യുകെയിലെ ഏറ്റവും മോശം പ്രൈമറി സ്‌കൂളുകളിലൊന്നിനെ നാലു വര്‍ഷങ്ങളില്‍ അവാര്‍ഡിന് അര്‍ഹനാക്കി 31 കാരനായ ഹെഡ്ടീച്ചര്‍

യുകെയിലെ ഏറ്റവും മോശം പ്രൈമറി സ്‌കൂളുകളിലൊന്നിനെ നാലു വര്‍ഷങ്ങളില്‍ അവാര്‍ഡിന് അര്‍ഹനാക്കി 31 കാരനായ ഹെഡ്ടീച്ചര്‍
November 12 05:00 2018 Print This Article

രാജ്യത്ത് ഏറ്റവും മോശം എന്ന പേരുകേള്‍പ്പിച്ച പ്രൈമറി സ്‌കൂളുകളിലൊന്നിനെ നാലു വര്‍ഷം കൊണ്ട് അവാര്‍ഡിന് അര്‍ഹനാക്കി ചെറുപ്പക്കാരനായ ഹെഡ്ടീച്ചര്‍. 31 കാരനായ സാം കോയ് എന്ന ഹെഡ്ടീച്ചറാണ് ഈ ബഹുമതിക്ക് അര്‍ഹനായത്. 27-ാമത്തെ വയസിലാണ് സാം കോയ് ലിങ്കണ്‍ഷയറിലെ ഗെയിന്‍സ്ബറോയില്‍ പ്രവര്‍ത്തിക്കുന്ന ബെഞ്ചമിന്‍ ആഡ്‌ലാര്‍ഡ് സ്‌കൂളില്‍ ഹെഡ്ടീച്ചറായി ചുമതലയേല്‍ക്കുന്നത്. 210 കുട്ടികളായിരുന്നു സ്‌കൂളില്‍ ഉണ്ടായിരുന്നത്. ആദ്യത്തെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ടുതന്നെ സ്‌കൂളിന്റെ മോശം എന്ന ഓഫ്‌സ്റ്റെഡ് റേറ്റിംഗ് നല്ലത് എന്ന നിലയിലേക്ക് ഉയര്‍ത്താന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. ദേശീയതലത്തില്‍ നോക്കിയാല്‍ സ്‌കൂളിലെ ആറാം തരം വിദ്യാര്‍ത്ഥികള്‍ മറ്റു സ്‌കൂളുകളില്‍ പഠിക്കുന്ന അതേ ക്ലാസിലെ കുട്ടികളേക്കാള്‍ ചില വിഷയങ്ങളില്‍ 9 ടേമുകള്‍ക്ക് പിന്നിലായിരുന്നു.

ഈ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ വ്യത്യസ്ത മാര്‍ഗ്ഗങ്ങളാണ് കോയ് പരിഗണിച്ചത്. കുഴപ്പക്കാരായ വിദ്യാര്‍ത്ഥികളെ പുറത്താക്കുകയോ ക്ലാസുകളില്‍ കയറാന്‍ അനുവദിക്കാതിരിക്കുകയോ ആയിരുന്നില്ല കോയ് സ്വീകരിച്ച മാര്‍ഗ്ഗം. പകരം വികൃതികളായ കുട്ടികളെ സ്‌കൂളിന്റെ ഫോറസ്റ്റ് ഗാര്‍ഡനിലേക്ക് കളിക്കാന്‍ അയച്ചു. ഇവിടെ കളികള്‍ക്കൊപ്പം പച്ചക്കറിച്ചെടികള്‍ നടാനും കോഴികളെ നോക്കാനും ഇവരെ നിയോഗിച്ചു. ഇവരില്‍ മിടുക്കന്‍മാരെയും മിടുക്കികളെയും കണ്ടെത്താന്‍ ചില ഇന്‍സെന്റീവുകളും നല്‍കി. അതനുസരിച്ച് കുട്ടികളില്‍ ഒരാള്‍ക്ക് ഓരോ ദിവസവും മറ്റുള്ളവരുടെ നേതൃത്വം നല്‍കി. ഇത്തരം പ്രവൃത്തികളിലൂടെ കുട്ടികളെ നല്ല മാര്‍ഗ്ഗത്തിലേക്ക് നയിക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചു.

ലിങ്കണില്‍ സാധാരണക്കാരായ കുട്ടികള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു പരിചയമുള്ള കോയ് പക്ഷേ ഈ നേട്ടത്തിന്റെ ക്രെഡിറ്റ് സ്വന്തമാണെന്ന് അവകാശപ്പെടുന്നില്ല. കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഇതെന്നാണ് അദ്ദേഹം പറഞ്ഞത്. സാം കോയ് നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമായി സ്‌കൂളിന് ഇത്തവണത്തെ പിയേഴ്‌സണ്‍ നാഷണല്‍ അവാര്‍ഡ് ലഭിച്ചു. സ്‌കൂള്‍ ഓഫ് ദി ഇയര്‍: മേക്കിംഗ് ഡിഫറന്‍സ് അവാര്‍ഡാണ് ലഭിച്ചത്. ഇതു കൂടാതെ സ്‌കൂളിലെ പത്തില്‍ ഏഴ് കുട്ടികള്‍ റീഡിംഗ്, റൈറ്റിംഗ്, കണക്ക് എന്നിവയിലെ ശരാശരിയില്‍ എത്തുകയും ചെയ്തു.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles