ഡൽഹിയിൽ ഒരു വീട്ടിലെ 11 പേരുടെ മൃതദേഹങ്ങൾ കെട്ടിത്തൂങ്ങിയ നിലയിൽ; കൂട്ടമരണത്തിനു പിന്നിൽ ‘ദുർമന്ത്രവാദം,കഴുത്തു ഞെരിച്ചതിന്റെ അടയാളങ്ങൾ…

ഡൽഹിയിൽ ഒരു വീട്ടിലെ 11 പേരുടെ മൃതദേഹങ്ങൾ കെട്ടിത്തൂങ്ങിയ നിലയിൽ; കൂട്ടമരണത്തിനു പിന്നിൽ ‘ദുർമന്ത്രവാദം,കഴുത്തു ഞെരിച്ചതിന്റെ അടയാളങ്ങൾ…
July 02 03:44 2018 Print This Article

വടക്കൻ ഡൽഹിയിൽ ഒരു കുടുംബത്തിലെ 11 പേർ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ദുർമന്ത്രവാദത്തിന്റെ സാന്നിധ്യം സംശയിച്ചു പൊലീസ്. യാതൊരു പ്രശ്നങ്ങളുമില്ലാതെ സന്തോഷത്തോടെ ജീവിച്ചിരുന്ന ഭാട്ടിയ കുടുംബത്തിനു വന്നുചേർന്ന ദുരവസ്ഥയിൽ ഞെട്ടിത്തരിച്ചിരിക്കുകയാണു സമീപവാസികൾ. കുടുംബത്തിലെ എല്ലാവരും ആത്മഹത്യ ചെയ്യാൻ യാതൊരു സാഹചര്യവുമില്ലായിരുന്നെന്നും തലേന്നു രാത്രി വരെ സന്തോഷത്തോടെ കണ്ടതാണെന്നും അയൽക്കാർ

കുടുംബത്തിൽ ഒരു വിവാഹം നടക്കാനിരിക്കുകയായിരുന്നു. കൊല്ലപ്പെട്ട 11 പേരിൽ പത്തു പേരുടെയും മൃതദേഹം തൂങ്ങിയാടുന്ന നിലയിലായിരുന്നെന്ന് ദൃക്സാക്ഷി പറഞ്ഞു. ഒരാളുടെ മൃതദേഹം മാത്രമാണു നിലത്തു നിന്നു ലഭിച്ചത്. ഇതാകട്ടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിലായിരുന്നു. മരിച്ചവരുടെ കഴുത്തു ഞെരിച്ചതിന്റെ അടയാളങ്ങൾ കണ്ട സാഹചര്യത്തിലാണു കൊലപാതകത്തിനു പൊലീസ് കേസെടുത്തത്.

കഴിഞ്ഞ 22 വർഷമായി ഡൽഹിയിലെ ബുരാരി മേഖലയിൽ ജീവിക്കുന്നവരാണു ഭാട്ടിയ കുടുംബം. ഇവർക്ക് ഒരു പലചരക്കു കടയും പ്ലൈവുഡ് സ്റ്റോറുമുണ്ട്. കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമായ നാരായൺ ദേവി(77)യെയാണു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ഇവരുടെ മകൾ പ്രതിഭ (57), ആൺമക്കളായ ഭവ്നേഷ് (50), ലളിത് ഭാട്ടിയ (45), ഭവ്നേഷിന്റെ ഭാര്യ സവിത(48), ഇവരുടെ മൂന്നു മക്കളായ മീനു(23), നിധി(25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകൾ (ശിവം), പ്രതിഭയുടെ മകൾ പ്രിയങ്ക(33) എന്നിവരാണു കൊല്ലപ്പെട്ടത്.

പത്തു പേരുടെയും മൃതദേഹം വീടിന്റെ രണ്ടാം നിലയിൽ ഇരുമ്പുഗ്രില്ലിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു. മൃതദേഹങ്ങളുടെയെല്ലാം കണ്ണു കെട്ടിയിരുന്നു. വായിൽ ടേപ്പു വച്ച് ഒട്ടിച്ചിരുന്നു. ഇവയ്ക്കു സമീപത്തു നിന്ന് ഏതാനും കുറിപ്പുകളും ലഭിച്ചിട്ടുണ്ട്. ഇതിൽ എഴുതിയിരിക്കുന്നതു പ്രകാരണമാണു മൃതദേഹങ്ങൾ കെട്ടിത്തൂക്കിയിരിക്കുന്നത്. ചില പ്രത്യേകതരം എഴുത്തും മറ്റും ഇതിൽ കണ്ടതോടെയാണു സംശയം ദുർമന്ത്രവാദത്തിലേക്കു മാറിയതെന്നു പൊലീസ് പറഞ്ഞു.

