വികലാംഗയായ യുവതിയ്ക്ക് വിമാനത്താവളത്തില്‍ അപമാനം, കൃത്രിമക്കാല് കാണാന്‍ ജീന്‍സ് അഴിപ്പിച്ചു

വികലാംഗയായ യുവതിയ്ക്ക് വിമാനത്താവളത്തില്‍ അപമാനം, കൃത്രിമക്കാല് കാണാന്‍ ജീന്‍സ് അഴിപ്പിച്ചു
February 02 23:34 2016 Print This Article

മുംബൈ: കൃത്രിമക്കാലുമായി ജീവിക്കുന്ന ഇരുപത്തിനാലുകാരിയെ മുംബൈ വിമാനത്താവളത്തില്‍ അപമാനിച്ചു. കൃത്രിമക്കാലാണ് ഉപയോഗിക്കുന്നതെന്ന് തെളിയിക്കാന്‍ വിമാനത്താവള അധികൃതര്‍ യുവതിയെ കൊണ്ട് ജീന്‍സ് അഴിപ്പിക്കുകയായിരുന്നു. തന്നോട് അപമര്യാദയായി പെരുമാറിയത് കാണിച്ച് യുവതി പരാതിപ്പെട്ടപ്പോള്‍ സുരക്ഷാ കാരണങ്ങളാലാണെന്നു കാട്ടി അപമര്യാദയായി പെരുമാറിയ ജീവനക്കാരെ രക്ഷിക്കാന്‍ സിഐഎസ്എഫിന്റെ ശ്രമം. മുംബൈ വിമാനത്താവളത്തില്‍ ജനുവരി മുപ്പതിനാണ് സംഭവം.
മുംബൈ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ട് അപ്പിന്റെ ഡയറക്ടറായ അന്താര തെലങ്കനോടാണ് വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറിയത്. മുംബൈയില്‍നിന്നു ജെറ്റ് എയര്‍വേസ് വിമാനത്തില്‍ ബെംഗളുരുവിലേക്കു പോകാന്‍ വന്നതായിരുന്നു അന്താര. സാധാരണ വിമാനത്താവളങ്ങളില്‍ ഇത്തരം അവസ്ഥകള്‍ പരിശോധിക്കാന്‍ സംവിധാനമുണ്ടെന്നും മുംബൈയില്‍ മാത്രം ഇതില്ലെന്നും പലതവണ താന്‍ ഇത്തരം അപമാനത്തിന് ഇരയായിട്ടുണ്ടെന്നും സംഭവത്തിന് ശേഷം അന്താര ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.

അന്തരയെ മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധന നടത്തിയപ്പോള്‍ കാലിന്റെ ഭാഗത്തുവച്ച് പ്രത്യേക ശബ്ദം പുറപ്പെടുവിച്ചിരുന്നു. ഇത് കൃത്രിമക്കാലിന്റെയാണെന്നും പതിനെട്ടാം വയസില്‍ ഒരു അപകടത്തില്‍ തനിക്കു കാല്‍ നഷ്ടപ്പെട്ടതാണെന്നും അതിനു ശേഷം കൃത്രിമക്കാലുമായാണ് ജീവിക്കുന്നതെന്നും സുരക്ഷാ ഉദ്യോഗസ്ഥരോടു പറഞ്ഞു. എങ്കിലും അത് കേള്‍ക്കാന്‍ കൂട്ടാക്കാതെ തൊട്ടടുത്ത മുറിയിലേക്കു കൊണ്ടുപോയി ജീന്‍സ് അഴിച്ച് അതു തെളിയിക്കാനാണ് അന്താരയോട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്.

താന്‍ സ്ഥിരമായി വിമാനയാത്ര ചെയ്യുന്നയാളാണെന്നും ബംഗളുരു വിമാനത്താവളത്തില്‍ എക്‌സ്‌പ്ലോസീവ് ട്രേസ് ഡിറ്റക്ടര്‍ ഉപയോഗിച്ചാണ് പരിശോധനയെന്നും എന്തുകൊണ്ട് അതു മുംബൈയില്‍ സ്ഥാപിച്ചിട്ടില്ലെന്ന ചോദ്യവും അന്താര ഉയര്‍ത്തുന്നുണ്ട്.

അതേസമയം, സംഭവം വിവാദമായതോടെ സുരക്ഷാകാരണങ്ങള്‍ പറഞ്ഞ് അധികൃതര്‍ ഉദ്യോഗസ്ഥനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്. മനപൂര്‍വം ചെയ്തതല്ലെന്നും സുരക്ഷാ കാരണങ്ങളാലാണ് അന്താരയോട് ജീന്‍സ് അഴിക്കാന്‍ ആവശ്യപ്പെട്ടതെന്നുമാണ് വിമാനത്താവളത്തിലെ സുരക്ഷാച്ചുമതലയുള്ള സിഐഎസ്എഫിന്റെ വിശദീകരണം നല്‍കുന്നത്.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles