പുരാതന ജീവികളുടെ ശേഷിപ്പുകള്‍ വര്‍ഷങ്ങളോളം സൂക്ഷിച്ചുവെക്കുന്ന പ്രദേശമാണ് സൈബീരിയ. റഷ്യയുടെ വടക്കുകിഴക്ക് ഭാഗത്ത് നിന്ന് നിരവധി ജീവികളുടെ ശരീരാവശിഷ്ടങ്ങള്‍ ലഭ്യമായിട്ടുണ്ട്. ഇതില്‍ ഒടുവിലത്തേതാണ് ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് വംശനാശം സംഭവിച്ചെന്നു കരുതുന്ന കൂറ്റന്‍ ചെന്നായയുടെ തല.

40,000ത്തോളം വര്‍ഷം പഴക്കമുണ്ടെന്നാണ് നിഗമനം. ഇത്രയും വര്‍ഷം പിന്നിട്ടിട്ടും അഴുകാത്ത തല ഗവേഷണരംഗത്ത് അത്ഭുത കാഴചയാകുന്നു. രോമങ്ങള്‍ പോലും കൊഴിഞ്ഞു പോകാതെ അടുത്ത ദിവസങ്ങളില്‍ ചത്തു പോയ ഒരു ജീവിയുടെ ശരീരത്തിന്റെ അവസ്ഥയിലാണ് ഈ തല കണ്ടെത്തിയത്. സാധാരണ വേനല്‍ക്കാലത്ത് മഞ്ഞുരുക്കം ഉണ്ടാകുമ്പോഴാണ് സൈബീരിയയില്‍ ഇത്തരം ജീവികളുടെ ശരീരത്തിനു വേണ്ടി പര്യവേഷണം നടത്താറുള്ളത്.

മഞ്ഞുരുകി പല പാളികളും അടര്‍ന്നു പോരുമ്പോഴാണ് അവയ്ക്കിടയിലുള്ള പുരാതന ജീവികളുടെ ശരീരം പുറത്തു കാണുക. ഇതേ സമയത്തു തന്നെയാണ് ഭീമന്‍ ചെന്നായുടെ തലയും ലഭ്യമായത്. പ്രദേശവാസികളിലൊരാളാണ് ഈ തല കണ്ടെത്തിയതും പിന്നീട് ഗവേഷകര്‍ക്ക് കൈമാറിയതും. ശരീരത്തില്‍ നിന്ന് വെട്ടി മാറ്റപ്പെട്ട പോലെയാണ് ഈ തല കണ്ടെത്തിയത്. ഒരു കരടിയുടെ തലയുടെ വലുപ്പം ഈ ചെന്നായുടെ തലയ്ക്കുണ്ട്.

സൈബീരിയയിലെ യകൂതിയ മേഖഖലയിലെ നദിക്കരയില്‍ നിന്നാണ് ഈ തല ലഭിച്ചത്. മഞ്ഞുരുകിയ സമയത്ത് വെള്ളത്തിലൂടെ ഒഴുകി നദിയില്‍ പതിച്ചതാകാം ഇതെന്നാണ് കരുതുന്നത്. ആദ്യം കരടിയുടെ തലയെന്നാണു കരുതിയതെങ്കിലും വൈകാതെ ഇത് ഭീമന്‍ ചെന്നായുടെ തലയാണെന്നു ഗവേഷകര്‍ തിരിച്ചറിഞ്ഞു.