ കൂടിയിരിക്കുകയാണ്. പല സ്ഥലങ്ങളിലും പോകുമ്പോള്‍ പലരും നിര്‍ബന്ധിക്കാറുണ്ട്, ഭക്ഷണം കഴിക്കാനും മറ്റും. ഇത്തരത്തില്‍ ഹുക്കയേ കുറിച്ചറിയാൻ ഒരു കൗതുകം തോന്നി’. പുകയില വിഭാഗത്തില്‍പ്പെടുന്നതല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് ഹുക്ക വലിച്ചതെന്നും ഹനാൻ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മീന്‍ വില്പന നടത്തിയാല്‍ പിന്നെ കാറില്‍ സഞ്ചരിക്കാന്‍ പാടില്ല. സ്റ്റാര്‍ ഹോട്ടലില്‍ പോകാന്‍പാടില്ല. വിലപിടിപ്പുള്ള വസ്ത്രം ധരിക്കാന്‍ പാടില്ല. സ്വര്‍ണ്ണം ഉപയോഗിക്കാന്‍ പാടില്ല. ഇപ്പോള്‍ ദേ ഹുക്കാ. ചിലര്‍പിന്നാലെ കൂടിയിരിക്കുകയാണ്. മഞ്ഞയില്‍ മാത്രം വാര്‍ത്തകള്‍ കാണുന്ന ചിലര്‍. എന്റെ ആദ്യത്തെ വാര്‍ത്തയില്‍ തന്നെ പറയുന്നുണ്ട്. ദാരിദ്രമല്ല, പല ജോലികള്‍ചെയ്ത് അധ്വാനിച്ചാണ് ജീവിക്കുന്നതെന്ന്. അത്തരം ജോലികള്‍ ആരോഗ്യം വീണ്ടെടുത്തത് മുതല്‍ ചെയ്ത് പോരുന്നു. ഇനിയും തുടരും. സിനിമയില്‍ നിന്ന് അവസരം ലഭിച്ചിരുന്നു. അഭിനയിക്കാനും, പാടാനും അവസരം ലഭിച്ചു. ഇതിന്റെ ചര്‍ച്ചക്കായി എന്നെ ഹോട്ടലില്‍ വിളിച്ചാല്‍ ഞാന്‍മീന്‍ വില്‍പ്പനക്കാരിയാണ്, എനിക്ക് ഹോട്ടല്‍അയിത്തമാണെന്ന് പറയാനാകുമൊ ഞാനും സ്റ്റാര്‍ഹോട്ടലൊക്കെ കണ്ടോട്ടേ ചേട്ടാ..

പല സ്ഥലങ്ങളിലും പോകുമ്പോള്‍ പലരും നിര്‍ബന്ധിക്കാറുണ്ട്, ഭക്ഷണം കഴിക്കാനും മറ്റും. ഇത്തരത്തില്‍ ഹുകയേ കുറിചറിയാൻ ഒരു കൗതുകം തോന്നി. പുകയില വിഭാഗത്തില്‍പ്പെടുന്നതല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം. കൂടാതെ പലരും അവിടേ ചെയ്യുന്നുണ്ടായിരുന്നു.

എന്നാല്‍ ചിലര്‍ക്ക് എന്റെ ജീവിത രീതിയാണ് പ്രശ്‌നം. ഞാന്‍ പട്ടിണി കിടക്കുന്നത് കണ്ടാലെ അവര്‍ക്കൊരു ആശ്വാസമുള്ളു. പിന്നെ മീന്‍ വില്പന അത്ര മോശം പണിയല്ലട്ടോ. അതിനൊരു തൊട്ടുകൂടായ്മയുമില്ല. എല്ലാ ജോലികള്‍ക്കും അതിന്റേതായ മഹത്വമുണ്ട്. പിന്നെ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ അവരുടെ അനുവാദം കൂടാതെ എടുക്കുന്നതും പ്രചരിപ്പിക്കുന്നതും നല്ല കാര്യമല്ല. ഇനിയും എന്റെ പിന്നാലെ ഒളിഞ്ഞ് നോക്കാന്‍ വന്നാല്‍ മീന്‍ വെള്ളം തന്നെ തലയില്‍കമിഴ്ത്തും.