വിദേശത്ത് ഹോളിഡേ ആഘോഷിക്കാന്‍ സ്‌കൂളിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച ഹെഡ്ടീച്ചര്‍ക്ക് അധ്യാപനത്തില്‍ നിന്ന് വിലക്കേര്‍പ്പെടുത്തി. നോര്‍ത്ത് യോര്‍ക്ക്ഷയറിലെ തോറാബിയില്‍ പ്രവര്‍ത്തിക്കുന്ന ബെയ്ഡര്‍ പ്രൈമറി സ്‌കൂളിലെ ഹെഡ്ടീച്ചറായിരുന്ന സൈമണ്‍ ഫീസിക്കാണ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് അനിശ്ചിതകാലത്തേക്ക് അധ്യാപന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ന്യൂസിലാന്‍ഡ്, വാഷിംഗ്ടണ്‍ ഡിസി, ആംസ്റ്റര്‍ഡാം തുടങ്ങിയ സ്ഥലങ്ങളിലേക്ക് കുടുംബവുമൊത്ത് വിനോദസഞ്ചാരം നടത്താനാണ് ഫീസി സ്‌കൂള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചത്. കുടുംബവുമൊത്ത് ലോകംചുറ്റുന്നതിനായി സ്‌കൂളിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിലൂടെ ധാര്‍മ്മികതയില്ലാത്ത പ്രവൃത്തിയാണ് ഫീസി ചെയ്തതെന്ന് ടീസൈഡ് ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തേ ജോലി ചെയ്ത സ്ഥലങ്ങളില്‍ നിന്നും മോഷണക്കുറ്റത്തിന് പുറത്താക്കപ്പെടുകയും അക്രമ സ്വഭാവമുള്ളതുമായ ഒരാളെ ബെയ്ഡര്‍ പബ്ലിക് സ്‌കൂളില്‍ ഫീസി ജോലിക്ക് നിയമിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഫീസി സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്. പിന്നീട് ജൂലൈയില്‍ ഇയാള്‍ ജോലിയില്‍ നിന്ന് രാജിവെച്ചു. എന്നാല്‍ ഇതിന്റെ കാരണങ്ങള്‍ ദുരൂഹമായി തുടരുകയായിരുന്നു. നാഷണല്‍ കോളേജ് ഫോര്‍ ടീച്ചിംഗ് ആന്‍ഡ് ലീഡര്‍ഷിപ്പ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ നടത്തിയ ക്രമക്കേടുകള്‍ പിടികൂടിയത്. 2015 ഒക്ടോബറില്‍ ഇയാള്‍ നടത്തിയ നിയമനം യാതൊരു സുരക്ഷാ പരിഗണനകളും ഇല്ലാതെയായിരുന്നുവെന്നും നിയമിക്കപ്പെട്ടയാളെക്കുറിച്ച് അന്വേഷണങ്ങള്‍ നടത്തിയിരുന്നില്ലെന്നും വ്യക്തമായി. ഡിബിഎസ് പരിശോധന നടത്തണമെന്ന് ഫീസിക്ക് നിര്‍ദേശം ലഭിച്ചിരുന്നെങ്കിലും അത് നടത്തിയില്ല. ഡിബിഎസ് ഫലം ലഭ്യമായിട്ടും നിയമിക്കപ്പെട്ടയാള്‍ മാസങ്ങളോളം സ്ഥാനത്ത് തുടര്‍ന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായി.

ഫീസി വരുത്തിയ വീഴ്ചകള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിധത്തിലായിരുന്നുവെന്നാണ് വിലയിരുത്തലുണ്ടായത്. ക്രെഡിറ്റ് കാര്‍ഡ് ദുരുപയോഗം കൂടാതെ സ്‌കൂള്‍ ട്രിപ്പുകള്‍ക്ക് മുമ്പായി ഭാര്യക്കും രണ്ടു കുട്ടികള്‍ക്കുമൊപ്പം ചിലയിടങ്ങളില്‍ ഇയാള്‍ സന്ദര്‍ശനം നടത്തിയതിനും തെളിവുകള്‍ ലഭിച്ചു. 2014 ജൂലൈയില്‍ 1900 പൗണ്ടോളമാണ് ഇയാള്‍ സ്‌കൂള്‍ ഫണ്ടില്‍ നിന്നും കുടുംബ ട്രിപ്പിനായി ഉപയോഗിച്ചത്. 2014 സെപ്റ്റംബറില്‍ ആംസ്റ്റര്‍ഡാമിലേക്കുള്ള സ്‌കൂള്‍ ട്രിപ്പിനു മുന്നോടിയായി രണ്ട് അധ്യാപകര്‍ റിസ്‌ക് അസസ്‌മെന്റ് യാത്ര നടത്തിയിരുന്നു. എന്നാല്‍ ഒരാഴ്ചക്കു ശേഷം ഇതേ പേരില്‍ ഫീസിയും കുടുംബവും ആംസ്റ്റര്‍ഡാമിലേക്ക് പോയിരുന്നുവെന്നും വ്യക്തമായി.