പത്തു പേരെ കൊലപ്പെടുത്തിയ ശേഷം പതിനൊന്നാമത്തെയാൾ ആത്മഹത്യ ചെയ്തതാകാമെന്നാണു കരുതുന്നത്. ആരുടെയും സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടിട്ടില്ല. വീട്ടിലെ പണവും സുരക്ഷിതമാണ്. അപരിചിതരെ കണ്ടാൽ വീട്ടിലെ കാവൽ നായ കുരയ്ക്കുന്നതു പതിവാണ്. എന്നാൽ സംഭവം നടന്ന ശനിയാഴ്ച രാത്രി നായയുടെ കുര ആരും കേട്ടിരുന്നില്ലെന്നും അയൽവാസികൾ പറയുന്നു. ഇതും വീട്ടിനകത്തു തന്നെയുള്ളയാളാണു കൊലപാതകത്തിനു പിന്നിലെന്ന സംശയം ശക്തമാകാൻ ഇടയായി.

പ്രിയങ്കയുടെ വിവാഹ നിശ്ചയം കഴിഞ്ഞ മാസമാണു നടന്നത്. നവംബറിൽ വിവാഹം നടക്കാനിരിക്കുകയായിരുന്നു. കുടുംബം അതിന്റെ തിരക്കുകളിലായിരുന്നെന്നും അയൽക്കാർ പറയുന്നു. രാജസ്ഥാനിൽ നിന്നുള്ള ഭാട്ടിയ കുടുംബം 22 വർഷം മുൻപാണു ബുരാരിയിലെ സന്ത് നഗറിൽ എത്തിയത്. എല്ലാ ദിവസവും രാവിലെ ആറിനു തന്നെ പലചരക്കു കട തുറക്കും. രാത്രി തെരുവിലെ എല്ലാവരും ഉറങ്ങിക്കഴിഞ്ഞാൽ മാത്രമേ കട അടയ്ക്കാറുള്ളൂ. അത്യാവശ്യക്കാർക്കു വേണ്ടി എപ്പോള്‍ വേണമെങ്കിലും കട തുറക്കാനും തയാറായിരുന്നു. എന്നാൽ ‍ഞായറാഴ്ച രാവിലെ ഏഴരയായിട്ടും കട തുറക്കാതായതോടെയാണു അയൽവാസികൾക്കു സംശയം തോന്നിയത്. ഗേറ്റും വാതിലും തുറന്നിട്ട നിലയിലായിരുന്നു. അയൽക്കാരിലൊരാൾ രണ്ടാം നിലയിലേക്കു കയറിയപ്പോഴാണ് എല്ലാവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ പൊലീസിൽ അറിയിച്ചു.

സഹോദരങ്ങളായ ഭൂപീന്ദറും ലളിത് സിങ്ങും തമ്മിൽ ചെറിയൊരു വഴക്കു പോലും ഉണ്ടായിട്ടില്ല. തലേന്നു രാത്രി ഭൂപീന്ദറിനോടു സംസാരിച്ചിരുന്നവരും സമീപവാസികളിലുണ്ട്. അദ്ദേഹത്തിനു യാതൊരു വിധത്തിലുള്ള സങ്കടമുണ്ടെന്നു തോന്നിയില്ലെന്നും മറിച്ച് സന്തോഷവാനായിരുന്നെന്നും അയൽക്കാരിലൊരാൾ പറഞ്ഞു. കുടുംബത്തിനു സാമ്പത്തിക പ്രശ്നങ്ങളുമുണ്ടായിരുന്നില്ല. സ്കൂൾ ഫീസിന്റെ പേരിലും പ്രശ്നമുണ്ടായിട്ടില്ല.

പ്രദേശ വാസികളുമായി എല്ലാത്തരത്തിലും നല്ല രീതിയിലാണു ഭാട്ടിയ കുടുംബം ചേർന്നുപോയത്. വീട്ടിലെ കുട്ടികളാകട്ടെ ശനി രാത്രി 11 വരെ മുറ്റത്തു ക്രിക്കറ്റ് കളിക്കുന്നതും കണ്ടവരുണ്ട്. ഭവ്നേഷും അവർക്കൊപ്പമുണ്ടായിരുന്നു. പ്രിയങ്കയ്ക്കു ജോലിയിലും യാതൊരു പ്രശ്നങ്ങളുമുണ്ടായിരുന്നില്ല. ജൂൺ 17നായിരുന്നു നിശ്ചയം. വിവാഹം ഗംഭീരമായി നടത്താനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് അയൽക്കാരെ ഞെട്ടിച്ചു കൊണ്ടുള്ള കൊലപാതകം.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles